പ്രതിദിനം ലക്ഷകണക്കിന് ആളുകളാണ് ഇന്ത്യന്‍ റെയില്‍വേയില്‍ യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ സുരക്ഷിതവും ക്രമീകൃതവുമായ യാത്രാസൗകര്യമൊരുക്കാന്‍ നിയമങ്ങള്‍ അത്യാവശ്യമാണ്. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പ്രധാനമാണ്.
ഇന്ത്യന്‍ ട്രെയിനുകളിലെ പ്രധാന കാഴ്ച്ചകളിലൊന്ന് ചായയും കാപ്പിയും കുപ്പിവെള്ളവും ചെറുകടികളുമൊക്കെ വില്‍ക്കുന്ന കച്ചവടക്കാരാണ്. സാധാരണയായി ഇവര്‍ ട്രെയിനുകളില്‍ ദിവസം മുഴുവനും നടന്നാണ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. ചായ, കാപ്പി, പരിപ്പുവട, പഴംപൊരി എന്നൊക്കെ അവര്‍ താളത്തില്‍ വിളിച്ചുപറയുന്നത് കേള്‍ക്കാനും രസമാണ്. എന്നാല്‍, എല്ലാവരും ഉറങ്ങുന്ന സമയത്ത് ട്രെയിനില്‍ ഒരാള്‍ ചായ വില്‍ക്കാനിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ.
advertisement
ഉറങ്ങുന്ന സമയത്ത് ചായ, കാപ്പി എന്നൊക്കെ വിളിച്ചുകൂവുന്നത് കേള്‍ക്കാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാകണമെന്നില്ല. മാത്രമല്ല ഉറക്കം കളഞ്ഞതിന് ഇയാളോട് ദേഷ്യം തോന്നാനും സാധ്യതയുണ്ട്. ട്രെയിന്‍ യാത്രക്കിടെ ഒരു യാത്രക്കാരനുണ്ടായ ഇത്തരമൊരു അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്.
പ്രയാഗ്‌രാജില്‍ നിന്നും ഗാസിപൂര്‍ സിറ്റിയിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ നമ്പര്‍ 12669 ഗംഗാ-കാവേരി എക്‌സ്പ്രസിലാണ് സംഭവം നടക്കുന്നത്. ചെന്നൈയില്‍ നിന്നും ബീഹാറിലെ ഛപ്രയിലേക്ക് പോകുകയായിരുന്ന യാത്രക്കാരനാണ് ട്രെയിനില്‍ ദുരനുഭവം നേരിട്ടത്. തേര്‍ഡ് എസി കോച്ചിലാണ് ഇദ്ദേഹം യാത്ര ചെയ്തിരുന്നത്. പുലര്‍ച്ചെ മൂന്ന് മണിക്ക് കോച്ചില്‍ ചായ വില്‍പ്പനക്കാരന്‍ ഉറക്കെ 'ചാ ഖബെന്‍, ചാ ഖബെന്‍' എന്ന് വിളിച്ചുപറഞ്ഞത് കേട്ട് യാത്രക്കാരന്‍ ഞെട്ടിയുണര്‍ന്നു.
തന്റെ ഉറക്കം നഷ്ടപ്പെടുത്തിയതില്‍ പ്രകോപിതനായ യാത്രക്കാരന്‍ ചായ വില്‍പ്പനക്കാരനെ ശാസിക്കുകയും അയാള്‍ ഐആര്‍സിടിസിയില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. എന്നാല്‍, തന്റെ പ്രവൃത്തി തുടര്‍ന്ന വില്‍പ്പനക്കാരന്‍ അയാള്‍ രജിസ്റ്റേര്‍ഡ് അധികാരമുള്ളയാളാണെന്ന് യാത്രക്കാരനെ ധരിപ്പിച്ചു. ഇവര്‍ തമ്മിലുള്ള സംസാരങ്ങള്‍ പകര്‍ത്തിയ 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതോടെ ഈ സംഭവം ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റി.
@prashantrai2011 എന്ന എക്കൗണ്ടില്‍ നിന്നാണ് യാത്രക്കാരന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ പിഎന്‍ആറും എക്‌സില്‍ പങ്കുവെച്ചു. ഉറങ്ങുന്ന സമയത്ത് എസി കോച്ചുകളില്‍ ചായ വില്‍ക്കുന്നവരെ കുറിച്ചുള്ള ആശങ്കയും അദ്ദേഹം പോസ്റ്റില്‍ പങ്കുവെച്ചു. യാത്രക്കാരുടെ വിശ്രമ സമയത്തില്‍ വിട്ടുവീഴ്ച ചെയ്തതിന് ഇന്ത്യന്‍ റെയില്‍വേയെ അദ്ദേഹം വിമര്‍ശിച്ചു. ഈ വിഷയത്തില്‍ അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
യാത്രക്കാരന്റെ പരാതി 'റെയില്‍മദദ്' പ്ലാറ്റ്‌ഫോം വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഐആര്‍സിടിസി സ്ഥിരീകരിച്ചു. പരാതിക്കാരന് എസ്എംഎസ് വഴി ഒരു ട്രാക്കിംഗ് നമ്പര്‍ ലഭിച്ചിട്ടുണ്ടെന്നും ഐആര്‍സിടിസി സ്ഥിരീകരിച്ചു. വിഷയം പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐആര്‍സിടിസി ഉറപ്പുനല്‍കി. ഗാര്‍ഡിന്റെ കോച്ചില്‍ ചായ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട സമാനമായ പരാതികള്‍ മുമ്പ് ലഭിച്ചിരുന്നു. ഇതില്‍ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ മികച്ച യാത്രാനുഭവം ഉറപ്പാക്കാന്‍ ഈ കേസ് പരിഹരിക്കപ്പെടുമെന്നാണ് യാത്രക്കാരും ഉദ്യോഗസ്ഥരും പ്രതീക്ഷിക്കുന്നത്.