കഴിഞ്ഞ മാസമാണ് വേൾഡ് ഫുഡ് പ്രോഗ്രാമിന് സമാധാനത്തിനുള്ള നൊബേൽ പുരസ്ക്കാരം ലഭിച്ചത്. അതേസമയം കോവിഡ് 19 മഹാമാരി, അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് എന്നിവ കാരണം നൊബേൽ പുരസ്ക്കാര വാർത്ത വേണ്ടത്ര പ്രധാന്യത്തോടെ ലോകം സ്വീകരിച്ചിട്ടില്ലെന്ന് ഡേവിഡ് ബിയേഴ്സ്ലി സമ്മതിച്ചു. അസോസിയേറ്റഡ് പ്രസിഡന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വാർത്താപ്രാധാന്യം ലഭിച്ചില്ലെങ്കിലും വേൾഡ് ഫുഡ് പ്രോഗ്രാമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അംഗീകാരമാണ് നൊബേൽ പുരസ്ക്കാരമെന്ന് ബിയേഴ്സ്ലി പറഞ്ഞു. 20000-ഓളം വരുന്ന വേൾഡ് ഫുഡ് പ്രോഗ്രാം പ്രവർത്തകർ ഏറെ ആഹ്ലാദത്തോടെയാണ് പുരസ്ക്കാര വാർത്ത ഏറ്റെടുത്തത്. കോവിഡ് മഹാമാരിയുടെ കാലത്ത് ലോകം കൂടുതൽ പ്രശ്നങ്ങളിലേക്കാണ് പോകുന്നതെന്ന് താൻ ഇക്കഴിഞ്ഞ ഏപ്രിലിൽ യുഎൻ രക്ഷാസമിതിക്ക് മുന്നറിയിപ്പ് നൽകിയതാണെന്ന് ബിയേഴ്സ്ലി പറഞ്ഞു. പട്ടിണി കൂടുതൽ രൂക്ഷമാകുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ 2020ൽ ഒരുവിധം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചു. എന്നാൽ 2021ൽ ഈ പ്രശ്നം നേരിടുന്നത് അത്ര എളുപ്പമാകില്ല. കടുത്ത ദാരിദ്ര്യത്തിലേക്കാണ് ലോകം പോകുന്നതെന്നും ബിയേഴ്സ്ലി പറഞ്ഞു.
advertisement
ഒരിടവേളയ്ക്കുശേഷം ലോകമെങ്ങും കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുകയാണ്, പ്രത്യേകിച്ചും വികസ്വര-അവികസിത രാജ്യങ്ങളിൽ. കൂടുതൽ ലോക്ക്ഡൌണുകളിലേക്ക് വിവിധ രാജ്യങ്ങൾ പോകുന്നു. ഈ സാഹചര്യത്തിൽ വേൾഡ് ഫുഡ് പ്രോഗ്രാമിന് 2020ൽ ലഭിച്ച സാമ്പത്തിക സഹായം 2021ൽ ലഭിക്കില്ലെന്ന ആശങ്ക സംഘടനയ്ക്കുണ്ട്. ഇത് തങ്ങളുടെ പ്രവർത്തനങ്ങളെ അവതാളത്തിലാക്കിയേക്കാമെന്നും ബിയേഴ്സ്ലി പറഞ്ഞു. അതിനാൽ ലോകനേതാക്കളെ നേരിൽ സന്ദർശിക്കാനും പാർലമെന്റുകളിൽ വിഷയം ഉയർത്തിക്കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് വേൾഡ് ഫുഡ് പ്രോഗ്രാം.
സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവിനെ അറിയാം ലോകത്തിന് ആഗ്രഗഹമുണ്ടെന്നും, അവരിലേക്ക് കൂടുതൽ സഹായം തേടി വേൾഡ് ഫുഡ് പ്രോഗ്രാം എത്തുമെന്നും ഡേവിഡ് ബിയേഴ്സ്ലി പറഞ്ഞു. ലോകനേതാക്കളെ സന്ദർശിച്ച് അടുത്ത വർഷം നേരിടേണ്ട കടുപ്പമേറിയ അവസ്ഥകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ഇനി വേൾഡ് ഫുഡ് പ്രോഗ്രാം ചെയ്യാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.