2023 വരെ മാലിദ്വീപ് സന്ദര്‍ശിച്ചവരില്‍ ഇന്ത്യക്കാരായിരുന്നു മുന്നില്‍. 2022ല്‍ ഇന്ത്യയിൽ നിന്നുള്ള 2.4 ലക്ഷം പേരും 2023ല്‍ 2.06 ലക്ഷം പേരും മാലിദ്വീപ് സന്ദര്‍ശിച്ചു. എന്നാല്‍ 2024 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതോടെ മാലിദ്വീപിലെ ചില മന്ത്രിമാരുടെ പ്രതികരണം ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഇന്ത്യക്കാര്‍ വ്യാപകമായി മാലിദ്വീപ് യാത്ര റദ്ദാക്കി. ഇതിന്റെ ആഘാതം വളരെ വലുതായിരുന്നു.
കഴിഞ്ഞ വര്‍ഷം 1.3 ലക്ഷം ഇന്ത്യക്കാരാണ് മാലിദ്വീപ് സന്ദര്‍ശിച്ചത്. മാലിദ്വീപ് സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് താഴ്ന്നു. ഈ വര്‍ഷം ജൂലൈ 22 വരെ 73,200 ഇന്ത്യക്കാര്‍ മാത്രമാണ് മാലിദ്വീപ് സന്ദര്‍ശിച്ചത്. ചൈനയില്‍ നിന്നാണ് നിലവില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ മാലിദ്വീപില്‍ എത്തിയത്. ഈ വര്‍ഷം ഇതുവരെ 1.75 ലക്ഷം ചൈനീസ് വിനോദസഞ്ചാരികള്‍ മാലിയില്‍ എത്തി.
advertisement
മാലിദ്വീപിന്റെ സമ്പദ് വ്യവസ്ഥ പ്രധാനമായും ടൂറിസത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ഇന്ത്യന്‍വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായത് രാജ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ''മുമ്പുണ്ടായിരുന്നത് പോലെ ഇന്ത്യക്കാര്‍ മാലിദ്വീപിലേക്ക് വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി ഇവിടേക്ക് വരുന്നുണ്ട്. 2024ലെ ബന്ധങ്ങള്‍ കഴിഞ്ഞ കാര്യങ്ങളാണ്,'' മാലിദ്വീപ് സ്വദേശികള്‍ ന്യൂസ് 18നോട് പറഞ്ഞു.
മാലിദ്വീപില്‍ ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ യുപിഐ അവതരിപ്പിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഈയാഴ്ച ആദ്യം വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് ഒരു കരാറും ഉടന്‍ ഒപ്പുവെച്ചേക്കും. മാലിദ്വീപിലെ ഹനിമാധൂ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാന്‍ ഇന്ത്യ സഹായിക്കുന്നുണ്ട്. മാലിയുടെ വടക്കേ അറ്റത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടേക്ക് എത്തിച്ചേരാന്‍ കഴിയും. ഇത് ഇന്ത്യന്‍ സഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കുമെന്ന് അവര്‍ കരുതുന്നു. കൂടാതെ, മാലിദ്വീപിലെ നിരവധി ടൂറിസം പദ്ധതികളെയും ഇന്ത്യ പിന്തുണയ്ക്കുന്നുണ്ട്.