തുർക്കി
മുസ്തഫ കെമാല്‍ അത്താതുര്‍ക്ക് 1924 ലെ ഭരണഘടനയില്‍ തുർക്കി മതേതരവല്‍ക്കരണം കൊണ്ടുവന്നു. അത്താതുര്‍ക്ക് ഒരിക്കലും ശിരോവസ്ത്രം നിരോധിച്ചിട്ടില്ലെങ്കിലും പൊതുവേദികളില്‍ അത് ഉപയോഗിക്കുന്നതിനെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഈ ശ്രമങ്ങള്‍ കൊണ്ട് തുര്‍ക്കിയില്‍ ഹിജാബും ബുര്‍ഖയും ഏതാണ്ട് അപ്രത്യക്ഷമായി.
2013ല്‍, സിവില്‍ സര്‍വീസ് മേഖലയിൽ ശിരോവസ്ത്രത്തിന് രാജ്യം പതിറ്റാണ്ടുകളായി ഏര്‍പ്പെടുത്തിയിരുന്ന നിരോധനം തുര്‍ക്കി നീക്കി. പ്രധാനമന്ത്രി റജബ് ത്വയ്യിബ് എര്‍ദോഗന്‍ ഈ നീക്കത്തെ 'സാധാരണവല്‍ക്കരണത്തിലേക്കുള്ള ചുവടുവെപ്പ്' എന്ന് വിളിച്ചു. എന്നാൽ തന്റെ ഇസ്ലാമിക മൂല്യങ്ങള്‍ ഭൂരിപക്ഷ മുസ്ലീങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് എര്‍ദോഗന്‍ നിരോധനം നീക്കിയതെന്ന് വിമര്‍ശകര്‍ ആരോപിച്ചിരുന്നു.
advertisement
ഫ്രാന്‍സ്
ബുര്‍ഖയും നിഖാബും പൊതുസ്ഥലത്ത് ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ ആദ്യത്തെ യൂറോപ്യന്‍ രാജ്യമാണ് ഫ്രാന്‍സ്. 2011 ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. കൂടാതെ, സ്‌കൂളുകളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് (ശിരോവസ്ത്രം ഉള്‍പ്പെടെ) 2004 മുതല്‍ നിരോധിച്ചിരുന്നു. നിരോധനം ഏകദേശം 2000 മുസ്ലീം സ്ത്രീകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നാണ് കണക്കാക്കപ്പെടുന്നത്. എന്തെന്നാല്‍, അഞ്ച് ദശലക്ഷം മുസ്ലീം ജനസംഖ്യയില്‍ ഈ ചെറിയ വിഭാഗം സ്ത്രീകള്‍ മാത്രമാണ് പര്‍ദ്ദ ധരിക്കാറുള്ളതെന്നാണ് വിവരം. ശിരോവസ്ത്രം സ്ത്രീകളെ അടിച്ചമര്‍ത്തുന്നുവെന്നും ഫ്രാന്‍സില്‍ ഇത് സ്വാഗതം ചെയ്യില്ലെന്നുമാണ് നിരോധനം ഏര്‍പ്പെടുത്തി കൊണ്ട് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി പറഞ്ഞത്.
നിയമമനുസരിച്ച്, മുഴുവനായി മുഖം മറച്ചാൽ 150 യൂറോ ആണ് ഇവിടെ പിഴ. ഒരു സ്ത്രീയെ മുഖം മറയ്ക്കാന്‍ നിര്‍ബന്ധിച്ചാല്‍ 30,000 യൂറോ പിഴ ചുമത്തും. 2016ല്‍, സ്ത്രീകളുടെ ശരീരം മുഴുവൻ മറയ്ക്കുന്ന നീന്തല്‍ വസ്ത്രങ്ങളായ ബുര്‍ക്കിനികളും സ്വിംസ്യൂട്ടുകളും നിരോധിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡ്
2021ല്‍ നിഖാബ് (ശിരോവസ്ത്രം) നിരോധിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് സ്വിറ്റ്സര്‍ലന്‍ഡ്. മാര്‍ച്ചില്‍, സ്വിസ് വോട്ടര്‍മാരില്‍ 51 ശതമാനത്തിലധികം പേരും തെരുവിലും കടകളിലും റെസ്റ്റോറന്റുകളിലും ആളുകള്‍ മുഖം പൂര്‍ണ്ണമായി മറയ്ക്കുന്നത് നിരോധിക്കുന്നതിനുള്ള നിയമത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. രാജ്യത്തെ നിയമമനുസരിച്ച്, പ്രാര്‍ത്ഥനാ സ്ഥലങ്ങളിലും കാര്‍ണിവല്‍ പോലെയുള്ള പരിപാടികളിലും ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കും.
