പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പാക് സൈന്യം അതിവേഗത്തിൽ ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ വിന്യസിപ്പിക്കുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള അത്യാധുനിക ഡ്രോൺ നീക്കങ്ങളെ നേരിടാൻ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്റെ ഈ അടിയന്തര നീക്കമെന്ന് ഇന്റലിജൻസ് സ്രോതസ്സുകൾ വ്യക്തമാക്കി. അതിർത്തിയിൽ ഡ്രോണുകളെ കണ്ടെത്താനും അവയെ നിർവീര്യമാക്കാനുമുള്ള അത്യാധുനിക ജാമിംഗ് സംവിധാനങ്ങൾ ഒരുക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപം എട്ട് ബ്രിഗേഡുകൾക്ക് കീഴിലായി കുറഞ്ഞത് 35 പ്രത്യേക ഡ്രോൺ പ്രതിരോധ യൂണിറ്റുകളെയാണ് പാകിസ്ഥാൻ നിയോഗിച്ചിരിക്കുന്നത്. ഇന്ത്യ തന്ത്രപ്രധാനമെന്ന് കരുതുന്ന രാവലക്കോട്ട്, കോട്‌ലി, ഭിംബർ എന്നീ മേഖലകൾക്ക് എതിർവശത്താണ് പാക് സൈന്യത്തിന്റെ ഈ പ്രത്യേക വിന്യാസം നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.
advertisement
ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യ പുറത്തെടുത്ത സൈനിക മികവാണ് പാകിസ്ഥാനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഡ്രോൺ ശേഷിയും ലക്ഷ്യത്തിന് മുകളിൽ വട്ടമിട്ടു പറന്ന് ആക്രമിക്കുന്ന ചാവേർ ഡ്രോണുകളുമാണ് പാക്കിസ്ഥാനെ ഭയപ്പെടുത്തുന്നത്. ഒരേസമയം കൂട്ടമായി എത്തുന്ന ഡ്രോണുകളെ പ്രതിരോധിക്കാനുള്ള തങ്ങളുടെ പരിമിതമായ ശേഷിയിൽ ഇസ്‌ലാമാബാദ് കടുത്ത ആശങ്കയിലാണ്.
മുന്നറിയിപ്പില്ലാതെ തന്നെ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്താനും, ശത്രുവിന്റെ നീക്കങ്ങൾ കൃത്യമായി കണ്ടെത്താനും, അതിസൂക്ഷ്മമായി ആക്രമണം നടത്താനുമുള്ള ഇന്ത്യൻ സൈന്യത്തിന്റെ ശേഷി പാക് സൈന്യത്തെ അങ്ങേയറ്റം അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഈ സാങ്കേതിക മേധാവിത്വം തങ്ങളുടെ പരമ്പരാഗത പ്രതിരോധ സംവിധാനങ്ങളെ മറികടക്കുമോ എന്ന ഭീതിയിലാണ് പാക് സൈനിക നേതൃത്വം. നിയന്ത്രണരേഖയിലെ മലനിരകളും ദുർഘടമായ പാതകളും ആധുനിക ആയുധങ്ങളെ കണ്ടെത്തുന്നതിനും തടയുന്നതിനും പാക് സൈന്യത്തിന് മുൻപിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് തകർക്കപ്പെട്ട തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാൻ പാകിസ്ഥാൻ ഇപ്പോഴും കഷ്ടപ്പെടുകയാണ്. എന്നാൽ, ഈ സാമ്പത്തിക പ്രതിസന്ധിക്കിടയിലും പ്രതിരോധത്തിലെ പാളിച്ചകൾ പരിഹരിക്കുന്നതിനായി ആയുധങ്ങൾ വാങ്ങുന്ന നടപടികൾ പാകിസ്ഥാൻ വേഗത്തിലാക്കിയതായാണ് ഇന്റലിജൻസ് സ്രോതസ്സുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ രണ്ട്, മൂന്ന് മാസങ്ങളായി ചൈനയുമായും തുർക്കിയുമായും പാകിസ്ഥാൻ ഒന്നിലധികം തവണ ചർച്ചകൾ നടത്തിക്കഴിഞ്ഞു. ആയുധങ്ങൾ നേരിട്ട് വാങ്ങുന്നതിനും സംയുക്തമായി നിർമ്മിക്കുന്നതിനുമുള്ള കരാറുകളിലാണ് ഇസ്‌ലാമാബാദ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദൂരപരിധിയിലുള്ള ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിനായി 300 ഫത്ത റോക്കറ്റുകൾ വാങ്ങുന്നതിനുള്ള കരാർ പാകിസ്ഥാൻ ഉറപ്പിച്ചിട്ടുണ്ട്. യുദ്ധഭൂമിയിലെ ഏകോപനം മെച്ചപ്പെടുത്തുന്നതിനായി പുതിയ കമാൻഡ്-ആൻഡ്-കൺട്രോൾ വാഹനങ്ങളും സൈന്യത്തിന്റെ ഭാഗമാക്കുന്നുണ്ട്. ഡ്രോണുകൾക്കും കൃത്യതയാർന്ന മിസൈലുകൾക്കും മുന്നിൽ എളുപ്പത്തിൽ തകർക്കപ്പെടാൻ സാധ്യതയുള്ള പഴയ ടാങ്കുകൾ മാറ്റി പുതിയവ എത്തിക്കാനും ആയുധശേഖരം പരിഷ്കരിക്കാനും പാക് സൈന്യം നടപടി തുടങ്ങിക്കഴിഞ്ഞതായാണ് ഇന്റലിജൻസ് സ്രോതസ്സുകൾ വ്യക്തമാക്കുന്നത്.
