ഈ സംഭവത്തിന് ശേഷം ലോകമെമ്പാടുമുള്ള വാസ്തുശില്‍പികള്‍, ചരിത്രകാരന്മാര്‍, കരകൗശല വിദഗ്ധര്‍, എഞ്ചിനീയര്‍മാര്‍ എന്നിവരെ അണിനിരത്തിയാണ് വലിയ പുനരുദ്ധാരണ ശ്രമം ആരംഭിച്ചത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ നോത്രദാം പള്ളി പുതുക്കി പണിയുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അന്ന് പ്രഖ്യാപിച്ചിരുന്നു. 2019 ഏപ്രില്‍ 15ന് പള്ളി തീപിടിച്ച് നശിക്കുന്നതിന് മുമ്പ് വര്‍ഷം തോറും ലക്ഷക്കണക്കിന് വിശ്വാസികളും സന്ദര്‍ശകരുമാണ് ഇവിടെയെത്തിയിരുന്നത്.
തീപ്പിടിത്തത്തിന് പിന്നാലെ പള്ളി അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. പാരീസിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പള്ളിയിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. 'നോത്രദാം പള്ളിയുടെ പുനഃരുദ്ധാരണം ഫ്രാന്‍സിന്റെയും നമ്മുടെ ചരിത്രത്തെയും സംസ്‌കാരത്തെയും വിലമതിക്കുന്ന എല്ലാവരുടെയും വിജയമാണ്,' പുനരുദ്ധാരണ ചടങ്ങിന് മുന്നോടിയായുള്ള പ്രസ്താവനയില്‍ ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഡിസംബര്‍ ഏഴിന് ഇന്ത്യന്‍ സമയം രാത്രി 11.30നാണ് പുനരുദ്ധാരണ ചടങ്ങുകള്‍ നടക്കുന്നത്.
advertisement
തീ പിടിച്ചത് എങ്ങനെ?
2019 ഏപ്രില്‍ 15ന് വൈകുന്നേരമാണ് പള്ളിയില്‍ തീപ്പിടിത്തമുണ്ടായത് ശ്രദ്ധയില്‍പ്പെട്ടത്. പള്ളിയുടെ ഏറെ പ്രസിദ്ധമായ ശിഖിരം പൂര്‍ണമായും തീവിഴുങ്ങി. അത് പ്രധാന ബെല്‍ ടവറുകള്‍ക്കും ഭീഷണിയുയര്‍ത്തി. മേല്‍ക്കൂര ഭൂരിഭാഗവും തകര്‍ന്നപ്പോഴും ബെല്‍ ടവറുകളും കത്തീഡ്രലിന്റെ പ്രശസ്തമായ മുഖവാരവും അത്ഭുതകരമായി തീപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. തീപ്പിടിത്തത്തിനുള്ള കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. ഷോര്‍ട്‌സ് സര്‍ക്യൂട്ടോ അല്ലെങ്കില്‍ ശരിയായ രീതിയില്‍ അണയ്ക്കാത്ത സിഗരറ്റോ മൂലമാകാം തീപ്പിടിത്തമുണ്ടായതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിച്ചു. ചരിത്രപ്രധാനമായ നാഴികക്കല്ല് തകര്‍ച്ചയുടെ വക്കില്‍ തളര്‍ന്നിരിക്കുന്നത് ലോകം തെല്ല് ഞെട്ടലോയെയും അവിശ്വാസത്തോടെയുമാണ് കണ്ടത്.
കത്തീഡ്രല്‍ പുനഃനിര്‍മിച്ചത് എങ്ങനെ?
പരമ്പരാഗത കരകൗശലവിദ്യയും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് കത്തീഡ്രലിന്റെ സൂക്ഷ്മമായ പുനരുദ്ധാരണ പദ്ധതി. ഫ്രഞ്ച് വനങ്ങളില്‍ നിന്ന് ശേഖരിച്ച ഓക്ക് തടി ഉപയോഗിച്ച് കരകൗശല വിദഗ്ധരുടെ സംഘമാണ് മേല്‍ക്കൂരയുടെ സങ്കീര്‍ണമായ ചട്ടക്കൂട് പുനര്‍നിര്‍മിച്ചത്. അതേസമയം, നൂതനമായ ലേസര്‍ സ്‌കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് വാസ്തുവിദ്യയുടെ വിശദമായതും കൃത്യമായതുമായ പകര്‍പ്പ് തയ്യാറാക്കി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആര്‍ക്കിടെക്റ്റായ യൂജിന്‍ വയലറ്റ്-ലെ-ഡക് രൂപകല്‍പ്പന ചെയ്ത കത്തീഡ്രലിന്റെ ശിഖരം വളരെ സൂക്ഷ്മമായാണ് പുനര്‍നിര്‍മിച്ചത്. കത്തീഡ്രലിന്റെ അകത്ത് ശ്രദ്ധാപൂര്‍വം സംരക്ഷിച്ചിരിക്കുന്നതും പുനരുജ്ജീവിപ്പിച്ചതുമായ ഇടം സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയും.
മെഗാ പുനരുദ്ധാരണ ചടങ്ങ്
പ്രാദേശിക സമയം വൈകുന്നേരം ഏഴിനാണ് പുനരുദ്ധാരണ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ആര്‍ച്ച് ബിഷപ് ലോറന്റ് ഉള്‍റിച്ചിന്റെ നേതൃത്വത്തില്‍ പ്രത്യേക കുര്‍ബാന നടക്കും. കത്തീഡ്രലിന്റെ വാതിലുകള്‍ ആചാരപ്രകാരം തന്റെ അംശവടി ഉപയോഗിച്ച് തുറക്കും. ഡിംസബര്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സംഗീതകച്ചേരികളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. ഉദ്ഘാടന ചടങ്ങിലേക്ക് വിനോദസഞ്ചാരികളും നാട്ടുകാരുമുള്‍പ്പെടെയുള്ളവര്‍ എത്തുമെന്നാണ് കരുതുന്നത്. ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രസംഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ഫ്രഞ്ച് ദേശീയ ഗാനം ആലപിക്കും.
ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പ്രധാന അതിഥികള്‍
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎസ് പ്രഥമ വനിത ജില്‍ ബൈഡന്‍, വില്യം രാജകുമാരന്‍, മറ്റ് ഉന്നത വ്യക്തികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പാരീസ് രൂപതയിലെ 106 ഇടവകകളില്‍ നിന്നുള്ള വൈദികരും ഫ്രാന്‍സിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള 170 ബിഷപ്പുമാരും ചടങ്ങില്‍ പങ്കെടുക്കും.