യുദ്ധത്തിന്റെ ദുരിതംപേറുന്ന, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട നിസഹായരുടെ കഥപറയുന്ന ഈ ചിത്രം പകര്‍ത്തിയ റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ മൊഹമ്മദ് സലേമിനാണ് 2024ലെ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ് ഇയര്‍ പുരസ്‌കാരം. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു വയസുള്ള കുഞ്ഞിന്റെ തുണിയില്‍ പൊതിഞ്ഞ മൃതദേഹം കെട്ടിപ്പിടിച്ചു കരയുന്ന പലസ്തീന്‍ യുവതിയുടെ ചിത്രമാണ് സലേം പകര്‍ത്തിയത്.36-കാരിയായ അബു മാമര്‍ ആണ് ചിത്രത്തിലുള്ള യുവതി.
2023 ഒക്ടോബര്‍ 17ന് ദക്ഷിണ ഗാസയിലെ ഖാന്‍ യൂനുസില്‍ നസ്സെര്‍ ആശുപത്രിയില്‍ നിന്ന് പലസ്തീന്‍കാരനായ മുഹമ്മദ് സലേം നെഞ്ചുലയ്ക്കുന്ന ഈ ചിത്രം പകർത്തുമ്പോൾ അദ്ദേഹം ഒരച്ഛനായിട്ട് ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളു.
advertisement
ഈ ചിത്രം ആഘോഷിക്കപ്പെടേണ്ടതല്ലെന്ന് അവാർഡ് വാർത്ത അറിഞ്ഞ ശേഷം മൊഹമ്മദ് സലേം പ്രതികരിച്ചു. അംഗീകാരം ലഭിച്ചതിലൂടെ ചിത്രം കൂടുതല്‍ ആളുകളിലേക്ക് എത്തും. യുദ്ധത്തിന്റെ അനന്തരഫലത്തെ കുറിച്ച് ലോകത്തെ കൂടുതല്‍ ബോധവാന്‍മാരാക്കാൻ ഇ ചിത്രത്തിന് സാധിക്കുമെന്നും സലേം പറയുന്നു. ഇതാദ്യമായല്ല പുരസ്കാരങ്ങൾ സലേമിനെ തേടിയെത്തുന്നത് ഗാസ മുനമ്പിലെ യുദ്ധത്തിന്റെ ഭീകരത തുറന്നുകാട്ടിയ മറ്റൊരു ചിത്രത്തിന് പത്ത് വർഷം മുമ്പ് അദ്ദേഹത്തിന് വേൾഡ് പ്രസ് ഫോട്ടോ അവാർഡ് ലഭിച്ചിരുന്നു.