ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന് അന്തിമരൂപം നൽകുക എന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച( ഒക്ടോബർ 13 ) ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ ചേരുന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ക്ഷണം. ഷാം എൽ-ഷെയ്ക്ക് സമാധാന ഉച്ചകോടി എന്ന് പേരിട്ടിരിക്കുന്ന യോഗത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും സംയുക്തമായി അധ്യക്ഷത വഹിക്കും. 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ നിർണായക സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
advertisement
പ്രധാനമന്ത്രി മോദിയെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഇന്ത്യാ ഗവൺമെന്റ് സ്ഥിരീകരിച്ചു. എന്നാൽ സമാധാന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ആയിരിക്കും.
ഇസ്രായേലും ഹമാസും തമ്മിൽ അടുത്തിടെ ഉണ്ടാക്കിയ വെടിനിർത്തൽ ഏകീകരിക്കുക, ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മേഖലയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കുക, സുരക്ഷയുടെ ഒരു പുതിയ ഘട്ടത്തിന് തുടക്കമിടുക എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്‍റിന്റെ ഓഫീസ് പറഞ്ഞു. സമാധാനം കൈവരിക്കുന്നതിനും ആഗോള സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുമുള്ള പ്രസിഡന്റ് ട്രംപിന്റെ വിശാലമായ കാഴ്ചപ്പാടാണ് ഉച്ചകോടിയെന്നും ഈജിപ്ഷ്യൻ പ്രസിഡന്‍റിന്റെ ഓഫീസ് കൂട്ടിച്ചേർത്തു.
സ്പെയിൻ, ജപ്പാൻ, അസർബൈജാൻ, അർമേനിയ, ഹംഗറി, ഇന്ത്യ, എൽ സാൽവഡോർ, സൈപ്രസ്, ഗ്രീസ്, ബഹ്‌റൈൻ, കുവൈറ്റ്, കാനഡ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളെ അമേരിക്ക ക്ഷണിച്ചിട്ടുണ്ടെന്ന് ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. ഇറാനും ക്ഷണമുണ്ട്. അതേസമയം ഇസ്രായേൽ ചർച്ചകളിൽ പങ്കെടുക്കില്ല. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തിങ്കളാഴ്ച ഈജിപ്തിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കും.
ഗാസയിൽ നടപ്പാക്കുന്ന മാനുഷിക, പുനർനിർമ്മാണ നടപടികൾ ചർച്ച ചെയ്യുന്നതിനും വെടിനിർത്തൽ കരാറിനെ അംഗീകരിക്കുന്നതിനുമുള്ള ഒരു വേദിയായി ഉച്ചകോടി മാറും.