''ക്രിമിനൽ സയണിസ്റ്റ് ഭരണകൂടം ഞങ്ങളുടെ അതിഥിയെ ഞങ്ങളുടെ മണ്ണില്‍ വെച്ച് കൊലപ്പെടുത്തി. ഈ നടപടി ശക്തമായ പ്രതികാരത്തിന് കളമൊരുക്കിയിരിക്കുകയാണ്,'' ഖൊമേനി എക്‌സില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. ഇറാനില്‍ വെച്ച് ഹമാസ് നേതാവിനെ ഒരു ഭീരുവിനെ പോലെ കൊലപ്പെടുത്തിയ ഇസ്രായേല്‍ തങ്ങളുടെ നടപടിയോര്‍ത്ത് ഇനി ഖേദിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞിരുന്നു. ഹനിയ്യയെ ധീരനായ നേതാവ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
പെസെഷ്‌കിയന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഹനിയ്യയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് വ്യക്തമാക്കി ഖൊമേനി രംഗത്തെത്തിയത്. ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവന്‍ ആയിരുന്നു ഇസ്മായില്‍ ഹനിയ്യ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്‌റാനിലെത്തിയതായിരുന്നു ഇസ്മായില്‍ ഹനിയ്യ. ചൊവ്വാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുമായും ഹനിച്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
advertisement
ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഖത്തറില്‍ താമസിച്ചാണ് ഹനിയ്യ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. 2006ല്‍ പലസ്തീന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1989ല്‍ ഇസ്രായേല്‍ ഹനിയ്യയെ ജയിലിലടച്ചിരുന്നുവെങ്കിലും മൂന്ന് വര്‍ഷത്തിന് ശേഷം മോചിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് ഹനിയ്യ താമസിച്ച വീടിനുനേരെ ആക്രമണം നടന്നതെന്ന് ഇറാന്‍ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.