അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ യുദ്ധക്കുറ്റത്തിന് വിചാരണ നേരിടുന്ന നെതന്യാഹു ഇസ്രയേല്‍ ഗാസയിലെ ജോലി പൂര്‍ത്തിയാക്കുമെന്നും കഴിയുന്നത്ര വേഗത്തില്‍ അത് ചെയ്യുമെന്നും പ്രസംഗത്തിനിടെ പ്രഖ്യാപിച്ചു. യുഎൻ പൊതുസഭയിലെ തന്റെ പ്രസംഗം പലസ്തീനികളെ കേള്‍പ്പിക്കുന്നതിനായി ഗാസ മുനമ്പില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കാന്‍ അദ്ദേഹം ഇസ്രയേല്‍ സൈന്യത്തോട് ഉത്തരവിട്ടിരുന്നു.
പ്രസംഗത്തിനിടെ അറബ്, മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള ഭൂരിഭാഗം പ്രതിനിധികളും ഇറങ്ങിപ്പോയെന്ന് വാര്‍ത്താ വെബ്‌സൈറ്റായ അക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
ലോകവേദിയില്‍ ഇസ്രയേല്‍ കൂടുതല്‍ ഒറ്റപ്പെടുന്നതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനപ്പുറം സഖ്യകക്ഷികള്‍ കുറവാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതിനിധികള്‍ ഇറങ്ങിപ്പോയത്.
അതേസമയം, പലസ്തീന് പിന്തുണ പ്രഖ്യാപിക്കുന്നത് നാണക്കേടാണെന്ന് നെതന്യാഹു പറഞ്ഞു. ബാല്‍ക്കണിയില്‍ ചിലര്‍ എഴുന്നേറ്റുനിന്ന് അദ്ദേഹത്തിനുവേണ്ടി കൈയ്യടിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ''കാലക്രമേണ പല ലോകനേതാക്കളും വഴങ്ങി. പക്ഷപാതപരമായി ഇടപെടുന്ന മാധ്യമങ്ങളുടെയും തീവ്ര ഇസ്ലാമിക ഘടകങ്ങളുടെയും ജൂതവിരുദ്ധ സംഘങ്ങളുടെയും സമ്മര്‍ദ്ദത്തിന് അവര്‍ വഴങ്ങി,'' ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.
തന്റെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനായി ഇസ്രയേല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഗാസയിലുടനീളമുള്ള ഫോണുകള്‍ പിടിച്ചെടുത്തതായി നെതന്യാഹു പറഞ്ഞു. കീഴടങ്ങാനും ആയുധങ്ങള്‍ താഴെ വയ്ക്കാനും ബന്ധികളെ മോചിപ്പിക്കാനും അദ്ദേഹം ഹമാസ് നേതാക്കളോട് ആവശ്യപ്പെട്ടു.
''അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ ഞങ്ങളെ പരസ്യമായി കുറ്റപ്പെടുത്തുന്ന നിരവധി രാജ്യങ്ങളുടെ നേതാക്കള്‍ ഞങ്ങളോട് നന്ദി പറയുകാണ്. അവരുടെ തലസ്ഥാനങ്ങളില്‍ വീണ്ടും തീവ്രവാദ ആക്രമണങ്ങള്‍ തടഞ്ഞ ഇസ്രയേലിന്റെ മികച്ച ഇന്റലിജന്റ്‌സ് സേവനങ്ങളെ തങ്ങള്‍ വിലമതിക്കുന്നതായും അവര്‍ പറഞ്ഞതായി'', നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ട്രംപ് ഭരണകൂടം വിസ നിഷേധിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. പലസ്തീനികള്‍ ഒരിക്കലും ഗാസ വിട്ടുപോകില്ലെന്ന് അബ്ബാസ് പ്രഖ്യാപിച്ചു.
ഓസ്‌ട്രേലിയ, ബ്രിട്ടണ്‍, കാനഡ, ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം പലസ്തീനെ ഔദ്യോഗിക രാഷ്ട്രമായി അംഗീകരിച്ചിരുന്നു.
ഗാസയിലെ വംശഹത്യയുടെ ആരോപണങ്ങള്‍ നിഷേധിച്ചു
ഗാസയില്‍ വംശഹത്യ നടത്തിയതായും പട്ടിണി ഒരു തന്ത്രമായി ഉപയോഗിച്ചതായുമുള്ള ആരോപണങ്ങള്‍ നെതന്യാഹു തന്റെ പ്രസംഗത്തില്‍ നിഷേധിച്ചു. പലസ്തീന് രാഷ്ട്രപദവി നല്‍കിയ പാശ്ചാത്യ രാജ്യങ്ങളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഒരു പലസ്തീന്‍ രാജ്യം രൂപീകരിക്കുന്നതിനെ തടയമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.