ന്യൂസീലാൻഡിലെ തദ്ദേശീയ വിഭാഗമായ മാവോറിയെ പ്രതിനിധീകരിക്കുന്ന എംപിയാണ് ഹന-റൗഹിതി കരേരികി മൈപി-ക്ലാര്‍ക്ക്. 1853 ലെ തിരഞ്ഞെടുപ്പില്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ട 20 വയസ്സും 7 മാസവും പ്രായമുള്ള ജെയിംസ് സ്റ്റുവര്‍ട്ട്-വോര്‍ട്ട്‌ലിക്കിന് ശേഷം എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഹന.
'ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി മരിക്കും, പക്ഷെ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ജീവിക്കുകയും ചെയ്യും', എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഹന റൗഹിതിയുടെ കന്നി പ്രസംഗത്തിലെ വാക്കുകള്‍ ലോക ശ്രദ്ധ കവര്‍ന്നിരുന്നു. ഈ പ്രസംഗത്തിനൊപ്പം ഹക്ക അവതരിപ്പിച്ചപ്പോഴുമാണ് ഹന ആദ്യമായി വൈറലായത്.
advertisement
ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ ട്രീറ്റി പ്രിന്‍സിപ്പിള്‍സ് ബില്ലില്‍ വോട്ട് ചെയ്യാന്‍ എംപിമാര്‍ ഒത്തുകൂടിയപ്പോള്‍ പ്രതിഷേധ സൂചകമായി ഉടമ്പടി ബില്ലിന്റെ പകര്‍പ്പ് കീറിമുറിക്കുകയും ശേഷം പരമ്പരാഗത മാവോറി നൃത്തരൂപമായ ഹക അവതരിപ്പിക്കുകയും ചെയ്തു. അതും പാര്‍ലമെന്റിന്റെ ഒത്തനടുക്കാണ് അവര്‍ നൃത്തം ചെയ്തത്.
പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന മറ്റ് അംഗങ്ങളും ഗാലറിയിലെ കാണികളും ഹന-റൗഹിതി കരേരികി മൈപി-ക്ലാര്‍ക്കിനൊപ്പം നൃത്തം ചെയ്യാന്‍ കൂടിയതോടെ, സ്പീക്കര്‍ ജെറി ബ്രൗണ്‍ലി സഭാ സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതനായി. ന്യൂസിലാന്‍ഡിലെ തദ്ദേശീയ സമൂഹങ്ങളുടെ അവകാശങ്ങള്‍ക്കായി ഹന എപ്പോഴും പോരാടാറുണ്ട്.
ബ്രിട്ടീഷുകാരും തദ്ദേശീയരായ മാവോറികളും തമ്മിലുള്ള 184 വര്‍ഷം പഴക്കമുള്ള ഉടമ്പടി പുനര്‍വ്യാഖ്യാനം ചെയ്യുന്ന തദ്ദേശ ഉടമ്പടി ബില്ലിലെ വോട്ടെടുപ്പ് തടസ്സപ്പെടുത്താനാണ് അംഗങ്ങള്‍ ഇങ്ങനെയൊരു നീക്കം നടത്തിയത്. ഗവണ്‍മെന്റും മാവോറിയും തമ്മിലുള്ള ബന്ധത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന 1840-ലെ 'വൈതാംഗി' ഉടമ്പടി പ്രകാരം, ബ്രിട്ടീഷുകാര്‍ക്ക് ഭരണം വിട്ടുകൊടുത്തതിന് പകരമായി ഗോത്രങ്ങള്‍ക്ക് അവരുടെ ഭൂമി നിലനിര്‍ത്താനും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള വിശാലമായ അവകാശങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ടു. ആ അവകാശങ്ങള്‍ എല്ലാ ന്യൂസിലന്‍ഡുകാര്‍ക്കും ബാധകമാകണമെന്ന് ബില്‍ വ്യക്തമാക്കുന്നു.
വിവാദ ഉടമ്പടി തത്വങ്ങള്‍ അടങ്ങിയ ബില്ലിന് - പിന്തുണ കുറവായതിനാല്‍ നിയമമാകാന്‍ സാധ്യതയില്ല. എങ്കില്‍പ്പോലും ഇത് വംശീയ വിദ്വേഷത്തിനും ഭരണഘടനാപരമായ പ്രക്ഷോഭത്തിനും ഭീഷണിയാണെന്ന് ബില്ലിനെ എതിര്‍ക്കുന്നവര്‍ പറയുന്നു.
ഭരിക്കുന്ന മധ്യ-വലത് സഖ്യ സര്‍ക്കാരിലെ ജൂനിയര്‍ പങ്കാളിയായ എസിടി ന്യൂസിലാന്‍ഡ് പാര്‍ട്ടി, കഴിഞ്ഞ ആഴ്ച വൈതാംഗി ഉടമ്പടി നിയമത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു ബില്‍ അവതരിപ്പിച്ചു...വൈതാംഗി ഉടമ്പടിയുടെ ചില തത്ത്വങ്ങളില്‍ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു ബില്‍ ആണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഈ നീക്കത്തിന് നിരവധി മാവോറികളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിട്ടു.
ബില്ലിന്മേലുള്ള പ്രാഥമിക വോട്ടെടുപ്പിനായി പാര്‍ലമെന്റംഗങ്ങള്‍ ഒത്തുകൂടിയപ്പോളാണ് ഹനയുടെ പ്രതിഷേധിച്ചത്. രാജ്യത്തെ തദ്ദേശവാസികളുടെ അവകാശങ്ങളെ ബില്‍ തുരങ്കം വയ്ക്കുന്നതായി മാവോറികളും അവരെ പിന്തുണയ്ക്കുന്നവരും അവകാശപ്പെടുന്നു. ന്യൂസിലാൻഡിലെ 53 ലക്ഷം ജനസംഖ്യയുടെ 20 ശതമാനവും മാവോറികളാണ്. മാവോറികളുടെ അവകാശങ്ങള്‍ക്ക് ഭീഷണിയായാണ് ഈ ബില്ലിനെ അവര്‍ കാണുന്നത്.