80ലധികം പലസ്തീന്‍ സ്വദേശികളെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് യുഎസ് വിലക്കിയിരുന്നു. തുടര്‍ന്ന് അബ്ബാസിന് വീഡിയോ കോണ്‍ഫറന്‍സ് വഴി പൊതുസമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദിക്കുന്നതിന് 145 രാജ്യങ്ങള്‍ അനുകൂലമായി വോട്ടു ചെയ്തു. അതേസമയം അഞ്ച് രാജ്യങ്ങള്‍ എതിര്‍ത്തു.
''ഇസ്രയേല്‍ നടത്തുന്നത് വെറുമൊരു ആക്രമണമല്ല. ഇത് രേഖപ്പെടുത്തി വയ്ക്കുകയും നിരീക്ഷിപ്പെടുകയും ചെയ്യുന്നു. ഇത് മനുഷ്യരാശിക്കതിരായ കുറ്റകൃത്യമാണ്. 20, 21 നൂറ്റാണ്ടുകളിലെ മനുഷ്യന്‍ വരുത്തിവെച്ച ദുരന്തത്തിന്റെ ഏറ്റവും ഭയാനകമായ അധ്യായങ്ങളിലൊന്നാണ് ഇതെന്ന് ചരിത്ര പുസ്തകങ്ങളിലും അന്താരാഷ്ട്ര മനസ്സാക്ഷിയുടെ താളുകളിലും രേഖപ്പെടുത്തും,'' അബ്ബാസ് പറഞ്ഞു.
advertisement
ഫ്രാന്‍സും സൗദി അറേബ്യയും അധ്യക്ഷത വഹിച്ച പ്രത്യേക സമ്മേളത്തില്‍ അബ്ബാസ് മുമ്പ് നടത്തിയ നിരവധി പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ചു. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. അടിയന്തര വെടിനിര്‍ത്തല്‍, യുഎന്‍ സംഘടനകള്‍ വഴിയുള്ള മാനുഷിക സഹായത്തിന് ഗാസയിലേക്ക് തടസ്സമില്ലാത്ത പ്രവേശനം, ഇസ്രയേലി ബന്ധികളെയും പലസ്തീന്‍ തടവുകാരെയും മോചിപ്പിക്കല്‍, ഗാസയില്‍ നിന്ന് ഇസ്രയേലിനെ പിന്‍വലിക്കല്‍ എന്നിവയ്ക്കായി അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, ഹമാസിനെ അദ്ദേഹം തള്ളിപ്പറഞ്ഞു. യുദ്ധാനന്തരമുള്ള ഗാസയിലെ ഭരണത്തില്‍ ഹമാസിന് യാതൊരുവിധ സ്ഥാനവുണ്ടായിരിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിന്റെയും അമേരിക്കയുടെയും ഒരു പ്രധാന വ്യവസ്ഥകളിലൊന്നാണ് ഇത്. അബ്ബാസിനും പലസ്തീന്‍ അതോറിറ്റിയും വെസ്റ്റ്ബാങ്കിലാണുള്ളത്. ഗാസയ്ക്ക് വേണ്ടിയുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലോ യുദ്ധാന്തരമുള്ള ആസൂത്രണം സംബന്ധിച്ച ചര്‍ച്ചകളിലോ അവര്‍ക്ക് നേരിട്ട് പങ്കില്ല.
ഗാസ പലസ്തീന്‍ രാഷ്ട്രത്തിന്റെ അവിഭാജ്യഘടകമാണെന്നും അവിടെ ഭരണത്തിനും സുരക്ഷയ്ക്കും പൂര്‍ണ ഉത്തരവാദിത്തം വഹിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അബ്ബാസ് വ്യക്തമാക്കി. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തുന്ന കടന്നുകയറ്റത്തിലേക്ക് അബ്ബാസ് ശ്രദ്ധ ക്ഷണിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ 'ഗ്രേറ്റര്‍ ഇസ്രയേല്‍' സ്ഥാപിക്കാനുള്ള ആഗ്രഹങ്ങളെ അബ്ബാസ് തള്ളിക്കളഞ്ഞു. ''ഇത്തരം ശ്രമങ്ങള്‍ വെസ്റ്റ് ബാങ്കിനെ രണ്ടായി വിഭജിക്കുകയും ജറുസലേമിനെ അതിന്റെ ചുറ്റുപാടുകളില്‍ നിന്ന് ഒറ്റപ്പെടുത്തുകയും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമായിരിക്കും,'' അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കുക. നെതന്യാഹുവിന്റെ സര്‍ക്കാരിലെ വലതുപക്ഷ സഖ്യകക്ഷികള്‍ വെസ്റ്റ് ബാങ്കിന്റെ 82 ശതമാനം വരെ ഔദ്യോഗികമായി പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്നു. ഇത് യൂറോപ്പും അറബ് രാജ്യങ്ങളും ഇസ്രയേലിനും അതിന്റെ പ്രധാന പിന്തുണ രാജ്യമായ അമേരിക്കയ്ക്കും എതിരായി ഉയര്‍ത്തുന്ന ആഗോള സംഘർഷം രൂക്ഷമാക്കും.
വെസ്റ്റ് ബാങ്കിന്റെ പ്രദേശം ഔദ്യോഗികമായി പിടിച്ചെടുക്കുന്നതില്‍ നിന്ന് ഇസ്രയേലിനെ യുഎസ് തടയുമെന്ന് കരുതുന്നതായി ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു.