നേപ്പാൾ പ്രസിഡന്റിന്റെ വസതിക്ക് സമീപം വെടിവയ്പ്പ് ഉണ്ടായി. ഇതിൽ ഒരാൾക്ക് പരിക്കേറ്റു. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ തുടർച്ചയായ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. പൊതുയോഗങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പരസ്യമായി ലംഘിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ തടിച്ചുകൂടി. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രകടനക്കാർ രംഗത്തെത്തി. അക്രമം രൂക്ഷമായതോടെ, പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈകുന്നേരം 6 മണിക്ക് സർവകക്ഷി യോഗം വിളിച്ചതായി ഒലി പ്രഖ്യാപിച്ചു.
“സാഹചര്യം വിലയിരുത്തുന്നതിനും അർത്ഥവത്തായ ഒരു നിഗമനത്തിലെത്തുന്നതിനും ഞാൻ ബന്ധപ്പെട്ട കക്ഷികളുമായി ചർച്ചയിലാണ്. അതിനായി ഇന്ന് വൈകുന്നേരം 6 മണിക്ക് ഒരു സർവകക്ഷി യോഗവും ഞാൻ വിളിച്ചിട്ടുണ്ട്. ഈ ദുഷ്‌കരമായ സാഹചര്യത്തിൽ ശാന്തത പാലിക്കാൻ എല്ലാ സഹോദരീസഹോദരന്മാരെയും ഞാൻ താഴ്മയോടെ അഭ്യർത്ഥിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
advertisement
കാഠ്മണ്ഡുവിലെ കലങ്കി, ബനേഷ്‌വോർ പ്രദേശങ്ങളിലും ലളിത്പൂർ ജില്ലയിലെ ചാപ്പഗൗൺ-തെച്ചോ ബെൽറ്റിലും ജനക്കൂട്ടം തടിച്ചുകൂടി. "വിദ്യാർത്ഥികളെ കൊല്ലരുത്", "കെ പി ചോർ, ദേശ് ഛോഡ്" (കെപി ശർമ ഒലി ഒരു കള്ളനാണ്, രാജ്യം വിടുക), "അഴിമതിക്കാരായ നേതാക്കൾക്കെതിരെ നടപടിയെടുക്കുക" തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയും, ടയറുകൾ കത്തിച്ചും രാവിലെ മുതൽ തന്നെ കലങ്കിയിൽ പ്രകടനക്കാർ റോഡുകൾ ഉപരോധിച്ചതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു.
ലളിത്പൂരിലെ സുനകോത്തിയിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കാൻ നേരത്തെ ഉത്തരവിട്ട കമ്മ്യൂണിക്കേഷൻ മന്ത്രി പൃഥ്വി സുബ്ബ ഗുരുങ്ങിന്റെ വസതിക്ക് നേരെ പ്രക്ഷോഭകർ കല്ലെറിഞ്ഞു. ഖുമാൽത്തറിലെ മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ 'പ്രചണ്ഡ'യുടെ വീടും പ്രതിഷേധക്കാർ നശിപ്പിച്ചു, ബുധാനിൽകാന്തയിലെ മറ്റൊരു മുൻ പ്രധാനമന്ത്രിയായ ഷേർ ബഹാദൂർ ദ്യൂബയുടെ വസതിക്ക് പുറത്ത് പ്രകടനങ്ങൾ നടത്തി.
നേപ്പാൾ തലസ്താനമായ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും രാജ്യത്തെ യുവജനങ്ങൾ നേതൃത്വം നൽകിയ പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോട്ട്. സംഘർഷങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാൾ ആഭ്യന്തരമന്ത്രി രമേശ് ലേഖക് രാജിവെച്ചിരുന്നു.
സമൂഹമാധ്യമങ്ങൾ സർക്കാർ നിരോധിച്ചത് യുവാക്കളുടെ വ്യാപക പ്രതിഷേധത്തിനാണ് വഴിതെളിച്ചത്. സർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഈ കമ്പനികളെല്ലാം നേപ്പാളിൽ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു സർക്കാരിന്റെ ആവശ്യം. സംഘർഷത്തിനിടെ ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.