സാന്ദ്രവും ദാർശനികവുമായ ഗദ്യത്തിന് പേരുകേട്ടതാണ് ക്രാസ്നഹോർക്കൈയുടെ കൃതികൾ. പോസ്റ്റ്‌മോഡേൺ എന്ന് വിളിക്കപ്പെടുന്ന ഡിസ്റ്റോപ്പിയൻ , വിഷാദാത്മക വിഷയങ്ങൾ കൈകാര്യം ചെയുന്നതായിരുന്നു ക്രാസ്നഹോർക്കൈയുടെ നോവലുകളിലേറെയും. സാത്താൻടാങ്കോ (Satantango 1985), ദി മെലങ്കലി ഓഫ് റെസിസ്റ്റൻസ് (1989) എന്നിവയുൾപ്പെടെ അദ്ദേഹത്തിന്റെ നിരവധി കൃതികൾ ഹംഗേറിയൻ സംവിധായകൻ ബെയ്ലാ താർ സിനിമകളാക്കിയിട്ടുണ്ട്.
1954 ജനുവരി 5 ന് ഹംഗറിയിലെ ഗ്യുലയിൽ ഒരു ഇടത്തരം കുടുംബത്തിലാണ് ക്രാസ്നഹോർകൈ ജനിച്ചത്.1972-ൽ എർക്കൽ ഫെറൻക് ഹൈസ്കൂളിൽ നിന്ന് ലാറ്റിൻ ഭാഷയിൽ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം പിന്നീട് നിയമ ബിരുദവും 1976-ൽ ബുഡാപെസ്റ്റിലെ ഈറ്റ്വോസ് ലോറണ്ട് യൂണിവേഴ്സിറ്റിൽ നിന്ന് ഹംഗേറിയൻ ഭാഷയിലും സാഹിത്യത്തിലും ബിരുദവും നേടി.
advertisement
പഠനം പൂർത്തിയാക്കിയതിനുശേഷം, ക്രാസ്നഹോർകൈ ഒരു ഫ്രീലാൻസ് എഴുത്തുകാരനായി ജോലി നോക്കി. ആദ്യ നോവലായ സാത്താൻടാങ്കോ (1985) ഒരു വലിയ വിജയമായിരുന്നു. അത് അദ്ദേഹത്തെ ഹംഗേറിയൻ സാഹിത്യത്തിലെ മുൻനിര എഴുത്തുകാരിലൊരാളാക്കി.
സാത്താൻടാങ്കോ (Satantango 1985), ദി മെലങ്കലി ഓഫ് റെസിസ്റ്റൻസ് (1989),ദി പ്രിസണർ ഓഫ് ഉർഗ ( 1992), വാർ ആൻഡ് വാർ (1999), ഡിസ്ട്രക്ഷൻ ആൻഡ് സോറോ ബിനീത്ത് ദി ഹെവൻസ് ( 2004) തുടങ്ങിയവയാണ് പ്രധാന കൃതികൾ.
