മതപരമായ വസ്ത്രധാരണത്തെ നിയമം വ്യക്തമായി പരാമര്‍ശിക്കുന്നില്ലെങ്കിലും ഇസ്ലാം മതവിശ്വാസികളായ സ്ത്രീകള്‍ മുഖം മറയ്ക്കാന്‍ ധരിക്കുന്ന നിക്വാബ് പോലുള്ള വസ്ത്രങ്ങളെ ലക്ഷ്യംവച്ചുള്ളതാണ് നിരോധനമെന്ന് മനസ്സിലാക്കാം. എന്നാൽ മുഖം മറയ്ക്കുന്നതിന് ചില ഇളവുകളോടെയാണ് നിയമം നടപ്പാക്കുന്നത്. മെഡിക്കല്‍ ആവശ്യങ്ങള്‍, പ്രതികൂല കാലാവസ്ഥ, ചില സാംസ്‌കാരിക പരിപാടികള്‍ അല്ലെങ്കില്‍ കായിക പരിപാടികള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നതിന് നിരോധന നിയമത്തില്‍ ഇളവുകള്‍ നല്‍കും.
മുഖം മറയ്ക്കുന്ന കറുത്ത വസ്ത്രം ധരിക്കുന്നതിന് പകരം പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കാന്‍ കസാക്കുകാരെ പ്രേരിപ്പിക്കുന്ന ഒരു സാംസ്‌കാരിക പ്രസ്താവനയായാണ് പ്രസിഡന്റ് ടോകയേവ് ഈ നീക്കത്തെ ന്യായീകരിച്ചത്. ദേശീയ ശൈലിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലതെന്ന് ഈ വര്‍ഷം ആദ്യം ടോകയേവ് പറഞ്ഞിരുന്നു. കസാക്കിസ്ഥാന്റെ വംശീയവും സാംസ്‌കാരികവുമായ ഐഡന്റിറ്റി പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമെന്ന നിലയിൽ നിയമനിര്‍മ്മാണത്തെ വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
advertisement
ഔദ്യോഗികമായി മതേതര നയമുള്ള മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ കസാക്കിസ്ഥാന്‍ നേരത്തെതന്നെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് നിരോധിച്ചിരുന്നു. 2017-ലാണ് ഹിജാബിന് സ്‌കൂളുകളില്‍ നിരോധനം കൊണ്ടുവന്നത്. പിന്നീട് 2023-ല്‍ ഒരുപടി കൂടി കടന്ന് അധ്യാപകര്‍ക്കുകകൂടി ഹിജാബ് നിരോധനം ഏര്‍പ്പെടുത്തി. രാജ്യമെമ്പാടും ഇതേച്ചൊല്ലി പ്രതിഷേധം ഉയര്‍ന്നിരുന്നു. നയത്തില്‍ പ്രതിഷേധിച്ച് 150-ല്‍ അധികം പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇപ്പോഴിതാ മുഖം മറയ്ക്കുന്ന ശിരോവസ്ത്രങ്ങള്‍ക്ക് പൊതുഇടങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം കസാക്കിസ്ഥാനും നിരോധനം കൊണ്ടുവന്നിരിക്കുകയാണ്. മതപരമായ യാഥാസ്ഥിതികതയും തീവ്രവാദവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിരോധനത്തിലേക്ക് തീവ്ര മുസ്ലീം രാഷ്ട്രങ്ങള്‍ കടന്നിരിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ ബുര്‍ഖ, നിക്വാബ്, ഹിജാബ് തുടങ്ങിയ മുഖം മറയ്ക്കുന്ന വസ്ത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആഗോളതലത്തില്‍ വളരെ ശക്തമായി തുടരുകയാണ്. ഇത് വ്യക്തിസ്വാതന്ത്ര്യം, സുരക്ഷാ ആശങ്കകള്‍, മതപരമായ അവകാശങ്ങള്‍, രാഷ്ട്രീയമാനങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള വര്‍ദ്ധിച്ച ആശങ്കകളെ പ്രതിഫലിപ്പിക്കുന്നു.
എന്താണ് ബുര്‍ഖ?
ചില മുസ്ലീം സ്ത്രീകള്‍ തലയും മുഖവും ഉള്‍പ്പെടെ ശരീരം മൊത്തം മറയ്ക്കാന്‍ ഉപയോഗിക്കുന്ന പരമ്പരാഗത ഇസ്ലാമികവസ്ത്രമാണ് ബുര്‍ഖ. കാഴ്ച്ച മറയാതിരിക്കാന്‍ കണ്ണുകളുടെ ഭാഗത്ത് നേര്‍ത്ത വലയായിരിക്കും ഉണ്ടാകുക. ഇസ്ലാമിലെ എളിമയുടെ വ്യാഖ്യാനങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തില്‍ ധരിക്കുന്നയാളുടെ രൂപം മറയ്ക്കുന്ന തരത്തില്‍ അയഞ്ഞ രീതിയിലാണ് ബുര്‍ഖ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
എങ്ങനെയാണ് നിക്വാബ് ?
