പാക്കിസ്ഥാന് ഒരു ആണവ രാഷ്ട്രമാണ്. പാക്കിസ്ഥാന്‍ തകരുമെന്ന് തോന്നിയാല്‍ ലോകത്തിന്റെ പകുതിയോളം നശിപ്പിക്കുമെന്നായിരുന്നു പാക് സൈനിക മേധാവിയുടെ ഭീഷണി. യുഎസ് സന്ദര്‍ശനത്തിനിടെ ഫ്‌ളോറിഡയിലെ ടാമ്പയില്‍ നടന്ന ഒരു പരിപാടിയിലാണ് മുകേഷ് അംബാനിക്കെതിരെയടക്കം അസിം മുനീര്‍ ഭീഷണി മുഴക്കിയത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് അസിം മുനീര്‍ യുഎസിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനായി അമേരിക്ക സന്ദര്‍ശിക്കുന്നത്.
ആണവ ഭീഷണിക്ക് പുറമെ, മുനീറിൻ്റെ പ്രസംഗത്തിൽ ഏഷ്യയിലെ അതിസമ്പന്നരിൽ ഒരാളായ മുകേഷ് അംബാനിയെ ലക്ഷ്യമിട്ടുള്ള ഒരു പരാമർശവും ഉണ്ടായിരുന്നു. ഇന്ത്യക്കെതിരെയുള്ള അടുത്ത നീക്കങ്ങൾ സൂചിപ്പിക്കാൻ വേണ്ടി, ഒരു ട്വീറ്റിനെക്കുറിച്ചും മുനീർ സംസാരിച്ചു. ആ ട്വീറ്റിൽ ഖുറാനിലെ ഒരു അധ്യായത്തിലെ ഒരു സൂക്തവും മുകേഷ് അംബാനിയുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നുവെന്ന് മുനീർ വെളിപ്പെടുത്തി. ശത്രുവിൻ്റെ ആനപ്പടയെ കല്ലെറിഞ്ഞ് നശിപ്പിക്കാൻ അള്ളാഹു പക്ഷികളെ അയച്ചതിനെക്കുറിച്ചാണ് ഈ (അധ്യായം )സൂറ. ഇന്ത്യയുടെ സാമ്പത്തിക സൈനിക ശക്തിയെ മുകേഷ് അംബാനി എന്ന വ്യക്തിയിൽ പ്രതിഷ്ഠിച്ച്, അതിനെ നശിപ്പിക്കുമെന്നുള്ള ഒരു ഒളിയുദ്ധ ഭീഷണിയായിട്ടാണ് ഈ പരാമർശത്തെ നിരീക്ഷകർ വിലയിരുത്തുന്നതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
advertisement
തങ്ങള്‍ ഒരു ആണവ രാഷ്ട്രമാണെന്ന് അടിക്കടി പാക്കിസ്ഥാന്‍ വീമ്പ് പറഞ്ഞിരുന്നുവെങ്കിലും അമേരിക്കന്‍ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കുന്നത് ഇത് ആദ്യമായിട്ടാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തലത്തിലേക്ക് പോയത്. പഹല്‍ഗാമിന് മറുപടിയായി നിരവധി പ്രതിരോധ നീക്കങ്ങള്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയിരുന്നു. അതില്‍ ഏറ്റവും പ്രധാനവും പാക്കിസ്ഥാനെ ഏറ്റവും ബാധിച്ചതുമായ വിഷയം സിന്ധു നദീജല കരാര്‍ നിര്‍ത്തിവെച്ച നടപടിയാണ്.
സിന്ധു നദീജല കരാര്‍ സംബന്ധിച്ച വിഷയവും അസീം മുനീര്‍ ഉയര്‍ത്തികൊണ്ടുവന്നിട്ടുണ്ട്. ഇത് 250 ദശലക്ഷം ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് മുനീര്‍ പറയുന്നു. ഇസ്ലാമാബാദില്‍ ധാരാളം മിസൈലുകള്‍ ഉണ്ടെന്നും അവ ഉപയോഗിച്ച് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന അണക്കെട്ടുകള്‍ നശിപ്പിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
"ഇന്ത്യ ഒരു അണക്കെട്ട് പണിയുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും. പത്ത് മിസൈലുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് തകര്‍ക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല. മിസൈലുകളുടെ കാര്യത്തില്‍ പാക്കിസ്ഥാന് ക്ഷാമമില്ല", എന്നിങ്ങനെ പ്രകോപനപരമായ ഭാഷയില്‍ അസിം മുനീര്‍ ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ടുണ്ട്.
അസിം മുനീര്‍ യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ജോണ്‍ ഡാന്‍ കെയ്‌നുമായി ചര്‍ച്ച നടത്തുകയും പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തുവെന്ന് പാകിസ്ഥാന്‍ സൈനിക വിഭാഗത്തിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. പരസ്പര സൈനിക താല്‍പ്പര്യമുള്ള കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തുവെന്നും അതില്‍ പറയുന്നു. നേരത്തെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ അസിം മുനീറിന് ഒരു സ്വീകരണം നല്‍കിയിരുന്നു.
ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം മേഖലയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് യാതൊരു തെളിവുമില്ലാതെ മുനീര്‍ നിരവധി തവണ ഇന്ത്യയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യ സ്വീകരിച്ചിട്ടുള്ള നിരവധി നടപടികള്‍ പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം മോശമാക്കി. ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെതിരെ കടുത്ത ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാക്കിസ്ഥാനിലെ നിരവധി വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളിലൂടെ പാക് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ ഇന്ത്യ പ്രകോപനമില്ലാതെ ആക്രമണം നടത്തിയെന്നാണ് അസിം മുനീര്‍ അവകാശപ്പെടുന്നത്. ഭാവിയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ആക്രമണം ഉണ്ടായാല്‍ നിര്‍ണ്ണായക പ്രതികരണം ഉണ്ടാകുമെന്നും മുനീര്‍ മുന്നറിയിപ്പ് നല്‍കി.