പരിഷ്‌കരിച്ച നിയമത്തിലെ ആര്‍ട്ടിക്കിള്‍ 60 പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയോ, ചാട്ടവാറടിയോ ജയില്‍ ശിക്ഷയോ ലഭിക്കുമെന്നാണ് പറയുന്നത്. കുറ്റം വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുമെന്നും നിയമത്തില്‍ പറയുന്നു. ഇത്തരം ആശയങ്ങള്‍ വിദേശമാധ്യമങ്ങളിലും സംഘടനകളിലും പ്രചരിപ്പിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കും. നിയമം ലംഘിക്കുന്ന സ്ത്രീകളുടെ അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നവര്‍ക്കും തടവോ പിഴശിക്ഷയോ ഏര്‍പ്പെടുത്തുമെന്നും നിയമത്തില്‍ പരാമര്‍ശിക്കുന്നുവെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
advertisement
സ്ത്രീകള്‍ പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്ന രാജ്യമാണ് ഇറാന്‍.
2022ല്‍ ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിലെ മതകാര്യ പോലീസ് പിടികൂടിയ മഹ്‌സ അമിനി എന്ന 22കാരി കസ്റ്റഡിയില്‍ വെച്ച് മരിച്ചതിന് പിന്നാലെ രാജ്യത്ത് സംഘര്‍ഷം രൂക്ഷമായിരുന്നു.
പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍ നിന്ന് തലസ്ഥാനമായ ടെഹ്റാനിലേക്ക് എത്തിയതായിരുന്നു മഹ്സ അമിനി. തലമുടി കൃത്യമായി മറച്ചില്ലെന്നാരോപിച്ചായിരുന്നു മഹ്സ അമിനിയെ സദാചാര പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ തടങ്കലിലായിരുന്ന അമിനിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. മൂന്ന് ദിവസം കോമയിലായിരുന്ന യുവതി പിന്നീട് മരിച്ചു. 2022 സെപ്റ്റംബര്‍ 16നാണ് മഹ്‌സ അമിനി മരിച്ചത്.
മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ പ്രതിഷേധം ആളിക്കത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരടക്കം നൂറുകണക്കിന് പേരാണ് പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പ്രതിഷേധക്കാരെ പോലീസ് തടവിലാക്കുകയും ചെയ്തു.
അതേസമയം ഇറാനിലെ പുതിയ ഹിജാബ് നിയമത്തെ വിമര്‍ശിച്ച് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലും രംഗത്തെത്തി. സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന നിയമമാണിതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു.
ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്നവരെ ചികിത്സിക്കാന്‍ രാജ്യത്തുടനീളം ക്ലിനിക് തുറക്കുമെന്നും ഇറാന്‍ മുമ്പ് പറഞ്ഞിരുന്നു. ഹിജാബ് ധരിക്കാത്തവരെ ചികിത്സിക്കാനുള്ള ക്ലിനിക് പ്രഖ്യാപനത്തിനെതിരെ നിരവധി പേര്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്തു.