നിക്വാബ് പലപ്പോഴും ബുര്‍ഖയായി തെറ്റിദ്ധരിക്കപ്പെടുന്നു. എന്നാല്‍ ഇത് രണ്ടും തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്. നിക്വാബ് മുഖം മറയ്ക്കുന്നുണ്ടെങ്കിലും കണ്ണുകള്‍ പുറത്തുകാണുന്ന രീതിയിലാണ് ഈ വസ്ത്രം ധരിക്കുന്നത്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ മൂടുന്ന ഒരു പ്രത്യേക ശിരോവസ്ത്രമോ അബായയോ ഉപയോഗിച്ചാണ് ഇത് സാധാരണയായി ധരിക്കുന്നത്. കണ്ണുകള്‍ മൂടുന്നില്ല എന്നതാണ് നിക്വാബും ബുര്‍ഖയും തമ്മിലുള്ള പ്രധാന വ്യത്യാസം.
അപ്പോൾ എന്താണ് ഹിജാബ് ?
മുടി, കഴുത്ത്, ചിലപ്പോള്‍ തോളുകള്‍ എന്നിവ മൂടുന്ന ഒരു ശിരോവസ്ത്രത്തെയാണ് ഹിജാബ് സൂചിപ്പിക്കുന്നത്. പക്ഷേ ഇത് മുഖം മറയ്ക്കുന്നില്ല. ലോകമെമ്പാടും ഏറ്റവും സാധാരണയായി ധരിക്കുന്ന ഇസ്ലാമിക വസ്ത്രമാണിത്. എളിമയുടെയും സ്വത്വത്തിന്റെയും പ്രതീകമായി ഇതിനെ കാണുന്നു.
മുഖം മറയ്ക്കുന്ന ശിരോവസ്ത്രങ്ങൾ നിരോധിച്ച മറ്റ് രാജ്യങ്ങൾ
ഈ വര്‍ഷം ജനുവരി ആദ്യം കിര്‍ഗിസ്ഥാനും പൊതുസ്ഥലങ്ങളില്‍ നിക്വാബ് നിരോധിച്ചുകൊണ്ട് നിയമം നടപ്പാക്കിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 കിര്‍ഗിസ് സോം (ഏതാണ്ട് 20000 രൂപ) പിഴ ചുമത്തും. രാജ്യത്തെ ഉന്നത ഇസ്ലാമിക സ്ഥാപനമായ സ്പിരിച്വല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് മുസ്ലീംസ് ഓഫ് കിര്‍ഗിസ്ഥാന്‍ ഈ നിയമത്തെ പരസ്യമായി പിന്തുണച്ചു. പൊതു സുരക്ഷയും സാംസ്‌കാരിക പൊരുത്തക്കേടും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. നിക്വാബ് സമൂഹത്തോട് ചേരാത്ത വസ്ത്രമാണെന്നും അവർ പറഞ്ഞു. മുഖം പൂര്‍ണ്ണമായി മറയ്ക്കുന്നത് ദുരുദ്ദേശ്യമുള്ള വ്യക്തികളെ മറച്ചു വെയ്ക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.
ബുര്‍ഖയ്ക്ക് കിര്‍ഗിസ് സംസ്‌കാരത്തില്‍ ചരിത്രപരമായ വേരുകളില്ലെന്ന് വാദിച്ചുകൊണ്ട് പ്രസിഡന്റ് സാദിര്‍ ജപറോവ് ഈ നീക്കത്തെ ന്യായീകരിച്ചു. ദേശീയ സുരക്ഷയ്ക്കുള്ള പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉസ്‌ബെക്കിസ്ഥാനാണ് മുഖം മറയ്ക്കുന്നതിന് നിരോധനം കൊണ്ടുവന്ന മറ്റൊരു രാജ്യം. ഇവിടെ നിയമം ലംഘിക്കുന്നവര്‍ 20000 രൂപയിലേറെ പിഴ നല്‍കണം. ഇത്തരം വസ്ത്രങ്ങള്‍ രാജ്യത്തിന്റെ മതേതര ഭരണഘടനയ്ക്ക് വിരുദ്ധവും ദേശീയ സംയോജനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതുമാണെന്ന് ഉസ്‌ബെക്കിസ്ഥാന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
താജിക്കിസ്ഥാനിലും മുഖം മറയ്ക്കുന്ന ശിരോവസ്ത്രങ്ങള്‍ക്ക് സമാനമായ നിരോധനം നിലവിലുണ്ട്. പ്രസിഡന്റ് ഇമോമാലി റഖ്‌മോണിന്റെ നേതൃത്വത്തിലുള്ള താജിക്കിസ്ഥാന്‍ ഭരണകൂടം 2023-ലാണ് ഇത്തരം മുഖം മറയ്ക്കുന്ന ശിരോവസ്ത്രങ്ങള്‍ നിരോധിച്ചത്. ദേശീയ സംസ്‌കാരത്തോട് പൊരുത്തമില്ലാത്ത വസ്ത്രങ്ങള്‍ നിരോധിക്കുന്നുവെന്ന് പറഞ്ഞാണ് താജിക്കിസ്ഥാന്‍ ഈ നീക്കത്തെ ന്യായീകരിച്ചത്. നിക്വാബ് പോലുള്ള ഇസ്ലാമിക ശിരോവസ്ത്രങ്ങളും നിരോധനത്തില്‍പ്പെടുന്നു. വളരെക്കാലമായി മതേതര സ്വത്വം പ്രോത്സാഹിപ്പിക്കുന്നതിനും യാഥാസ്ഥിതിക ഇസ്ലാമിക വസ്ത്രധാരണത്തെ നിരുത്സാഹപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിലാണ് താജിക്കിസ്ഥാൻ സര്‍ക്കാര്‍.
