യാതൊരു പ്രകോപനവുമില്ലാതെയും നിയമ വിരുദ്ധവുമായാണ് ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചതെന്നും ആക്രമണം പാകിസ്ഥാന്റെ പരമാധികാരത്തെ ലംഘിക്കുകയും സാധാരണക്കാർക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തതെന്നും പ്രസ്താവനയിൽ പറയുന്നു. ഇതിന് മറുപടിയായി സൈനിക നടപടിയായി പാകിസ്ഥാൻ "ഓപ്പറേഷൻ ബനിയൻ-അൻ-മർസൂസ്" ആരംഭിച്ചു. സംഘർഷങ്ങൾ രൂക്ഷമായപ്പോൾ, വിശാലമായ ഒരു യുദ്ധം തടയുന്നതിനായി വെടിനിർത്തൽ കരാറിന് സഹായകമായത് പ്രസിഡന്റ് ട്രംപിന്റെ നയതന്ത്രവും തന്ത്രപരമായ ദീർഘവീക്ഷണവുമാണെന്ന് പാകിസ്ഥാൻ പ്രസ്താവനയിൽ അവകാശപ്പെട്ടു.
ജൂൺ 18ന് വൈറ്റ് ഹൗസിൽ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പാക്കിസ്ഥാൻ ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം നിർത്താൻ മുൻകൈ എടുത്തത് താനാണെന്ന് ട്രംപ് വീണ്ടു അവകാശ വാദം ഉന്നയിച്ചിരുന്നു.
advertisement
അതേസമയം, വെടിനിർത്തലിൽ അമേരിക്കയുടെ പങ്കിനെ ഇന്ത്യ നിഷേധിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയ മാർഗങ്ങളിലൂടെയാണ് വെടിനിർത്തൽ നേടിയതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. മറ്റൊരു ബാഹ്യ ഇടപെടലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനുമായുള്ള ബന്ധത്തിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര ഇന്ത്യയുടെ നിലപാട് ആവർത്തിക്കുകയും ചെയ്തിരുന്നു.