ഇംഗ്ലീഷുകാരനായ ഫിലിയസ് ഫോഗിന്റെ കഥയാണ് നോവലില്‍ വിവരിക്കുന്നത്. റിഫോം ക്ലബ്ബിലെ ഫിലിയസിന്റെ സുഹൃത്തുക്കള്‍ അവനെ വെല്ലുവിളിക്കുകയും തുടര്‍ന്ന് ആ പന്തയത്തിന്റെ ഭാഗമായി, പുതുതായി നിയമിതനായ തന്റെ ഫ്രഞ്ച് പരിചാരകനൊപ്പം 80 ദിവസത്തിനുള്ളില്‍ ലോകം ചുറ്റാന്‍ തീരുമാനിച്ചതുമാണ് കഥയുടെ ഇതിവൃത്തം. വെര്‍ണിന്റെ കഥാപാത്രമായ ഫിലിയസ് ഫോഗ് 80 ദിവസം കൊണ്ടാണ് ലോകം ചുറ്റിയതെങ്കില്‍, ആ സാങ്കല്‍പ്പിക ബ്രിട്ടീഷ് സാഹസികന്റെ റെക്കോര്‍ഡ് നോവലിറങ്ങി ഏകദേശം 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തക തകര്‍ക്കുകയുണ്ടായി.
advertisement
നെല്ലി ബ്ലൈ എന്ന എലിസബത്ത് ജെയ്ന്‍ കോക്രെയ്ന്‍
നെല്ലി ബ്ലൈ (Nellie Bly) എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന എലിസബത്ത് ജെയ്ന്‍ കോക്രെയ്ന്‍ ഫിലിയസിന്റെ അതേ യാത്രയാണ് നടത്തിയത്. ഫിലിയസ് യാത്ര ചെയ്തതിനേക്കാള്‍ 8 ദിവസം കുറച്ച് 72 ദിവസത്തിനുള്ളില്‍ ലോകയാത്ര നടത്താമെന്ന വെല്ലുവിളിയായിരുന്നു നെല്ലി ബ്ലൈ ഏറ്റെടുത്തത്. അങ്ങനെ തലമുറകള്‍ക്ക് പ്രചോദനമായി, 132 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നവംബര്‍ 14-നായിരുന്നു നെല്ലി ബ്ലൈ തന്റെ ലോകയാത്ര ആരംഭിച്ചത്. നെല്ലി ബ്ലൈ എപ്പോഴും സാഹസികതയെ പ്രണയിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. തന്റെ പുതിയ തരത്തിലുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനും പേരുകേട്ട നെല്ലി ബ്ലൈ, ഒരിക്കല്‍ മാനസിക അഭയകേന്ദ്രത്തില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന പരുഷമായ ചികിത്സയുടെയും പെരുമാറ്റത്തിന്റെയും റിപ്പോര്‍ട്ടുകള്‍ അന്വേഷിക്കാന്‍ ഭ്രാന്താണെന്ന് നടിച്ച് അവിടെ പ്രവേശിച്ച് ആ സത്യാവസ്ഥകള്‍ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്തിരുന്നു. അവരുടെ മേഖലകള്‍ പത്രപ്രവര്‍ത്തനത്തിന് മാത്രം ഒതുങ്ങുന്നതല്ല. പല കണ്ടുപിടുത്തങ്ങളോടൊപ്പം വ്യവസായി, സന്നദ്ധ പ്രവര്‍ത്തക എന്നീ നിലകളിലും അവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുപോന്നു.
എന്നാല്‍, 72 ദിവസത്തിനുള്ളില്‍ ഒരു ലോക യാത്ര നെല്ലി ബ്ലൈ എങ്ങനെ നടത്തി? പത്രപ്രവര്‍ത്തന ജീവിതത്തോടെയാണ് ഈ യാത്രയിലേക്ക് അവര്‍ എത്തിച്ചേരുന്നത്. യഥാര്‍ത്ഥത്തില്‍ പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗിലെ പ്രശസ്തമായ ദിനപ്പത്രം 'പിറ്റ്‌സ്ബര്‍ഗ് ഡിസ്പാച്ചി'ല്‍ ആണ് പത്രപ്രവര്‍ത്തകയായി അവര്‍ ജോലി ചെയ്യാന്‍ തുടങ്ങിയത്. അതിലെ 'വനിതാ പേജി'ലെ കഥകളില്‍ മടുത്ത് അവര്‍ ന്യൂയോര്‍ക്കിലേക്ക് മാറാന്‍ തീരുമാനിച്ചു. പക്ഷേ, അവിടുത്തെ പല എഡിറ്റര്‍മാരും ഒരു സ്ത്രീയെ ജോലിക്ക് എടുക്കാന്‍ വിസമ്മതിച്ചു. പ്രശസ്തമായ ന്യൂയോര്‍ക്ക് വേള്‍ഡില്‍ നിന്നും അവര്‍ നിരസിക്കല്‍ നേരിട്ടിരുന്നു. എന്നാല്‍ സ്ത്രീകളുടെ ഭ്രാന്താലയത്തിലെ അനീതികള്‍ തുറന്നുകാട്ടാന്‍ ഭ്രാന്ത് നടിച്ച് ആ കേന്ദ്രത്തില്‍ പ്രവേശിക്കുക എന്ന വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കിയത്തോടെ ജോസഫ് പുലിറ്റ്‌സര്‍ നടത്തുന്ന ന്യൂയോര്‍ക്ക് വേള്‍ഡില്‍ സ്ഥിരജോലിക്ക് നെല്ലി ബ്ലൈയ്ക്കിന് അവസരം ലഭിച്ചു.
