യുഎഇക്ക് ഓഹരികള്‍ അനുവദിക്കുന്നതിനുള്ള നിയമപരമായ കരാറിലേക്ക് പാക്കിസ്ഥാന്‍ എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇത് പാക്കിസ്ഥാന്റെ സാമ്പത്തിക ബാധ്യതകളും സൈന്യവുമായി ബന്ധപ്പെട്ട ബിസിനസ് താല്‍പ്പര്യങ്ങളും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാക്കുന്നുവെന്ന ആശങ്കകളുടെ പശ്ചാത്തലത്തില്‍ ശക്തമായ വിമര്‍ശനങ്ങളും സംശയങ്ങളും ഉയരാന്‍ കാരണമായിട്ടുണ്ട്.
കരാര്‍ പ്രകാരം യുഎഇ പാക്കിസ്ഥാന് നല്‍കിയ സാമ്പത്തിക സഹായത്തിന്റെ ഒരു ഭാഗം ദീര്‍ഘകാല നിക്ഷേപമാക്കി മാറ്റാന്‍ പാക് സര്‍ക്കാര്‍ അനുവദിക്കും. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശ കടം കുറയ്ക്കുന്നതിനുള്ള സാമ്പത്തിക ക്രമീകരണത്തിന്റെ ഭാഗമാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു. യുഎഇ അനുവദിച്ചിട്ടുള്ള 200 കോടി ഡോളറിന്റെ വായ്പകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ഏതാനും ആഴ്ചകള്‍ക്കു മുമ്പ് 100 കോടി ഡോളറിന്റെ കടം തീര്‍ക്കുന്നതു സംബന്ധിച്ച് യുഎഇയുമായി ധാരണയിലെത്തിയതായും ഇത് തങ്ങളുടെ കടം കുറയ്ക്കുമെന്നും ഇഷാഖ് ദാര്‍ അറിയിച്ചു. മാര്‍ച്ച് 31-നകം ഇടപാട് പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വായ്പകള്‍ ഫൗജി ഫൗണ്ടോഷന്റെ ഓഹരികളാക്കി മാറ്റുന്നതോടെ മാര്‍ച്ച് 31-ഓടെ പാക്കിസ്ഥാന്റെ ബാധ്യതയില്‍ നിന്ന് ഈ തുക കുറയും.
അതേസമയം, രാജ്യത്തിന്റെ ബാധ്യത നിയമപരമായി 'സ്വകാര്യം' എന്ന് വിളിക്കാവുന്ന ഒരു സ്ഥാപനത്തിലേക്ക് മാറ്റുന്നതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇത് അമ്പരപ്പിക്കുന്ന നീക്കമാണെന്നാണ് സാമ്പത്തിക മേഖലയില്‍ നിന്നുള്ളവരുടെ വിലയിരുത്തല്‍. യുഎഇയുടെ സര്‍ക്കാര്‍ നിക്ഷേപത്തെ ഫൗജി ഫൗണ്ടേഷന്റെ ഓഹരികളാക്കി മാറ്റുന്നതില്‍ നിഗൂഢതയുണ്ടെന്ന് പൊളിറ്റിക്കല്‍ ഇക്കണോമിസ്റ്റ് ആയിഷ സിദ്ദിഖ ആരോപിച്ചു.
ഇത്തരമൊരു ക്രമീകരണത്തിന് നിയമപരമായ വശമില്ലെന്നും സൈന്യവും സര്‍ക്കാരും ഇതിന് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമാണ് പാക്കിസ്ഥാനിലെ സാമ്പത്തിക മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നതെന്നും ആയിഷ സിദ്ദിഖ വ്യക്തമാക്കി.
പാക് സൈനിക മേധാവിയും ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീറിന്റെ മോല്‍നോട്ടത്തിലാണ് ഫൗജി ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. സൈന്യത്തിന്റെ വെല്‍ഫെയര്‍ ഫൗണ്ടേഷനായി 1954-ല്‍ ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്ട് പ്രകാരമാണ് ഫൗജി ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനുവേണ്ടിയുള്ളതാണ് ഈ സ്ഥാപനം.
