ഞായറാഴ്ച രാവിലെ മ്യൂസിയം തുറന്ന് പ്രദേശിക സമയം 9.30-നും 9.40-നും ഇടയിലായിരുന്നു മോഷണം. പുനരദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ തൊഴിലാളികളുടെ വസ്ത്രം ധരിച്ചാണ് മോഷ്ടാക്കള്‍ എത്തിയത്. ഫ്രാന്‍സിന്റെ ചരിത്രപരമായ കിരീട ആഭരണങ്ങള്‍ അടക്കം കവര്‍ച്ച നടത്തി കള്ളന്മാര്‍ സ്‌കൂട്ടറുകളില്‍ രക്ഷപ്പെടുകയായിരുന്നു.
ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് മോഷ്ടാക്കള്‍ മ്യൂസിയത്തില്‍ നിന്നും അമൂല്യങ്ങളായ എട്ട് ആഭരണങ്ങളാണ് കവര്‍ന്നത്. ഇവ കണക്കാക്കാന്‍ കഴിയാത്തത്ര മൂല്യമുള്ളതാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 19-ാം നൂറ്റാണ്ടിലെ രാജ്ഞിമാരായ മേരി അമേലിയുടെയും ഹോര്‍ട്ടന്‍സിന്റെയും കിരീടവും ആഭരണങ്ങളും നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ രണ്ടാമത്തെ ഭാര്യയുടെ വിവാഹാഭരണ സെറ്റും മോഷ്ടിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നതായാണ് വിവരം.
advertisement
നീലക്കല്ല് പതിച്ച ഒരു കിരീടം, നെക്ലേസ്, ഒറ്റ കമ്മല്‍ എന്നിവ അടങ്ങുന്ന ഒരു സെറ്റ്, നെപ്പോളിയന്റെ ഭാര്യയുടെ മരതക മാലയും കമ്മലുകളും എന്നിവയാണ് മോഷണം പോയത്. നെപ്പോളിയന്‍ മൂന്നാമന്റെ ഭാര്യ യുജീന്‍ ചക്രവര്‍ത്തിനിയുടെ കീരിടവും മോഷ്ടിക്കാന്‍ ശ്രമിച്ചു. പിന്നീട് കാവല്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ ഇത് ഉപേക്ഷിച്ചുപോയി. 1354 വജ്രങ്ങള്‍, 1136 റോസ് കട്ട് വജ്രങ്ങള്‍ 56 മരതകക്കല്ലുകള്‍ എന്നിവകൊണ്ട് അലങ്കരിച്ച ഈ കിരീടം പിന്നീട് മ്യൂസിയത്തിന് പുറത്ത് കണ്ടെത്തിയതായി ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു.
മറ്റൊരു അമൂല്യമായ വസ്തു 2,438 വജ്രങ്ങളും 196 റോസ് കട്ട് വജ്രങ്ങളും കൊണ്ട് അലങ്കരിച്ച വില്ലാണ്. യുജീന്‍ രാജ്ഞിയുടെ വജ്ര ബ്രൂച്ചും (സ്ത്രീകള്‍ ധരിക്കുന്ന പിന്‍) മോഷണം പോയി. മോഷ്ടിക്കപ്പെട്ട ഏറ്റവും മനോഹരമായ ആഭരണങ്ങളിലൊന്ന് നെപ്പോളിയന്റെ രണ്ടാമത്തെ ഭാര്യ മേരി ലൂയിസിന്റെ വിവാഹ സമ്മാന സെറ്റാണ്. ഇത് 2004-ല്‍ ലൂവ്രെ ശേഖരത്തില്‍ ചേര്‍ത്തതാണ്. 1810-ല്‍ വിവാഹസമയത്ത് നെപ്പോളിയന്‍ മേരി ലൂയിസിന് നല്‍കിയതാണിത്. മാലയില്‍ 32 മരതകങ്ങളും 1138 വജ്രങ്ങളുമുണ്ട്. സെറ്റില്‍ വജ്ര കമ്മലും ഉള്‍പ്പെടുന്നു.
കവര്‍ച്ച വളരെ പ്രൊഫഷണലായിരുന്നുവെന്ന് സാംസ്‌കാരിക മന്ത്രി റച്ചിദ ദാതി പറഞ്ഞു. അതേസമയം, മോഷ്ടാക്കളെ കണ്ടെത്താനായിട്ടില്ല. എത്ര പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നും വ്യക്തമല്ല. പ്രതികളെ പിടികൂടാനായി സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരുടെ ചോദ്യം ചെയ്യലും അധികൃതര്‍ നടത്തിവരികയാണ്.