132 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു നവംബര്‍ 14
1888 ല്‍ ഫിലിയസ് ഫോഗിന്റെ സാങ്കല്‍പ്പിക യാത്രയെ യാഥാര്‍ത്ഥ്യമാക്കാന്‍ ലോകമെമ്പാടും ഒരു യാത്ര നടത്തണമെന്ന തന്റെ ആഗ്രഹം അവര്‍ എഡിറ്ററോട് അവതരിപ്പിച്ചു. ഒരു വര്‍ഷത്തിനുശേഷം, 1889 നവംബര്‍ 14-ന്, അതായത് 132 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഹാംബര്‍ഗ് അമേരിക്ക ലൈനിലെ ആവിക്കപ്പലായ അഗസ്റ്റാ വിക്ടോറിയ എന്ന കപ്പലില്‍ നെല്ലി ബ്ലൈ യാത്ര ആരംഭിച്ചു. ഒരു കോട്ടും അടിവസ്ത്രങ്ങളുമുള്‍പ്പടെയുള്ള അത്യാവശ്യസാധനങ്ങള്‍ മാത്രം അടങ്ങിയ ഒരു ചെറിയ ട്രാവല്‍ ബാഗിനൊപ്പം വളരെ അടിസ്ഥാനപരമായ ചില സാധനങ്ങള്‍ മാത്രമെ അവരുടെ പക്കല്‍ ഉണ്ടായിരുന്നുള്ളൂ. അവള്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും കറന്‍സിയിലുള്ള പണവുമായി ന്യൂജേഴ്‌സിയിലെ ഹോബോക്കനില്‍ നിന്ന് ലോകയാത്രയ്ക്കായി പുറപ്പെട്ടു.
നെല്ലി ബ്ലൈ, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നിവിടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ എഴുത്തുകാരന്‍ ജൂള്‍സ് വെര്‍ണിനുമായി കൂടികാഴ്ച നടത്തി. പിന്നീട് ഇറ്റലിയിലെ ബ്രിണ്ടിസി, സൂയസ് കനാല്‍, കൊളംബോ, സിംഗപ്പൂര്‍, ഹോങ്കോംഗ്, ജപ്പാന്‍ എന്നിവിടങ്ങളിലേക്ക് അവര്‍ യാത്ര നടത്തി. തന്റെ യാത്രയുടെ ചെറുവിവരണങ്ങളും റിപ്പോര്‍ട്ടുകളും 'വൈ സബ്മറൈന്‍ കേബിള്‍' നെറ്റ്വര്‍ക്കുകളുടെയും ഇലക്ട്രിക് ടെലിഗ്രാഫിന്റെയും സഹായത്തോടെ അയയ്ക്കാനും നെല്ലി ബ്ലൈക്ക് കഴിഞ്ഞു. തന്റെ യാത്രയുടെ ഭൂരിഭാഗം സമയത്തും അവര്‍ ആവിക്കപ്പലുകളിലും റെയില്‍റോഡ് സംവിധാനത്തിലുമായിരുന്നു സഞ്ചരിച്ചത്.
