രാത്രി 11:11 നാണ് മൊറോക്കോയെ പിടിച്ചുകുലുക്കിയ ഭൂകമ്പം ഉണ്ടായത്. 1960ന് ശേഷം ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തിൽ പൈതൃക നഗരമായ മരക്കേഷിൽ അടക്കം വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മാരാക്കേഷിന് 71 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. 6.8 തീവ്രതയുള്ള ചലനത്തിന്റെ പ്രഭവകേന്ദ്രം അറ്റ്‌ലസ് മലനിരയാണ്. മലനിരകളിലാണ് നാശനഷ്ടങ്ങളിലേറെയും. അതിനാൽ തന്നെ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്.
ഭൂകമ്പമുണ്ടായ സമയത്തെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 1037 പേരുടെ മരണം സ്ഥിരീകരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ആഫ്രിക്കൻ, യുറേഷ്യൻ ഫലകങ്ങൾക്കിടയിലുള്ള സ്ഥാനം കാരണം മൊറോക്കോയുടെ വടക്കൻ മേഖലയിൽ ഭൂകമ്പങ്ങൾ പതിവാണ്. 63 വർഷങ്ങൾക്ക് മുമ്പ് 1960 ലാണ് മൊറോക്കോയിൽ ഇതിനു മുമ്പ് ശക്തമായ ഭൂകമ്പമുണ്ടായത്. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അന്നും ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടിരുന്നു.