2013 സെപ്റ്റംബറില്‍ ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്ന പ്രദേശമായ ടിസിനോ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നത് നിരോധിക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തതിന് ശേഷമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 2009ല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ കൂടുതല്‍ മുസ്ലിം സ്ത്രീകള്‍ മുഖാവരണം ധരിക്കാന്‍ തുടങ്ങിയാല്‍ മുഖാവരണ നിരോധനം പരിഗണിക്കണമെന്ന് നീതിന്യായ മന്ത്രി എവ്ലൈന്‍ വിഡ്മര്‍-ഷ്ലംഫ് പറഞ്ഞിരുന്നു.
ഡെന്‍മാര്‍ക്ക്
2018ല്‍ പൊതു സ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നത് നിരോധിച്ച മറ്റൊരു യൂറോപ്യന്‍ രാജ്യമാണ് ഡെന്‍മാര്‍ക്ക്. നിയമം ലംഘിക്കുന്നവർക്ക് 134 യൂറോ വരെ പിഴ ചുമത്താം. ആവര്‍ത്തിച്ചുള്ള കുറ്റങ്ങള്‍ക്ക് അതിന്റെ 10 ഇരട്ടി വരെ ശിക്ഷ ലഭിക്കും. നിയമത്തില്‍ മുസ്ലീം സ്ത്രീകളെ പ്രത്യേകമായി പരാമര്‍ശിക്കുന്നില്ലെങ്കിലും, പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്ന ഏതൊരാള്‍ക്കും പിഴ ശിക്ഷ ലഭിക്കും എന്ന് പറയുന്നുണ്ട്.
ബെല്‍ജിയം
2011 ജൂലൈയില്‍ ബെല്‍ജിയത്തില്‍ പര്‍ദ്ദ നിരോധിക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നു. പാര്‍ക്കുകള്‍, തെരുവ് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യക്തിയുടെ ഐഡന്റിറ്റി മറയ്ക്കുന്ന ഏതൊരു വസ്ത്രവും നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന ആര്‍ക്കും പിഴയോ ഏഴ് ദിവസം വരെ തടവോ ലഭിക്കാം. പുരുഷനും സ്ത്രീയും എല്ലാ മേഖലകളിലും തുല്യരാണെന്നാണ് നിയമത്തെ അനുകൂലിച്ച് നിയമനിര്‍മ്മാതാവ് പീറ്റര്‍ ഡെഡെക്കര്‍ പറഞ്ഞത്.
നെതര്‍ലാന്‍ഡ്‌സ്
നെതര്‍ലാന്‍ഡില്‍ നിങ്ങളുടെ മുഖം മറച്ചാല്‍ കുറഞ്ഞത് 150 യൂറോ പിഴ നല്‍കേണ്ടി വരും. ബുര്‍ഖയ്ക്കും മറ്റ് മുഖാവരണങ്ങള്‍ക്കും മാത്രമല്ല, മുഖം പൂർണമായും മറയ്ക്കുന്ന ഹെല്‍മെറ്റുകള്‍ക്കും നിരോധനം ബാധകമാണ്. 14 വര്‍ഷത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് നെതര്‍ലന്‍ഡില്‍ നിരോധനം നടപ്പിലാക്കിയത്. 2005-ല്‍, വലതുപക്ഷ നിയമനിര്‍മ്മാതാവ് ഗീര്‍ട്ട് വൈല്‍ഡേഴ്സ് അവതരിപ്പിച്ച ബുര്‍ഖ നിരോധിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് അനുകൂലമായി ഡച്ച് പാര്‍ലമെന്റ് വോട്ട് ചെയ്യുകയും 2016-ല്‍ പാര്‍ലമെന്റ് ബിൽ പാസാക്കുകയും ചെയ്തു.
