ലേണ്‍ ആന്‍ഡ് ഏണ്‍(learn and earn) എന്ന ഒരു കാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് ബിപിന്‍ ഇസ്രയേലില്‍ എത്തിയത്. ആക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ഇസ്രയേലിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗാസ അതിര്‍ത്തിക്കടുത്തുള്ള കിബ്ബട്ട്‌സ് അലുമിമില്‍ മറ്റ് 16 നേപ്പാളി വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു താമസം.
ഇസ്രയേലി കൃഷിരീതികളില്‍ പ്രായോഗിക പരിശീലനം നല്‍കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. ജോഷിയും മറ്റ് വിദ്യാര്‍ഥികളും അഭയം തേടിയിരുന്ന ഷെല്‍ട്ടറിലേക്ക് ഹമാസ് തീവ്രവാദികള്‍ എറിഞ്ഞ ഒരു ഗ്രനേഡ് ബിപിൻ വഴിതിരിച്ചുവിട്ടതിനാല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഹമാസിന്റെ ആക്രമണത്തില്‍ ബിപിന്റെ 10 സഹപാഠികള്‍ കൊല്ലപ്പെട്ടിരുന്നു.
advertisement
ബിപിനെ തട്ടിക്കൊണ്ടുപോയി ആഴ്ചകള്‍ക്ക് ശേഷം അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. അത് അദ്ദേഹത്തിന്റെ കുടുംബത്തിനും അധികാരികള്‍ക്കും അദ്ദേഹം സുരക്ഷിതനായി ഇരിക്കുന്നുവെന്ന പ്രതീക്ഷ നല്‍കി. അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇസ്രയേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ കുടുംബവുമായി ഈ വീഡിയോ ദൃശ്യങ്ങള്‍ പങ്കിട്ടിരുന്നു.
ഹമാസിന്റെ സൈനിക വിഭായമായ ഖസ്സാം ബ്രിഗേഡ്‌സ് നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ ഇസ്രയേലിന് തിരികെ നല്‍കുമെന്ന് തിങ്കളാഴ്ച അറിയിച്ചിരുന്നു. അതില്‍ ഒരാള്‍ ബിപിനാണെന്നാണ് വിവരം.
ഇസ്രയേലിലെ നേപ്പാളി അംബാസിഡര്‍ ധന പ്രസാദ് പണ്ഡിറ്റ്, ജോഷിയുടെ സഹോദരി പുഷ്പ, ബന്ധു കിഷോര്‍ ജോഷി എന്നിവരെ പ്രാദേശിക സമയം രാവിലെ 7.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചിട്ടുണ്ട്. ഹമാസിൽ നിന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാൻ റെഡ് ക്രോസ് പ്രതിനിധികള്‍ പോയതായി റിപ്പോര്‍ട്ടുണ്ട്. ബിപിന്റെ മൃതദേഹം നേപ്പാളിലേക്ക് അയയ്ക്കുന്നതിന് മുമ്പായി ഡിഎന്‍എ പരിശോധന നടത്തും.
ബിപിന്റെ അമ്മ പത്മയും സഹോദരി പുഷ്പയും അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് നിരവധി തവണ ഇസ്രയേലിലേക്ക് പോയിരുന്നു. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, നെസെറ്റ് സ്പീക്കര്‍ അമീര്‍ ഒഹാന തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കാണുകയും ബിപിന്റെ മോചനത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത്, യുഎസ് എന്നീ സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തി ബിപിന്റെ മോചനത്തിനായി കഴിഞ്ഞ രണ്ടുവര്‍ഷമായി നേപ്പാളി അധികൃതര്‍ ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഹമാസ് മോചിപ്പിച്ച ബന്ദികളുടെ പട്ടികയില്‍ ബിപിന്റെ പേര് ഉണ്ടായിരുന്നില്ല.
മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി ഏകദേശം 400 മൈല്‍ ദൂരം വ്യാപിച്ചുകിടക്കുന്ന ഗാസ തുരങ്കങ്ങളില്‍ മാസങ്ങളോളം അന്വേഷണ ഉദ്യോഗസ്ഥർ തിരച്ചില്‍ നടത്തിയിരുന്നതായി നേപ്പാള്‍ അംബാസിഡര്‍ പറഞ്ഞു. നേപ്പാള്‍ എംബസിയുമായി സഹകരിച്ച് ബിപിന്റെ മൃതദേഹം അന്ത്യ കര്‍മങ്ങള്‍ക്കായി കുടുംബാംഗങ്ങളെ ഏല്‍പ്പിക്കുമെന്ന് ഇസ്രയേലി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.