ആ സ്ത്രീയെ യുകെ സ്വദേശികളായഅലക്‌സ് റെനിക്കും ഭര്‍ത്താവ് ടോമിനും ഒരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. എന്തിന് അവരെക്കുറിച്ച് കേട്ടിട്ടുപോലുമായിരുന്നില്ല. എന്നാല്‍, ഒരിക്കലും അറിയില്ലാത്ത അവരില്‍ നിന്ന് 2.2 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവ് തങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു. അത് തങ്ങളുടെ ഭാഗ്യമാണെന്ന് അവര്‍ കരുതി. എന്നാല്‍, അലക്‌സിന്റെയും ടോമിനിന്റെയും ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. അവര്‍ക്ക് ലഭിച്ച ആ അനന്തരാവകാശം നിയമപരവും വൈകാരികവുമായ ഒരു പേടി സ്വപ്‌നമായി മാറി.
2020ല്‍ യുകെയിലെ ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയര്‍ സ്വദേശിയും ദി ബാണ്‍ സ്‌കൂളിലെ മുന്‍ അധ്യാപികയുമായ മൗറീന്‍ മരിച്ചതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞ് മറിഞ്ഞത്. മൗറീന്റെ 47 കോടി രൂപയിലധികം വിലമതിക്കുന്ന ആസ്തികളിലൊന്നായിരുന്നു അലക്‌സ് റെനിക്കും ഭര്‍ത്താവ് ടോമിനും കൈമാറിയ ആഡംബര വസതി. ടോമിനിന്റെ രണ്ടാനമ്മയായിരുന്നു മൗറീന്‍. എന്നാല്‍ ഇവര്‍ തമ്മില്‍ ഒരിക്കല്‍ പോലും കണ്ടുമുട്ടിയിരുന്നില്ല. മൗറീന്റെ 2.2 കോടി വില വരുന്ന ബംഗ്ലാവ് തങ്ങള്‍ക്ക് ലഭിച്ചുവെന്നത് അലക്‌സിനെയും ടോമിനെയും സംബന്ധിച്ച് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയായിരുന്നു. ഇത് അവരെ വളരെയധികം സന്തോഷിപ്പിച്ചു. അങ്ങനെ പുതിയൊരു ജീവിതം ആരംഭിക്കാന്‍ ആഗ്രഹിച്ച് അവര്‍ ആ വിശാലമായ വീട്ടിലേക്ക് താമസം മാറി. എന്നാല്‍, വൈകാതെ തന്നെ അവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നായി ഉടലെടുത്തു. ഇവര്‍ താമസം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൗറീന്റെ ഒരു മുന്‍ വിദ്യാര്‍ഥി വീടിന് അവകാശവാദവുമായി മുന്നോട്ട് വന്നു. ദമ്പതികള്‍ക്കല്ല, മറിച്ച് എസ്റ്റേറ്റിന്റെ മുഴുവന്‍ അവകാശവും തനിക്കാണ് വാഗ്ദാനം ചെയ്തതെന്ന് വിദ്യാര്‍ഥി ആരോപിച്ചു. ഇതിന് പിന്നാലെ നിയമപരമായ രേഖകളും രണ്ട് സാക്ഷിമൊഴികളും വിദ്യാര്‍ഥി ഹാജരാക്കി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മിലുള്ള നിയമയുദ്ധം വര്‍ഷങ്ങളോളം നീണ്ടുനിന്നു.
advertisement
ഏകദേശം മൂന്ന് വര്‍ഷമാണ് നിയമപോരാട്ടം നീണ്ടുനിന്നത്. വിദ്യാര്‍ഥി ഹാജരാക്കിയ രേഖകള്‍ വിശദമായ പരിശോധനകള്‍ക്ക് വിദേമാക്കിയപ്പോള്‍ സത്യം പുറത്തുവന്നു. എന്നാല്‍, ഈ നിയമനടപടികള്‍ അലക്‌സിനെയും ടോമിനെയും കടുത്ത വൈകാരിക സമ്മര്‍ദ്ദത്തിലാക്കി.
ഒടുവില്‍ 2024 ഒക്ടോബറിലാണ് സത്യം പുറത്തുവന്നത്. വിദ്യാര്‍ഥി സമര്‍പ്പിച്ചത് വ്യാജരേഖകളാണ് തെളിയിക്കപ്പെട്ടു. വില്‍പത്രത്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിന് വിദ്യാര്‍ഥി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. അവര്‍ക്ക് 6.5ന വര്‍ഷം തടവുശിക്ഷ വിധിച്ചു. അവര്‍ക്കുവേണ്ടി സാക്ഷികളായെത്തിയ രണ്ടുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തു.
കോടതി വിധി പുറപ്പെടുവിച്ചതിന് ശേഷം അലക്‌സ് തങ്ങള്‍ക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് വിവരിച്ചു. അത് തങ്ങളില്‍ വൈകാരികമായ ആഘാതം ഏല്‍പ്പിച്ചതായി അവര്‍ പറഞ്ഞു. അത് ദൈര്‍ഘമേറിയതും വേദനിപ്പിക്കുന്നതുമായ യാത്രയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഒടുവില്‍ നീതി വിജയിച്ചുവെന്നും ഒടുവില്‍ സമാധാനം ലഭിച്ചതില്‍ ഞങ്ങള്‍ നന്ദിയുള്ളവരാണെന്നും അവര്‍ പറഞ്ഞു.
ഇപ്പോള്‍ അവര്‍ തങ്ങള്‍ക്ക് അവകാശമായി ലഭിച്ച 2.2 കോടി രൂപയുടെ ബംഗ്ലാവിലാണ് താമസം.