പ്രക്ഷോഭവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതിനായി ഒരു പ്രത്യേക സമിതിയെ സർക്കാർ നിയമിച്ചിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രക്ഷോഭത്തിൽ നിന്ന് പിൻമാറണമെന്ന് സർക്കാർ യുവാക്കളോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. അനുമതിയില്ലാത്ത 26 സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നേപ്പാൾ സർക്കാർ നിരോധനമേർപ്പെടുത്തിയതിനെ തുടർന്ന് രാജ്യത്ത് വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. ഫേസ്‌ബുക്ക്, യൂട്യൂബ്, എക്സ് തുടങ്ങിയ പ്രമുഖ സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള സർക്കാർ നീക്കവും പ്രതിഷേധത്തിന് കാരണമായി. വെള്ളിയാഴ്ച ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങൾക്കെതിരെ യുവാക്കൾക്കിടയിൽ കടുത്ത രോഷമാണ് ഉയരുന്നത്. ആശയവിനിമയം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്ക്കായി സമൂഹമാധ്യമങ്ങളെ ആശ്രയിക്കുന്നവരാണ് നേപ്പാളിലെ യുവതലമുറ.
advertisement
നിലവിൽ, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഹിമാലയൻ രാജ്യമായ നേപ്പാളിൽ, ലോകബാങ്കിന്റെ കണക്കനുസരിച്ച് തൊഴിലില്ലായ്മ ഏകദേശം 10 ശതമാനമായി വർദ്ധിച്ചു. പ്രതിശീർഷ ജിഡിപി വെറും 1,447 ഡോളറാണ്. ഈ സാഹചര്യത്തിൽ, സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം ജനങ്ങളുടെ ദുരിതങ്ങളോട് സർക്കാരിനുള്ള താൽപര്യമില്ലായ്മയുടെ തെളിവാണെന്ന് പലരും വിമർശിക്കുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാത്ത നേതാക്കൾ തെറ്റായ കാര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് പൗരന്മാർ വിശ്വസിക്കുന്നു.