ഇറ്റലി
1975ലെ പൊതുസമാധാനം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമം രാജ്യത്തെ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിയമവിരുദ്ധമാക്കി. ആശുപത്രികളിലും പൊതുസ്ഥലങ്ങളിലുമടക്കം ബുര്‍ഖയും മുഴുവനായി മുഖം മറയ്ക്കുന്ന വസ്ത്രങ്ങളും നിരോധിച്ചിട്ടുണ്ട്.
ഓസ്ട്രിയ
കോടതികളും സ്‌കൂളുകളും പോലുള്ള പൊതു ഇടങ്ങളില്‍ മുഖം മറയ്ക്കുന്നത് (നിഖാബും ബുര്‍ക്കയും) നിരോധിക്കാന്‍ 2017 ജനുവരിയില്‍ സർക്കാർ തീരുമാനമെടുത്തു. അതേ വര്‍ഷം ഒക്ടോബറില്‍ നിയമം പ്രാബല്യത്തില്‍ വന്നു. താടി മുതല്‍ മുടി വരെ ആളുകളുടെ മുഖത്തിന്റെ പ്രത്യേകതകൾ മറച്ചുവയ്ക്കാതെ കാണിക്കണമെന്നാണ് നിരോധന നിയമത്തില്‍ പറയുന്നത്. മുഖത്തിന്റെ ഈ ഭാഗങ്ങള്‍ കണ്ടില്ലെങ്കില്‍ നിയമം ലംഘിക്കുന്നവർക്ക് 150 യൂറോ വരെ പിഴ ലഭിക്കും.
ബള്‍ഗേറിയ
2016ല്‍ ബള്‍ഗേറിയയും ബുര്‍ഖ നിരോധനം കൊണ്ടുവന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 750 യൂറോ വരെ പിഴ ലഭിക്കും. സ്പോര്‍ട്സ് രംഗത്തുള്ളവരെയും പ്രാര്‍ത്ഥനകളിലും മറ്റും പങ്കെടുക്കുന്നവരെയും ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ശ്രീലങ്ക
2021 ഏപ്രിലില്‍ ശ്രീലങ്കന്‍ കാബിനറ്റ് ദേശീയ സുരക്ഷാ കാരണങ്ങളാല്‍ മുസ്ലീം ബുര്‍ഖകള്‍ ഉള്‍പ്പെടെയുള്ള ശിരോവസ്ത്രം പൊതുസ്ഥലത്ത് ധരിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട നിരോധനത്തിന് അംഗീകാരം നല്‍കി. 2019ല്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 260ലധികം പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ബുര്‍ഖ ധരിക്കുന്നത് രാജ്യത്ത് താല്‍ക്കാലികമായി നിരോധിച്ചിരുന്നു.
റഷ്യ
റഷ്യയിലെ സ്റ്റാവ്രോപോള്‍ മേഖലയിലും ഹിജാബുകള്‍ക്ക് നിരോധനമുണ്ട്. റഷ്യന്‍ ഫെഡറേഷനിലെ ഒരു പ്രദേശത്ത് ഇത്തരത്തിലുള്ള നിയമം നടപ്പാക്കുന്നത് ആദ്യമായാണ്. 2013 ജൂലൈയില്‍ റഷ്യൻ സുപ്രീം കോടതി ഈ വിധി ശരിവച്ചു.
യുകെ
യുകെയില്‍ ഇസ്ലാമിക വസ്ത്രധാരണത്തിന് നിരോധനമില്ല. എന്നാല്‍ 2007ലെ പുതിയ നിയമഭേദഗതി അനുസരിച്ച് സ്‌കൂളുകള്‍ക്ക് അവരുടെ വസ്ത്രധാരണരീതി തീരുമാനിക്കാന്‍ അനുമതിയുണ്ട്. എന്നാൽ രാജ്യത്ത് 2016ൽ നടത്തിയ ഒരു സര്‍വേയില്‍ 57 ശതമാനം ബ്രിട്ടീഷ് പൊതുജനങ്ങളും ബുര്‍ഖ നിരോധനത്തെ അനുകൂലിച്ചിരുന്നു.