അമേരിക്ക ഇന്നുവരെ കണ്ടിട്ടില്ലാത്ത അതിനാടകീയമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവിൽ പ്രസിഡന്റ് പദവിയിലെത്തിയ ഡെമോക്രാറ്റ് നേതാവാണ്
ജോസഫ് റോബിനെറ്റ് ബൈഡന്‍ ജൂനിയര്‍ എന്ന ജോ ബൈഡൻ. തെരഞ്ഞെടുപ്പ് പോരാട്ടത്തിലെന്ന പോലെ ബൈഡന്റെ രാഷ്ട്രീയ- സ്വകാര്യ ജീവിതവും പോരാട്ടങ്ങളുടെതും വെല്ലുവിളികളുടേതുമായിരുന്നു. വെറും ഒറ്റദിവസം കൊണ്ടല്ല, കാലങ്ങൾ നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിനൊടുവിലാണ് ബൈഡൻ അമേരിക്കൻ പ്രസിഡന്റെ കസേരയിൽ എത്തുന്നത്.
ജന്മനാടായ ഡെലവെയറിലെ പ്രചാരണ യോഗത്തിൽ പോലും താൻ വിജയിക്കുമെന്ന് പ്രഖ്യാപിക്കാൻ തയാറല്ലെന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇലക്ടറൽ കോളജ് വോട്ടിംഗ് രീതിയിൽ ഡൊണാൾഡ്
ട്രംപിനെ തോൽപ്പിക്കാൻ മതിയായ വോട്ടുകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
1942 നവംബര്‍ 20-നാണ് ബൈഡന്റെ ജനനം. അതുപോലൊരു നവംബറിലാണ് അദ്ദേഹം വൈറ്റ് ഹൗസിലേക്ക് പ്രഥമ പൗരനായി എത്തുന്നതും. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ബൈഡൻ 1973 മുതല്‍ 2009 വരെ ഡെലവെയറിൽ നിന്നുള്ള സെനറ്ററായിരുന്നു. 2009 മുതല്‍ 2017 വരെ അമേരിക്കൻ വൈസ് പ്രസിഡന്റുമായി. ബാരക് ഒബാമയായിരുന്നു അക്കാലത്ത് അമേരിക്കൻ പ്രസിഡന്റ്.
![]()
ഫിലാഡൽഫിയയിലെ സ്‌ക്രാന്റണിലായിരുന്നു ബൈഡന്റെ കുട്ടിക്കാലം. പത്താം വയസിലാണ് ഡെലവെയറിലെത്തുന്നത്. സ്കൂളിൽ, ബൈഡൻ എന്ന പേരു പറയുമ്പോൾ തന്നെ ‘ബൈ-ബൈ’ എന്ന് സഹപാഠികൾ പരിഹസിച്ചിരുന്നു. കോളജ് വിദ്യാഭ്യാസത്തിനു ശേഷം വിയറ്റ്നാം യുദ്ധ സേവനത്തിന് ബൈഡൻ സ്വമേധയാ തയാറായെങ്കിലും മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ടു.
Also Read പെൻസിൽവാനിയ തുണച്ചു; ജോ ബൈഡൻ അമേരിക്കയുടെ 46ാമത് പ്രസിഡന്റ്; കമല ഹാരിസ് വൈസ് പ്രസിഡന്റ്
1970 ല്‍ ന്യൂ കാസില്‍ കൗണ്ടി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബൈഡൻ പാർലമെന്ററി രാഷ്ട്രീയം ആരംഭിക്കുന്നത്. ആറാമത്തെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായിരുന്നു ബൈഡൻ. 1972 ല്‍ ഡെലവെയറില്‍ നിന്ന് യുഎസ് സെനറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിഅംഗവും ഒടുവില്‍ ചെയര്‍മാനുമായി. 1991 ലെ ഗള്‍ഫ് യുദ്ധത്തിന് എതിരായിരുന്ന ബൈഡൻ കിഴക്കന്‍ യൂറോപ്പിലേക്ക് നാറ്റോ സഖ്യം വ്യാപിപ്പിക്കുന്നതിനും 1990 കളിലെ യുഗോസ്ലാവ് യുദ്ധങ്ങളിലെ ഇടപെടലിനും പിന്തുണ നല്‍കി. 2002 ലെ ഇറാഖ് യുദ്ധത്തിന് അംഗീകാരം നല്‍കുന്ന പ്രമേയത്തെയും പിന്തുണച്ചു. 1987 മുതല്‍ 1995 വരെ സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ അധ്യക്ഷനായി. തുടർന്ന് ഒബാമയുടെ കാലത്ത് വൈസ് പ്രസിഡന്റും. 77 കാരനായ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായമുള്ള വ്യക്തി കൂടിയാണ്.
2016, 2019 തെരഞ്ഞെടുപ്പുകളിൽ ബൈഡൻ പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ 2019 ഏപ്രിലിലാണ് 2020 ലെ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥിത്വം ബൈഡൻ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 11 നാണ് കാലിഫോര്‍ണിയയിലെ യുഎസ് സെനറ്ററായ കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
![]()
രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കിടയിലും ബൈഡൻ സ്വകാര്യ ജീവിതത്തിൽ ദുരന്തങ്ങളെ അതിജീവിച്ച വ്യക്തി കൂടിയാണ്. 1972 ഡിസംബര്‍ 18 ന് ഡെലവെയറിലെ ഹോക്കെസിലുണ്ടായ വാഹനാപകടത്തില്‍ ബൈഡന്റെ ഭാര്യ നീലിയയും ഒരു വയസുള്ള മകളും കൊല്ലപ്പെട്ടു. മക്കളായ ബ്യൂ, ഹണ്ടര്‍ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
![]()
മക്കളെ പരിചരിക്കുന്നതിനായി രാഷ്ട്രീയം പൂർണമായും ഉപേക്ഷിക്കുന്നതിനെ കുറിച്ചുപോലും ബൈഡൻ അക്കാലത്ത് ആലോചിച്ചിരുന്നു. 1977- ൽ തന്റെ രണ്ടാം വിവാഹത്തിൽ ബൈഡൻ അധ്യാപികയായ ജില്ലി ട്രേസി ജേക്കബ്സിനെ ജീവിതസഖിയാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.