ഇറാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുന്നുവെന്ന് തത്സമയ മെട്രിക്‌സുകൾ കാണിക്കുന്നതായി ഓൺലൈൻ നിരീക്ഷണ സംവിധാനമായ നെറ്റ്‌ബോക്‌സ് റിപ്പോർട്ട് ചെയ്തു. അതേസമയം, അന്താരാഷ്ട്ര ടെലിഫോൺ ലൈനുകളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.
നാടുകടത്തപ്പെട്ട രാജകുമാരനും പ്രതിപക്ഷ നേതാവുമായ റെസ പഹ്ലവി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഇന്റർനെറ്റ് വിച്ഛേദിച്ചത്. ''ദശലക്ഷക്കണക്കിന് ഇറാനികൾ ഇന്ന് രാത്രി അവരുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുവെന്നും സ്വതന്ത്ര ലോകത്തിന്റെ നേതാവായ ഡൊണാൾ ട്രംപിന്, ഇറാനിയൻ ഭരണകൂടത്തെ കണക്കുബോധിപ്പിക്കുമെന്ന വാഗ്ദാനം ആവർത്തിച്ചതിന് നന്ദി പറഞ്ഞുവെന്നും'' അദ്ദേഹം പറഞ്ഞു.
advertisement
സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ നേതൃത്വത്തിനെതിരായ അതൃപ്തിയും പ്രതിഷേധമായി വളർന്നു
റിയാലിന്റെ നിലവാരം റെക്കോഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതോടെ ഡിസംബർ 28നാണ് നിലവിലെ പ്രതിഷേധ പ്രകടനം ആരംഭിച്ചത്. ഇത് വിപണികളെയും ഉപജീവനമാർഗങ്ങളെയും തടസ്സപ്പെടുത്തി.
ടെഹ്‌റാൻ ബസാർ അടച്ചുപൂട്ടിയതോടെ പ്രതിഷേധം ആരംഭിച്ചു. ടെഹ്‌റാൻ, ഇസ്ഫഹാൻ, അബാദാൻ, ഖോറമാബാദ്, കെർമൻഷാ, ലോറെസ്ഥാൻ തുടങ്ങിയ നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചതായും എഎഫ്പി റിപ്പോർട്ട് ചെയ്തു.
ഇറാന്റെ വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതി, വർധിച്ചുവരുന്ന പണപ്പെരുപ്പം, കുറഞ്ഞു വരുന്ന വാങ്ങൽ ശേഷി എന്നിവയിൽ പ്രതിഷേധക്കാർ നിരാശ പ്രകടിപ്പിച്ചു. എന്നാൽ പതിയെ പ്രതിഷേധങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ മാനം കൈവരിച്ചു. ഭരണത്തിലുള്ള നേതാക്കൾക്കെതിരേ മുദ്രാവാക്യങ്ങൾ മുഴങ്ങിയതായും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
പ്രതിഷേധങ്ങൾ രൂക്ഷമായതോടെ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്ഫഹാനിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (IRGC) ബന്ധപ്പെട്ട ഒരു കെട്ടിടത്തിന് തീയിട്ടതായി ഇറാൻ ഇന്റർനാഷണൽ ഇംഗ്ലീഷ് റിപ്പോർട്ട് ചെയ്തു.
ടെഹ്റാനിൽ, പ്രതിഷേധക്കാർ സുരക്ഷാ സേനയെ ആക്രമിക്കുകയും അവരുടെ വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. അക്രമങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
പ്രതിഷേധങ്ങൾ ആരംഭിച്ചതിന് ശേഷം 42 പേർ മരിച്ചതായും 2270ലധികം പേരെ അറസ്റ്റു ചെയ്തതായും ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസിയും ഇറാൻ ഹ്യൂമൻ റൈറ്റ്‌സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇറാനിയൻ സ്‌റ്റേറ്റ് മീഡിയയും ഔദ്യോഗിക സ്രോതസ്സുകളും കണക്കുകൾ കുറച്ചാണ് കാണിച്ചിരിക്കുന്നത്.
ചഹാർമഹാലിലെയും ബക്തിയാരി പ്രവിശ്യയിലെയും ലോർഡെഗനിൽ നടന്ന വെടിവയ്പ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.
ടെഹ്റാനു പുറത്ത് ഒരു പോലീസ് കേണലിനെ മാരകമായി കുത്തിക്കൊലപ്പെടുത്തിയതായി മിസാൻ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. കെർമൻഷായിൽ തങ്ങളുടെ രണ്ട് അംഗങ്ങളുടെ മരണം റെവല്യൂഷണറി ഗാർഡ് സ്ഥിരീകരിച്ചു.
പ്രതിഷേധം തുടരാൻ ആഹ്വാനം ചെയ്ത് റെസ പഹ്‌ലവി
ഭരണകൂടത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിന് പ്രകടനക്കാരെ പ്രശംസിച്ചുകൊണ്ട് പഹ്‌ലവി രാജ്യത്തെ അഭിസംബോധന ചെയ്തു.
ഇറാനിലെ യുവാക്കളെ 'വിജയത്തിനായുള്ള തലമുറ' എന്ന് വിശേഷിപ്പിച്ച അദ്ദേഹം അവരെ പ്രസ്ഥാനത്തിന്റെ കേന്ദ്ര ബിന്ദുവായി തിരഞ്ഞെടുത്തു. 'അച്ചടക്കവും ഐക്യദാർഢ്യവും നിലനിർത്തുക. വിജയം നിങ്ങളുടേതാണ്,' പഹ്ലവി പറഞ്ഞു. തെരുവുകൾ പിടിച്ചെടുക്കൽ, അടിച്ചമർത്തൽ തടയാൻ ബാരിക്കേഡുകൾ സ്ഥാപിക്കൽ എന്നിവയുൾപ്പെടെയുള്ള സംഘടിത പ്രവർത്തനങ്ങൾ തുടരാൻ അദ്ദേഹം പ്രകടനക്കാരോട് അഭ്യർത്ഥിച്ചുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ആളുകളെ കൊലപ്പെടുത്തിയാൽ യുഎസ് കനത്ത പ്രഹരം ഏൽപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. സമാധാനപരമായ പ്രതിഷേധങ്ങളിൽ ഏർപ്പെടുന്ന ഇറാനിലെ പൗരന്മാർക്കൊപ്പം യുഎസ് നിലകൊള്ളുന്നതായി വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു.
ശത്രുക്കൾ പ്രേരിപ്പിക്കുകയോ വാടകയ്‌ക്കെടുക്കുകയോ ചെയ്ത ഒരു കൂട്ടം ആളുകൾ വ്യാപാരികളുടെയും കടയുടമകളുടെയും പിന്നിൽ നിന്ന് ഇസ്ലാം, ഇറാൻ, ഇസ്ലാമിക് റിപ്പബ്ലിക്ക് എന്നിവയ്‌ക്കെതിരേ മുദ്രാവാക്യം വിളിക്കുകയാണെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമേനി പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
