ആരാണ് കമല പെര്‍സാദ് ബിസെസ്സര്‍?
കരീബിയന്‍ രാജ്യമായ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയാണ് കമല. 1952ല്‍ തെക്കന്‍ ട്രിനിഡാഡിലെ സിപാരിയയിലാണ് കമലയുടെ ജനനം. അറ്റോര്‍ണി ജനറല്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഈ പദവികളിലെത്തുന്ന രാജ്യത്തെ ആദ്യ വനിതയാണ് അവര്‍.
ദേശീയ രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ് അവര്‍ നഗരഅധികാരിയായി പ്രവര്‍ത്തിച്ചിരുന്നു. ഇതിലൂടെ അവര്‍ 1995ല്‍ സിപാരിയയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തി. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി കാബിനറ്റ് പദവികള്‍ വഹിച്ചിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍, നിയമകാര്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
advertisement
ഇന്ത്യയുമായുള്ള ബന്ധം
ഇന്ത്യയുമായി ആഴമേറിയ ബന്ധം കമല പെര്‍സാദിനുണ്ട്. ബീഹാറിലെ ബക്‌സര്‍ ജില്ലയിലെ ഭേലുപുര്‍ ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇവരുടെ പൂര്‍വികര്‍. 2012ല്‍ സ്വകാര്യ സന്ദര്‍ശനത്തിനിടെ ഇവര്‍ ഗ്രാമം സന്ദര്‍ശിച്ചിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങളിലൊന്നാണ് അതെന്ന് അവര്‍ പറഞ്ഞിരുന്നു. താന്‍ വീട്ടിലേക്ക് തിരിച്ചെത്തിയതുപോലെയാണ് തോന്നുന്നതെന്ന് അന്ന് അവര്‍ പറഞ്ഞു.
വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ 2012ല്‍ അവര്‍ക്ക് സമ്മാനിച്ചിരുന്നു. അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടിലാണ് അവര്‍ക്ക് ഈ ബഹുമതി സമ്മാനിച്ചത്.
യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ആര്‍ട്‌സില്‍ ബിരുദവും ഡിപ്ലോമ ഇന്‍ എജ്യുക്കേഷനും നേടി. ഹുഗ് വൂഡിംഗ് ലോ സ്‌കൂളില്‍ നിന്ന് നിയമത്തിലും ബിരുദം നേടി. ഈ മേഖലകളിലെല്ലാം അവര്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കിയിരുന്നു.
ഇതിന് ശേഷം ട്രിനിഡാഡിലെ അര്‍തര്‍ലോക് ജാക് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എക്‌സിക്യുട്ടിവ് എംബിഎയും സ്വന്തമാക്കി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഇന്‍ഡീസിലും ജെമെയ്ക്ക കോളേജ് ഓഫ് ഇന്‍ഷൂറന്‍സിലും ആറുവര്‍ഷത്തോളം അധ്യാപികയായും പ്രവര്‍ത്തിച്ചിരുന്നു.
മോദിയെ പുകഴ്ത്തി കമല
വ്യാഴാഴ്ച ട്രിനിഡാഡ് ആന്‍ഡ് ചൊബാഗോയില്‍ ഇന്ത്യന്‍ സമൂഹം നടത്തിയ പരിപാടിയില്‍ സംസാരിക്കവെ കമല രണ്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും പ്രശംസിച്ചു. അവയെ വംശപരമ്പര, രക്തബന്ധം, ത്യാഗം, സ്നേഹം എന്നിവയുടെ ബന്ധങ്ങളെന്നാണ് വിശേഷിപ്പിച്ചത്.
''ഇന്ന് വൈകുന്നേരം നമുക്ക് പ്രിയപ്പെട്ട ഒരാളുടെ സാന്നിധ്യം നമുക്ക് അനുഗ്രഹമായി മാറിയിരിക്കുന്നു. നമുക്ക് ഒരു വലിയ ബഹുമതി നല്‍കിയ ഒരു നേതാവിന്റെ അനുഗ്രഹം നമുക്ക് ലഭിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും ആദരണീയനായ ദര്‍ശനാത്മക നേതാക്കളില്‍ ഒരാളായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലേക്കുള്ള ഈ ചരിത്രപ്രധാനമായ ഔദ്യോഗിക സന്ദര്‍ശനത്തിലേക്ക് സ്വാഗതം ചെയ്യാന്‍ ചേരുന്നതില്‍ എനിക്ക് അതിയായ അഭിമാനമുണ്ട്,'' കമല പറഞ്ഞു.
2002ല്‍ നരേന്ദ്ര മോദി ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ സന്ദര്‍ശിച്ച കാര്യം അവര്‍ ഓര്‍മിച്ചു. അതിര്‍ത്തികള്‍ക്കപ്പുറത്ത് സ്വാധീനമുള്ള വിശിഷ്ട വ്യക്തിയും പ്രശസ്തനായ നേതാവുമായാണ് പ്രധാനമന്ത്രി മോദി ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലേക്ക് തിരിച്ചെത്തിയതെന്ന് അവര്‍ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ കോവിഡ് 19 വ്യാപനകാലത്ത് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ പോലുള്ള ചെറിയ രാജ്യങ്ങള്‍ക്ക് വാക്സിനുകള്‍ നല്‍കിയിരുന്നതായും അത് മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും പ്രവര്‍ത്തിയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ പരമോന്നത ബഹുമതിയായ ''ഓര്‍ഡര്‍ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്‍ഡ് ഡൊബാഗോ'' വെള്ളിയാഴ്ച പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു.