സാധാരണയായി പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ യുഎസിൽ ആഘോഷമായാണ് നടക്കുക. എന്നാൽ ഇത്തവണ വെറും 1000 പേർ മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. അക്രമങ്ങൾ നടക്കുമെന്ന ഭീഷണിയുള്ളതിനാൽ മുൻപെങ്ങുമില്ലാത്ത സുരക്ഷയിലാണ് തലസ്ഥാനം. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അധികാരക്കൈമാറ്റത്തിന് എത്തില്ല എന്നതും ഈ വർഷത്തെ പ്രത്യേകതയാണ്. അവസാനംവരെയും പരാജയം സമ്മതിക്കാതിരുന്ന ഡൊണാൾഡ് ട്രംപ് ഇന്ന് അതിരാവിലെ വൈറ്റ്‌ഹൗസ് വിടുമെന്നാണ് വിവരം. സ്ഥാനമൊഴിയുന്ന പ്രസിഡന്റും മുൻ പ്രസിഡന്റുമാരും സത്യപ്രതിജ്ഞയ്ക്ക് എത്തുകയാണ് പതിവ്.
advertisement
ഭരണത്തുടർച്ച ലഭിക്കാത്തതിൽ ക്ഷുഭിതനും നിരാശനുമായ ഡൊണാൾഡ് ട്രംപ് ഈ ഔപചാരികതകൾക്കൊന്നും നിൽക്കാതെ ഫ്ലോറിഡ പാം ബീച്ചിലുള്ള സ്വന്തം ക്ലബ്ബിലേക്ക് പോകുമെന്നാണ് വിവരം. മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൻ എന്നിവർ കുടുംബസമേതം ചടങ്ങിനെത്തും.
ചടങ്ങുകൾ ഇങ്ങനെ
- 1000 അതിഥികൾ മാത്രം
- വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ സത്യപ്രതിജ്ഞയാണ് ആദ്യം. ലാറ്റിനോ വംശജയായ സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടൊമേയർ സത്യവാചകം ചൊല്ലിക്കൊടുക്കുമെന്നാണ് വിവരം.
- സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബട്‌സ് ജോ ബൈഡന് സത്യവാചകം ചൊല്ലിക്കൊടുക്കും.
- ബൈഡൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.
- പുതിയ പ്രസിഡന്റ് കാപ്പിറ്റോളിന്റെ കിഴക്കേനടയിലെത്തി സൈന്യത്തെ അഭിവാദ്യം ചെയ്യും.
- പ്രസിഡന്റും വൈസ് പ്രസിഡന്റും ചടങ്ങിനെത്തിയ മുൻ പ്രസിഡന്റുമാരും ഭാര്യമാരും ആർലിങ്ടൺ ദേശീയ സെമിത്തേരിയിലെത്തി രക്തസാക്ഷികളായ, അറിയപ്പെടാത്ത സൈനികരുടെ ശവകുടീരത്തിൽ പുഷ്പചക്രമർപ്പിക്കും.
- സൈനിക അകമ്പടിയോടെ പ്രസിഡന്റ് വൈറ്റ്ഹൗസിലേക്ക്.
- പ്രസിഡന്റും പ്രഥമവനിതയും പങ്കെടുക്കുന്ന നൃത്തവിരുന്ന് ഇത്തവണയില്ല.
- ഹോളിവുഡ് നടൻ ടോം ഹാങ്ക്‌സ് അവതാരകനാകുന്ന ‘സെലിബ്രേറ്റിങ് അമേരിക്ക’ എന്ന 90 മിനിറ്റ് പ്രത്യേക ടി.വി. പരിപാടിയുണ്ടാവും.
- പ്രസിഡന്റും വൈസ് പ്രസിഡന്റും ഈ പരിപാടിയിൽ സംസാരിക്കും.
- പോപ് താരം ലേഡി ഗാഗ ദേശീയഗാനം ആലപിക്കും. ജെന്നിഫർ ലോപ്പസ്, ഗാർത് ബ്രൂക്‌സ് എന്നിവരും സെലിബ്രേറ്റിങ് അമേരിക്ക പരിപാടിയിലെത്തും.