റെക്കോര്‍ഡിലേക്ക് ചുവടുവയ്ക്കുന്നു
പസഫിക്ക് മുറിച്ചുകടക്കുമ്പോള്‍ നെല്ലി ബ്ലൈ മോശം കാലാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയ നെല്ലി ബ്ലൈയെ രണ്ട് ദിവസം കഴിഞ്ഞ് ന്യൂയോര്‍ക്ക് വേള്‍ഡിന്റെ ഉടമ വീട്ടിലേക്ക് മടങ്ങാന്‍ സഹായിച്ചു. അതിനായി അദ്ദേഹം ഒരു സ്വകാര്യ ട്രെയിന്‍ ചാര്‍ട്ടര്‍ ചെയ്യുകയും ചെയ്തു. 1890 ജനുവരി 25-ന് ഉച്ചകഴിഞ്ഞ് 3:51-ന് നെല്ലി ബ്ലൈ ന്യൂജേഴ്‌സിയില്‍ തിരിച്ചെത്തി. അതോടെ 72 ദിവസം കൊണ്ട് ലോകയാത്ര നടത്തിയ റെക്കോര്‍ഡ് അവര്‍ സ്വന്തമാക്കി. ന്യൂയോര്‍ക്ക് പത്രമായ കോസ്‌മോപൊളിറ്റന്‍ തങ്ങളുടെ സ്വന്തം റിപ്പോര്‍ട്ടര്‍ എലിസബത്ത് ബിസ്ലാന്‍ഡിനെ, നെല്ലി ബ്ലൈയുടെ റെക്കോര്‍ഡ് മറികടക്കാന്‍ അയച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ നെല്ലി ബ്ലൈയേക്കാള്‍ 4 ദിവസം അധികം സമയമെടുത്താണ് എലിസബത്ത് ബിസ്ലാന്‍ഡ് തിരികെ എത്തിയത്.
'എറൗണ്ട് ദ വേള്‍ഡ് ഇന്‍ സെവന്റി ടൂ ഡെയ്സ്'
കൂടുതല്‍ നൂതനമായ യാത്രാ രീതികള്‍ എത്തിയത്തോടെ നെല്ലി ബ്ലൈയുടെ റെക്കോര്‍ഡ് ഉടന്‍ തന്നെ തകര്‍ക്കപ്പെട്ടു. എങ്കിലും പരിമതികളില്‍ നിന്നുകൊണ്ട്, പ്രത്യേകിച്ച് ഒരു സ്ത്രീ നടത്തിയ ഈ യാത്ര ഇപ്പോഴും ഏറ്റവും മികച്ച ഒന്നായി പരാമര്‍ശിക്കപ്പെടുന്നു. 'എറൗണ്ട് ദ വേള്‍ഡ് ഇന്‍ സെവന്റി ടൂ ഡെയ്സ്' എന്ന പുസ്തകത്തിലൂടെ തന്റെ സാഹസിക യാത്ര നെല്ലി ബ്ലൈ വിശദീകരിക്കുന്നുണ്ട്. 1895-ല്‍ വിവാഹിതയായ അവര്‍ ഭര്‍ത്താവും വ്യവസായുമായ റോബര്‍ട്ട് സീമാനൊപ്പം ചേര്‍ന്ന് വ്യവസായശാല മുന്നോട്ടു കൊണ്ടുപോകുന്നതിലായിരുന്നു ശ്രദ്ധ പതിപ്പിച്ചത്. അവിടെ ചില പുതിയ ഇരുമ്പ് ഉപകരണങ്ങള്‍ നിര്‍മ്മിച്ച് അതില്‍ പേറ്റന്റ് നേടുകയും ചെയ്തിരുന്നു അവര്‍. ഒന്നാം ലോകമഹായുദ്ധകാലത്ത് ഒരു യുദ്ധ റിപ്പോര്‍ട്ടറായി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പെന്‍സില്‍വാനിയയിലുള്ള ആംസ്ട്രോംഗ് കൗണ്ടിയില്‍, ബര്‍റെല്‍ ടൗണ്‍ഷിപ്പിന്റെ പിറ്റ്സ്ബര്‍ഗ് പ്രാന്തപ്രദേശമായ 'കോക്രെയ്ന്‍സ് മില്‍സില്‍' 1864 മെയ് 5 ആണ് എലിസബത്ത് ജെയ്ന്‍ കോക്രെയ്ന്‍ ജനിച്ചത്. അവരുടെ പിതാവ് മൈക്കല്‍ കോക്രെയ്ന്‍, ഒരു മില്‍ തൊഴിലാളിയായി ജീവിതം ആരംഭിച്ചയാളാണ്. പെന്‍സില്‍വാനിയയിലെ കോക്രെയ്ന്‍സ് മില്‍സില്‍ ഒരു വ്യാപാരിയും പോസ്റ്റ്മാസ്റ്ററും അസോസിയേറ്റ് ജസ്റ്റീസുമായി തീര്‍ന്ന മൈക്കലിന്റെ രണ്ടാമത്തെ ഭാര്യ മേരി ജെയ്ന്‍ ആണ് എലിസബത്ത് ജെയ്ന്‍ കോക്രെയ്ന്റെ മാതാവ്. 1922 ല്‍ ജനുവരി 27 ന് 57ാം വയസ്സില്‍ ന്യൂമോണിയ ബാധിതയായി അവര്‍ മരണപ്പെട്ടു.