ഡൊണാൾഡ് ട്രംപിന്റെ 60-ാമത് പ്രസിഡന്റ് സ്ഥാനാരോഹണം 2025 ജനുവരി 20 ന് ഉച്ചയ്ക്ക് 12 മണിക്ക് (പ്രാദേശിക സമയം) നടക്കും. വാഷിംഗ്ടൺ ഡിസിയിലെ യുഎസ് ക്യാപിറ്റലിന്റെ വെസ്റ്റ് ഫ്രണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. തിങ്കളാഴ്ച നടക്കുന്ന ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുകേഷ് അംബാനിയും നിത അംബാനിയും പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ട്രംപിന്റെ കാബിനറ്റ് നോമിനികളും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ അതിഥികൾക്കൊപ്പമാണ് മുകേഷ് അംബാനിയും നിത അംബാനിയും വേദിയിൽ ഇരിക്കുക. ട്രംപിനൊപ്പം "മെഴുകുതിരി അത്താഴത്തിൽ" അവർ പങ്കെടുക്കും. കൂടാതെ വൈസ് പ്രസിഡന്റ് ജെഡി വാൻസിനെയും അദ്ദേഹത്തിന്റെ ഇന്ത്യൻ വംശജയായ ഭാര്യ ഉഷ വാൻസിനെയും കാണും.
advertisement
ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അംബാനി ദമ്പതികളെ കൂടാതെ, പ്രമുഖ ബിസിനസ് നേതാക്കൾ, നയതന്ത്രജ്ഞർ, എലോൺ മസ്‌ക്, ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ്, ഫ്രഞ്ച് ശതകോടീശ്വരൻ സേവ്യർ നീൽ തുടങ്ങിയവരും ഉൾപ്പെടും. സത്യപ്രതിജ്ഞ ആഘോഷിക്കുന്നതിനായി തിങ്കളാഴ്ച റിപ്പബ്ലിക്കൻ ദാതാവ് മിറിയം അഡെൽസണുമായി ചേർന്ന് ഒരു ബ്ലാക്ക്-ടൈ സ്വീകരണവും സക്കർബർഗ് സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടിയിലും ഇവർ പങ്കെടുക്കും.
യുഎസ് പ്രസിഡന്റായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്യുന്ന ട്രംപിന്റെ സ്ഥാനാരോഹണം അദ്ദേഹത്തിന്റെ അസാധാരണമായ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം, യുഎസിന്റെ 47-ാമത് പ്രസിഡന്റായി ഉദ്ഘാടന പ്രസംഗം നടത്തുന്ന ട്രംപ്, എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പിടുന്നത് ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടികൾക്കായി കാപ്പിറ്റോളിലെ പ്രസിഡന്റിന്റെ മുറിയിലേക്ക് പോകുമെന്നും റിപ്പോർട്ട്.
ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് ഉദ്ഘാടന പ്രസംഗം നടത്തിയ ശേഷം, ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസിനും ആചാരപരമായ വിടവാങ്ങൽ ഉണ്ടായിരിക്കും. പുതിയ റിപ്പബ്ലിക്കൻ സർക്കാർ അധികാരമേറ്റെടുക്കുമ്പോൾ, ട്രംപ് തന്റെ ആദ്യ ഔദ്യോഗിക പ്രവൃത്തികളിൽ ചിലത് അംഗീകരിക്കുന്നതിനായി കാപ്പിറ്റോളിൽ ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് കോൺഗ്രസ് ഉച്ചഭക്ഷണ വിരുന്നിലും യുഎസ് സൈനികരുടെ അവലോകനത്തിലും പങ്കെടുക്കും. കടുത്ത തണുപ്പ് കാരണം തിങ്കളാഴ്ച പുറത്തുപോകുന്നതിനുപകരം യുഎസ് കാപ്പിറ്റോളിനുള്ളിൽ വെച്ചാണ് ട്രംപിന്റെ സത്യപ്രതിജ്ഞ നടക്കുക. 40 വർഷത്തിനിടെ ഇതാദ്യമായാണ് യുഎസ് പ്രസിഡന്റിന്റെ ഉദ്ഘാടന ചടങ്ങുകൾ അകത്തു വെച്ചു നടത്തുന്നത്.