സെപ്തംബറിൽ, കിഴക്കൻ റഷ്യയുടെ ബഹിരാകാശ വിക്ഷേപണ കേന്ദ്രം സന്ദർശിക്കുമ്പോൾ, കിം പുടിൻ്റെ ഔദ്യോഗിക കാറായ സെനറ്റ് ലിമോസിനിൽ യാത്ര ചെയ്തിരുന്നു. പുടിന്റെ ക്ഷണപ്രകാരമാണ് കിം പിൻസീറ്റിൽ യാത്ര ചെയ്തത്. ഇതിന് പിന്നാലെയാണ് കിമ്മിന് ലിമോസിൻ കാർ സമ്മാനമായി നൽകാൻ പുടിൻ തീരുമാനിച്ചത്.
പ്യോങ്‌യാങ്ങിൽ നിന്ന് കിം യാത്ര ചെയ്ത പ്രത്യേക ട്രെയിനിലാണ് പുടിൻ സമ്മാനിച്ച മെയ്ബാക്ക് ലിമോസിൻ കാർ എത്തിച്ചത്. ഈ കാർ ഓടിച്ചാണ് കിം ഔദ്യോഗിക വസതിയിലേക്ക് പോയത്. മെഴ്സിഡസ്, റോൾസ് റോയ്സ്, ലെക്സസ് പോലെയുള്ള ആഡംബര വാഹനങ്ങൾ അതത് കമ്പനികൾ ഉത്തരകൊറിയയിലേക്ക് കയറ്റുമതി ചെയ്യാത്തവയാണ്.
advertisement
ഉക്രെയ്നെതിരായ യുദ്ധത്തിൽ ഉത്തരകൊറിയ റഷ്യയ്ക്ക് ആയുധങ്ങൾ നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പീരങ്കികളും റോക്കറ്റുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് ഉത്തരകൊറിയ റഷ്യയ്ക്ക് കൈമാറിയത്. ഉക്രെയ്ൻ യുദ്ധത്തിൽ ഉത്തരകൊറിയൻ നിർമ്മിത ആയുധങ്ങളുണ്ടോയെന്ന കാര്യം ക്രെംലിൻ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ റഷ്യയിലേക്കുള്ള ആയുധ കയറ്റുമതി ആരോപണം ഉത്തര കൊറിയ നിഷേധിച്ചിരുന്നു.
സെപ്റ്റംബറിൽ കിമ്മും പുടിനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാണ്. ഉക്രെയിൻ, ആണവായുധ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും പരസ്പരം യോജിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.