577 അംഗങ്ങളുള്ള ഫ്രഞ്ച് അധോസഭയില്‍ കേവലഭൂരിപക്ഷം തികയ്ക്കാന്‍ 289 സീറ്റുകള്‍ നേടണം. നിലവില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ലയെന്നതാണ് വസ്തുത. ഇനി എങ്ങനെയാണ് സര്‍ക്കാര്‍ രൂപീകരിക്കുകയെന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഒന്നാം സ്ഥാനത്തെത്തിയ ന്യൂ പോപ്പുലര്‍ ഫ്രണ്ടിനെപ്പറ്റി കൂടുതലായി അറിയാം. എന്താണ് ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യം? സഖ്യത്തിലെ പ്രധാന നേതാക്കള്‍ ആരെല്ലാം?
ന്യൂ പോപ്പുലര്‍ ഫ്രണ്ട്
യൂറോപ്യന്‍ പാര്‍ലമെന്റിലെ തീവ്രവലതുപക്ഷത്തിന്റെ വിജയത്തിന് പിന്നാലെയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അധോസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യം രൂപംകൊണ്ടത്. ഫ്രാന്‍സിലെ പ്രധാന ഇടതുപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന സഖ്യമാണ് നാഷണല്‍ പോപ്പുലര്‍ ഫ്രണ്ട്. ഫ്രാന്‍സ് അണ്‍ബൗഡ് പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി, ഇക്കോളജിസ്റ്റ് പാര്‍ട്ടി, ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി, പ്ലേസ് പബ്ലിക് എന്നിവയും മറ്റ് ചെറിയ പാര്‍ട്ടികളും ഈ സഖ്യത്തിലുള്‍പ്പെട്ടിരിക്കുന്നു.
advertisement
ആരാണ് ഈ സഖ്യത്തിന്റെ തലവന്‍ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ വിജയം ഒരുമിച്ച് ആഘോഷിക്കുന്നതിന് പകരം സഖ്യത്തിലെ ഓരോ കക്ഷിയും അവരവരുടെ പാര്‍ട്ടി ആസ്ഥാനത്താണ് ആഘോഷിച്ചത്.
സഖ്യത്തിലെ തീവ്ര ഇടതുപക്ഷമായ ജോ ലിക് മെലാഷോയുടെ ഫ്രാന്‍സ് അണ്‍ബൗഡാണ് നിലവില്‍ സഖ്യത്തിലെ സ്വാധീന ശക്തിയായി തുടരുന്നത്. 74 സീറ്റാണ് ഫ്രാന്‍സ് അണ്‍ബൗഡ് നേടിയത്. രാഷ്ട്രീയത്തില്‍ നീണ്ട അനുഭവസമ്പത്തുള്ള നേതാവ് കൂടിയാണ് ഫ്രാന്‍സ് അണ്‍ബൗഡിന്റെ നേതാവായ ജോ ലിക് മെലാഷോ. 35-ാം വയസ്സില്‍ സെനറ്റംഗമായ ഇദ്ദേഹം 2022ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നിരുന്നാലും മെലാഷോയ്ക്ക് ജനകീയ പിന്തുണ വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സഖ്യത്തിലെ മറ്റൊരു പ്രധാന പാര്‍ട്ടിയായ പ്ലേസ് പബ്ലിക്കിലെ റാഫേല്‍ ഗ്ലക്‌സ്മാനാണ് മറ്റൊരു പ്രമുഖ നേതാവ്. യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം കൂടിയാണിദ്ദേഹം. ഗ്രീന്‍ പാര്‍ട്ടി നേതാവായ മറീന്‍ ടോണ്ട്‌ലിയറാണ് സഖ്യത്തിലെ മറ്റൊരു പ്രധാന സ്വാധീനശക്തി. തിരഞ്ഞെടുപ്പ് പ്രചരണത്തിലെ ഇടതുപക്ഷസഖ്യത്തിന്റെ പ്രധാന ശബ്ദങ്ങളിലൊന്നായിരുന്നു മറീന്റേത്.
മാക്രോണിന്റെ വിവാദമായ പെന്‍ഷന്‍ പരിഷ്‌കരണങ്ങളില്‍ മാറ്റം കൊണ്ടുവരുമെന്നും വിരമിക്കല്‍ പ്രായം 60 ആക്കുമെന്നുമാണ് ന്യൂ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. അധികാരത്തിലെത്തിയാല്‍ മിനിമം പ്രതിമാസ വേതനം 1600 യൂറോയായി ഉയര്‍ത്തുമെന്നും അവശ്യ ഭക്ഷണം, വൈദ്യുതി, ഗ്യാസ്, ഇന്ധനം എന്നിവയുടെ വില നിയന്ത്രിക്കുമെന്നും ന്യൂ പോപ്പുലര്‍ ഫ്രണ്ട് പറയുന്നു.
കൂടാതെ അധികാരത്തിലെത്തിയാല്‍ ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് വേണ്ടി ആഹ്വാനം ചെയ്യുമെന്നും പാലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്നും ന്യൂ പോപ്പുലര്‍ ഫ്രണ്ട് വാഗ്ദാനം ചെയ്യുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ യുക്രെയ്ന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും സഖ്യം അറിയിച്ചിരുന്നു.