ആക്രമത്തിനിടെ രണ്ടുകുട്ടികളുടെ അമ്മയായ ഗാല്‍ അബ്ദുഷ് നേരിടേണ്ടി വന്ന ഹൃദയഭേദകമായ അനുഭവങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിവരിക്കുന്നു. ഇവരുടെ അവസാനനിമിഷങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു. അര്‍ധനഗ്നയായ നിലയില്‍ റോഡിലായിരുന്നു അവരെ കണ്ടെത്തിയത്. തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം അവരുടെ മുഖം കത്തിച്ച് വികൃതമാക്കിയിരുന്നു. ഇവര്‍ ബലാത്സംഗത്തിന് ഇരയായിരുന്നുവെന്ന് ഇസ്രായേലി പോലീസ് ഉദ്യോഗസ്ഥര്‍ കരുതുന്നു.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ
ഇസ്രായേലികളായ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കുകയോ ശാരീരികമായി വികൃതമാക്കുകയോ ചെയ്തുവെന്ന് കരുതുന്ന കുറഞ്ഞത് ഏഴു കേസുകളെങ്കിലും അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. സാക്ഷിമൊഴികള്‍, വീഡിയോ ദൃശ്യങ്ങള്‍, ഫോട്ടോകള്‍, ജിപിഎസ് വിവരങ്ങള്‍ എന്നിവയെല്ലാം വിരല്‍ ചൂണ്ടുന്നത് ഹമാസ് ലിംഗാധിഷ്ഠിതമായി ആക്രമണം നടത്തിയെന്നതിലേക്കാണ്. ബലാത്സംഗം, അംഗഭംഗം, സ്ത്രീകള്‍ക്കെതിരായ ക്രൂരത എന്നിവയുടെ ഭയാനകമായ ദൃശ്യങ്ങളാണ് സാക്ഷികളും വിവരിക്കുന്നത്.
advertisement
സാക്ഷ്യപ്പെടുത്തലും തെളിവുകളും
അതിക്രമങ്ങളെ അതിജീവിച്ച 24 വയസ്സുള്ള അക്കൗണ്ടന്റായ സാപിര്‍, റേവ് പാര്‍ട്ടിയില്‍ പങ്കെടുത്ത ഇസ്രയേലി യുവതി റാസ് കോഹെന്‍ എന്നിവരുടെ സാക്ഷിമൊഴികള്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. ഇത് കൂടാതെ, ഒന്നിലധികം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതിന്റെ ഗ്രാഫിക്‌സ് വിവരങ്ങളും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്.
ലൈംഗിക പീഡനം നടന്നതിന്റെ സൂചനകള്‍ മൃതദേഹങ്ങള്‍ കണ്ടെടുത്ത വിവിധ ഇടങ്ങളില്‍ നിന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യല്‍മാരും സൈനികരും നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന ഹീനമായ കുറ്റകൃത്യങ്ങളെ സാധൂകരിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവരുന്നുണ്ട്. ഹമാസ് വളഞ്ഞ കിബ്ബുത്സില്‍ നിന്ന് കണ്ടെത്തിയ ഒരു സ്ത്രീയുടെ മൃതദേഹത്തിൽ തുടകളിലും മറ്റും നഖങ്ങള്‍ ആഴ്ന്നിറങ്ങിയതിന്റെ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്.
വെല്ലുവിളികള്‍
ആക്രമണത്തെതുടര്‍ന്ന് വലിയതോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതിനാല്‍ അന്വേഷണത്തിന് ഇസ്രായേല്‍ അധികൃതർ വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഫോറന്‍സിക് തെളിവുകളുടെ കുറവും മൃതദേഹങ്ങള്‍ വേഗത്തില്‍ മറവ് ചെയ്തതും ക്രൂരകൃത്യങ്ങളുടെ തോത് മനസ്സിലാക്കുന്നതിന് തടസ്സമാകുന്നുണ്ട്. എന്നാല്‍, പുതിയതായി ലഭ്യമാകുന്ന തെളിവുകളും കണ്ടെത്തിയ വീഡിയോകളും സ്ത്രീകള്‍ക്കുനേരെ നടന്ന ക്രൂരകൃത്യങ്ങളാണ് വ്യക്തമാക്കുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുഎന്‍ വനിതകള്‍ എന്നിവർ ആരോപണങ്ങള്‍ അംഗീകരിക്കുന്നതിന് എടുക്കുന്ന കാലതാമസത്തില്‍ ഇസ്രായേലില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കടുത്ത രോക്ഷം പ്രകടിപ്പിക്കുന്നുണ്ട്.