മധ്യേഷ്യയ്ക്ക് പുറത്ത് ദക്ഷിണേഷ്യയിലെ ശ്രീലങ്കയും മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചിരുന്നു. 2019-ലെ ഈസ്റ്റര്‍ ഞായറാഴ്ച ഭീകരാക്രമണത്തില്‍ 250-ലധികം പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. 2021 ഏപ്രിലിലാണ് മുഖം മറയ്ക്കുന്ന വസ്ത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. ദേശീയ സുരക്ഷയെ പ്രധാന കാരണമായി ഉദ്ധരിച്ചാണ് ബുര്‍ഖ, നിക്വാബ് പോലുള്ള ശിരോവസ്ത്രങ്ങള്‍ക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ഇത് ഒരു അത്യാവശ്യ നടപടിയാണെന്ന് അന്നത്തെ കാബിനറ്റ് വക്താവ് കെഹെലിയ റംബുക്വെല്ല ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ നയമാറ്റങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിനുകീഴില്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായി. സിവില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റൈറ്റ്‌സ് സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയുടെ (ഐസിസിപിആര്‍) ആര്‍ട്ടിക്കിള്‍ 18-ല്‍ മതപരമായ വസത്രം ധരിക്കാനുള്ള അവകാശവും മതത്തിന്റെയും വിശ്വാസത്തിനുമുള്ള സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നുണ്ട്. മതപരമായ ആവിഷ്‌കാരത്തില്‍ ശിരോവസ്ത്രം ധരിക്കുന്നത് പോലുള്ള ആചാരങ്ങള്‍ ഉള്‍പ്പെടാമെന്ന് യുഎന്‍ മനുഷ്യാവകാശ സമിതിയും സ്ഥിരീകരിക്കുന്നു.
അതേസമയം, ദേശീയ സുരക്ഷ, പൊതു സുരക്ഷ അല്ലെങ്കില്‍ പൊതു ക്രമം എന്നിവയാല്‍ ന്യായീകരിക്കപ്പെടുമ്പോള്‍ അന്താരാഷ്ട്ര നിയമം മതസ്വാതന്ത്ര്യത്തില്‍ പരിമിതമായ നിയന്ത്രണങ്ങള്‍ അനുവദിക്കുന്നുണ്ട്. എന്നിരുന്നാലും വിവിധ രാജ്യങ്ങള്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയത് ലോകമെമ്പാടും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ഇത്തരം വിലക്കുകള്‍ ജനങ്ങളുടെ അവകാശങ്ങളെ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാനുള്ള അവകാശത്തെ ലംഘിക്കുന്നു എന്നാണ് എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്. ഇത്തരം നിരോധനങ്ങളെ വിവേചനപരമായാണ് ഇവര്‍ കാണുന്നത്. ഇവ മുസ്ലീം സമൂഹങ്ങളെ ലക്ഷ്യംവച്ചുള്ളതാണെന്നും ഇസ്ലാമോഫോബിയ വര്‍ദ്ധിപ്പിക്കുന്നതായും ഇവര്‍ ആരോപിക്കുന്നു.
മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ സുരക്ഷയെ അപകടത്തിലാക്കുമെന്നാണ് നിരോധനത്തെ അനുകൂലിക്കുന്നവരുടെ വാദം. ആളുകളെ തിരിച്ചറിയാല്‍ ഇത്തരം വസ്ത്രങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും തീവ്രവാദ ആക്രമണങ്ങള്‍ പോലുള്ളവയ്ക്ക് ഇത്തരം വസ്ത്രങ്ങള്‍ മറയാക്കപ്പെടുന്നുവെന്നും അനുകൂലികള്‍ പറയുന്നു. അതേസമയം ലിംഗസമത്വത്തെയും സ്വയംഭരണത്തെയും കുറിച്ചുള്ള ആശങ്കകളാണ് അഭിഭാഷകര്‍ പങ്കുവെക്കുന്നത്. സ്ത്രീകളെ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യങ്ങള്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നു.