വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ തനിക്ക് ലഭിച്ച 2025-ലെ നൊബേൽ സമാധാന പുരസ്കാര മെഡൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറിയത് ആഗോളതലത്തിൽ വലിയ വാർത്തയി മാറിയിരുന്നു. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ മെഡൽ ട്രംപിന് നൽകിയത്. പരസ്പര ബഹുമാനത്തിന്റെ അടയാളമെന്നാണ് മച്ചാഡോയുടെ പ്രവർത്തിയെ ട്രംപ് വിശേഷിപ്പിച്ചത്. മെഡൽ ഇപ്പോൾ ട്രംപിന്റെ കൈവശമാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിരുന്നു. എന്നാൽ നോബൽ സമ്മാനം മറ്റൊരാൾക്ക് പങ്കുവെക്കാനോ കൈമാറാനോ നിയമപരമായി സാധിക്കുമോ എന്ന ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
advertisement
നൊബേൽ സമ്മാനം കൈമാറ്റം ചെയ്യാൻ കഴിയുമോ?
നോബൽ കമ്മിറ്റിയുടെ നിയമങ്ങൾ അനുസരിച്ച്, ഒരിക്കൽ പ്രഖ്യാപിച്ച പുരസ്കാരം മാറ്റമില്ലാത്തതാണ്. നോബൽ സമാധാന പുരസ്കാരം പ്രഖ്യാപിച്ചു കഴിഞ്ഞാൽ അത് റദ്ദാക്കാനോ മറ്റൊരാൾക്ക് പങ്കുവെക്കാനോ കൈമാറാനോ കഴിയില്ലെന്ന് നോബൽ പീസ് സെന്റർ സമൂഹമാധ്യമമായ എക്സിലൂടെ വ്യക്തമാക്കി. പുരസ്കാരമായി ലഭിച്ച സ്വർണ്ണ മെഡൽ മറ്റൊരാൾക്ക് കൈമാറാൻ സാധിക്കുമെങ്കിലും, നോബൽ ജേതാവ് എന്ന പദവി മറ്റൊരാളിലേക്ക് മാറ്റാൻ സാധിക്കില്ല. വെനസ്വേലയിൽ ജനാധിപത്യ അവകാശങ്ങൾക്കും സമാധാനപരമായ ഭരണമാറ്റത്തിനും വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്കാണ് മച്ചാഡോയ്ക്ക് 2025-ലെ സമാധാന നൊബേൽ പുരസ്കാരം ലഭിച്ചത്.
നോബൽ സമ്മാനം തിരിച്ചുവാങ്ങാനോ റദ്ദാക്കാനോ നിയമപരമായി യാതൊരു സാധ്യതയുമില്ല. ആൽഫ്രഡ് നോബലിന്റെ വിൽപ്പത്രത്തിലോ നോബൽ ഫൗണ്ടേഷന്റെ ചട്ടങ്ങളിലോ അത്തരമൊരു കാര്യത്തെക്കുറിച്ച് പരാമർശമില്ല. നോബൽ ഫൗണ്ടേഷൻ ചട്ടങ്ങളിലെ പത്താം ഖണ്ഡിക പ്രകാരം, പുരസ്കാരം നൽകുന്ന സമിതിയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ പോലും സാധിക്കില്ല. ഇതുവരെ സ്റ്റോക്ക്ഹോമിലെയോ ഓസ്‌ലോയിലെയോ ഒരു കമ്മിറ്റിയും അവാർഡ് പിൻവലിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല.
പുരസ്കാരം ലഭിച്ച ശേഷം ജേതാക്കൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചോ അവരുടെ പ്രസ്താവനകളെക്കുറിച്ചോ പ്രതികരിക്കാറില്ലെന്നതാണ് നോബൽ കമ്മിറ്റിയുടെ നയം. ഒരു നിശ്ചിത വർഷത്തെ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ അതുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്തുക മാത്രമാണ് കമ്മിറ്റിയുടെ ചുമതല. പുരസ്കാരം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ആ തീരുമാനം എക്കാലത്തേക്കും നിലനിൽക്കും. ജേതാക്കളുടെ പിൽക്കാല പ്രവർത്തനങ്ങളെ കമ്മിറ്റി നിരീക്ഷിക്കാറുണ്ടെങ്കിലും, അതിനോട് പരസ്യമായി എതിർപ്പോ പിന്തുണയോ പ്രകടിപ്പിക്കാറില്ല.