ഔദ്യോഗികമായി ഒരു സ്വകാര്യ സംഘടനയാണെങ്കിലും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനാണ് ഫൗജി ഫൗണ്ടേഷന്‍ നിയന്ത്രിക്കുന്നത്. അതായത്, സൈനിക മേധാവി അസിം മുനീറാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
അതേസമയം, 2025 ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം പാക്കിസ്ഥാന്റെ വിദേശ കടം 91.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. മൊത്തം പൊതുകടം ഏകദേശം 286.8 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സൗഹൃദ രാജ്യങ്ങളില്‍ നിന്നായി പാക്കിസ്ഥാന്‍ 12 ബില്യണ്‍ ഡോളര്‍ വായ്പ എടുത്തിട്ടുണ്ട്. ഈ കാലയളവില്‍ സൗദി അറേബ്യ 5 ബില്യണ്‍ ഡോളറും ചൈന 4 ബില്യണ്‍ ഡോളറും യുഎഇ മൂന്ന് ബില്യണ്‍ ഡോളറും വായ്പ നല്‍കി.
വായ്പ ഓഹരികളാക്കി മാറ്റുന്നത് ഹ്രസ്വകാലത്തേക്ക് ബാധ്യതകള്‍ കുറയ്ക്കാന്‍ സഹായിച്ചേക്കും. എന്നാല്‍ സൈന്യവുമായി ബന്ധപ്പെട്ട ആസ്തികളിലേക്ക് വിദേശ രാജ്യങ്ങള്‍ക്ക് പങ്കാളിത്തം നല്‍കുന്നത് ബാഹ്യ പിന്തുണ നേടാന്‍ പാക് സര്‍ക്കാര്‍ ഏതറ്റം വരെ പോകാന്‍ തയ്യാറാകുമെന്നത് കൂടിയാണ് സൂചിപ്പിക്കുന്നത്.
ഇതില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന പ്രധാന കാര്യം സംഘടനയുടെ പ്രവര്‍ത്തനങ്ങളിലെ സുതാര്യത സംബന്ധിച്ചാണ്. ഫൗജി ഫൗണ്ടേഷനും സഹോദര ക്ഷേമ സംഘടനകളായ ആര്‍മി വെയര്‍ഫെയര്‍ ട്രസ്റ്റ്, ഷഹീന്‍ ഫൗണ്ടേഷന്‍, ബഹ്‌റിയ ഫൗണ്ടേഷന്‍ ഇതുവരെ പൊതു ഓഡിറ്റിംഗിന് വിധേയമായിട്ടില്ലെന്ന് ആയിഷ സിദ്ദിഖ പറയുന്നു. സ്വകാര്യ സ്ഥാപനങ്ങളാണെന്നാണ് ഇവ വാദിക്കുന്നത്.
ഇതിനര്‍ത്ഥം ഉത്തരവാദിത്തത്തിന്റെയും സാമ്പത്തിക സുതാര്യതയുടെയും വിഷയങ്ങളില്‍ യുഎഇ കണ്ണടയ്‌ക്കേണ്ടിവരുമെന്നും സൈനിക ആസ്ഥാനം അവരോട് പറയുന്നത് അടിസ്ഥാനപരമായി വിശ്വസിക്കേണ്ടി വരുമെന്നുമാണെന്ന് സിദ്ദിഖ ദി പ്രിന്റില്‍ എഴുതി.
ഈ പങ്കാളിത്തം അസിം മുനീറിന് പാക് സമ്പദ്‌വ്യവസ്ഥയില്‍ നേരിട്ട് ഒരു സ്ഥാനം നല്‍കുമെന്നും ഫൗണ്ടേഷനെ തന്റെ മുന്നണിയായി നിലനിര്‍ത്തുമെന്നും സിദ്ദിഖ പറഞ്ഞു. ഇപ്പോള്‍ മുനീറിന്റെ പ്രാഥമിക ലക്ഷ്യമായ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിന് അദ്ദേഹത്തിന് വിശ്വസിക്കാന്‍ സ്വന്തം ആളുകള്‍ മാത്രമേയുള്ളൂവെന്നും അവര്‍ പറഞ്ഞു.
ഭരണകൂടം മുമ്പത്തേക്കാള്‍ കാര്യക്ഷമവും പ്രവര്‍ത്തനക്ഷമവുമാണെന്ന് ഉറപ്പാക്കാന്‍ ഫെഡറല്‍ സര്‍ക്കാരില്‍ മാറ്റങ്ങള്‍ വരുത്താന്‍ മുനീര്‍ നിര്‍ബന്ധിതനായേക്കാമെന്ന കിംവദന്തികള്‍ പാക്കിസ്ഥാനില്‍ ഉയരുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.
