ഇന്ത്യയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ഗ്രൂപ്പുകള്‍ക്ക് കാനഡ ധനസഹായം നല്‍കുന്നതായി മാർക്ക് കാർണി സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 'കാനഡയിലെ കള്ളപ്പണം വെളുപ്പിക്കലിന്റെയും തീവ്രവാദ ധനസഹായത്തിന്റെ അപകടസാധ്യതകളുടെയും വിലയിരുത്തല്‍-2025' എന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്. കാനഡയില്‍ നിന്ന് ധനസഹായം സ്വീകരിച്ച ഖലിസ്ഥാനി തീവ്രവാദ ഗ്രൂപ്പുകളില്‍ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലും ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷനും ഉള്‍പ്പെടുന്നതായാണ് വിവരം.
കാനഡയിലെ ക്രിമിനല്‍ കോഡില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതും രാഷ്ട്രീയ പ്രേരിതമായ അക്രമ തീവ്രവാദ (പിഎംവിഇ) വിഭാഗത്തില്‍ പെടുന്നതുമായ നിരവധി തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കാനഡ ധനസഹായം നല്‍കുന്നതായി നിയമപാലകരും രഹസ്യാന്വേഷണ ഏജന്‍സികളും നിരീക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തീവ്രവാദ സംഘടനകളായ ഹമാസ്, ഹിസ്ബുള്ള, ഖലിസ്ഥാനി തീവ്രവാദ ഗ്രൂപ്പുകളായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ എന്നിവ ധനസഹായം സ്വീകരിച്ചതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
advertisement
ഇന്ത്യയിലെ പഞ്ചാബിനുള്ളില്‍ ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിന് ഖലിസ്ഥാനി തീവ്രവാദ ഗ്രൂപ്പുകള്‍ അക്രമാസക്തമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമ്മതിച്ചു. കാനഡ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇത്തരം ഗ്രൂപ്പുകള്‍ ഫണ്ട് സ്വരൂപിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ഈ ഗ്രൂപ്പുകള്‍ക്ക് മുമ്പ് കാനഡയില്‍ വിപുലമായൊരു ധനസമാഹരണ ശൃംഖല ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന എന്നാല്‍ ഏതെങ്കിലും പ്രത്യേക ഗ്രൂപ്പുമായി പ്രത്യേക ബന്ധമില്ലാത്ത വ്യക്തികള്‍ ധനസഹായം നല്‍കുന്നതായി തോന്നുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.
തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാനായി തീവ്രവാദ ഗ്രൂപ്പുകൾ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളെ (നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍സ്) ഉപയോഗപ്പെടുത്തുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കി. ചാരിറ്റി, എന്‍പിഒ മേഖലകള്‍ ഹമാസും ഹിസ്ബുള്ളയും ഒരു പ്രധാന ധനസഹായ സ്രോതസ്സായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്. ഫണ്ട് സ്വരൂപിക്കുന്നതിനും മാറ്റുന്നതിനും പ്രവാസി സമൂഹങ്ങളില്‍ നിന്ന് സംഭാവനകള്‍ അഭ്യര്‍ത്ഥിക്കാന്‍ ഖലിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ എന്‍പിഒകള്‍ ഉള്‍പ്പെടെയുള്ള ഇത്തരം ശൃംഖലകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
കാനഡയിലെ എന്‍പിഒകള്‍ വഴി കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദ ധനസഹായം നല്‍കുന്നതിനും അപകടസാധ്യതകള്‍ കുറവാണെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് ഓരോ കേസിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചു.
കാനഡയില്‍ മാര്‍ക്ക് കാര്‍ണി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ടില്‍ ഖലിസ്ഥാന്‍ തീവ്രവാദത്തെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. വഷളായ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ സൂചനയായി കഴിഞ്ഞ മാസം ഇന്ത്യയും കാനഡയും പരസ്പരം രാജ്യങ്ങളിലേക്ക് പുതിയ ഹൈക്കമ്മീഷണര്‍മാരെ പ്രഖ്യാപിച്ചിരുന്നു.
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വലിയ അകല്‍ച്ചയിലേക്ക് നീങ്ങിയത്. ബന്ധം വഷളായതോടെ ഇരു രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം തിരിച്ചുവിളിച്ചു. ഇന്ത്യയുടെ മുന്‍ ഹൈക്കമ്മീഷണര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കാനഡ വിട്ടു. കാനഡയുടെ ആറ് നയതന്ത്രജ്ഞരെ പുറത്താക്കാന്‍ ഇന്ത്യയും ഉത്തരവിട്ടു.