മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് ഗോള്‍ഡ്മാന്‍ സാക്‌സില്‍ തിരികെ ജോലിക്കെത്തിയതാണ് സംഭവം. പാര്‍ലമെന്റംഗമായി സേവനമനുഷ്ഠിക്കുന്നതിനിടെ തന്നെയാണ് അദ്ദേഹം ഗോള്‍ഡ്മാന്‍ സാക്‌സിലേക്ക് മുതിർന്ന കൺസൽട്ടൻറ് പദവിയിൽ ജോലിക്ക് തിരികെ എത്തുന്നത്. 2001ല്‍ ഇതേ കമ്പനിയില്‍ ഒരു അനലിസ്റ്റായാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു. അതിനുശേഷം അദ്ദേഹത്തിന് ലഭിക്കുന്ന പ്രധാന ചുമതലയാണിത്.
ഗോള്‍ഡ്മാന്‍ സാക്‌സിന്റെ ചീഫ് എക്‌സിക്യുട്ടിവ് ഡേവിഡ് സോളമനാണ് ഋഷി സുനകിന്റെ നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഋഷിയെ ഒരു മുതിർന്ന കൺസൾട്ടൻറ് എന്ന നിലയില്‍ ഗോള്‍ഡ്മാന്‍ സാക്‌സിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് അദ്ദേഹം പറഞ്ഞു.
advertisement
''ആഗോളതലത്തില്‍ ഞങ്ങളുടെ ക്ലയന്റുകള്‍ക്ക് വിവിധ സുപ്രധാന വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നതിനായി സ്ഥാപനത്തിലുടനീളമുള്ള നേതാക്കളുമായി അദ്ദേഹം ചേര്‍ന്ന് പ്രവര്‍ത്തിക്കും. മാക്രോ ഇക്കണോമിക്സിനെക്കുറിച്ചും രാജ്യങ്ങളുടെ രാഷ്ട്രീയതാത്പര്യങ്ങളെക്കുറിച്ചുള്ള തന്റെ അതുല്യമായ ഉള്‍ക്കാഴ്ചകളും അദ്ദേഹം പങ്കുവയ്ക്കും,'' സോളമന്‍ പറഞ്ഞു.
ബ്രിട്ടന്റെ ധനകാര്യമന്ത്രിയായും ഋഷി സുനക് സേവനമനുഷ്ഠിച്ചിട്ടുണ്ട്
ഋഷി സുനകിനെതിരേ ട്രോള്‍ പൂരം
ഋഷി സുനക് ഗോള്‍ഡ്മാന്‍ സാക്‌സില്‍ ജോലിക്ക് തിരികെയെത്തിയതോടെ അത് സോഷ്യല്‍ മീഡിയയില്‍ ട്രോളിന് വഴിയൊരുക്കി. സുനക് ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യുമോ എന്നതായിരുന്നു കൂടുതലാളുകളും ചോദിച്ചത്. സുനകിന്റെ ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ പിതാവും ഇന്‍ഫോസിസിന്റെ സ്ഥാപകനുമായ നാരായണ മൂര്‍ത്തി നടത്തിയ പ്രസ്താവനയാണ് ഇതിന് കാരണം. ഇന്ത്യയിലെ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന നാരായണ മൂര്‍ത്തിയുടെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.
ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഋഷി സുനക് ഗോള്‍ഡ്മാന്‍ സാക്‌സില്‍ ചേര്‍ന്നുവെന്ന് ഒരു ഉപയോക്താവ് തമാശയായി എക്‌സില്‍ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
''നിങ്ങളുടെ ഭാര്യാപിതാവ് നിങ്ങളെ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുമ്പോള്‍'' എന്ന് മറ്റൊരാള്‍ പരിഹസിച്ചുകൊണ്ട് പറഞ്ഞു. ''ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്ത് അദ്ദേഹം തന്റെ ഭാര്യാപിതാവിനെ നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നതായി'' ഒരു ഉപഭോക്താവ് കമന്റ് ചെയ്തു.
പുതിയ ജോലി ഏറ്റെടുത്തതിന് സുനകിനെ നിരവധി പേര്‍ അഭിനന്ദിച്ചു. താന്‍ സ്ഥാപിച്ച ചാരിറ്റി സ്ഥാപനമായ റിച്ച്മണ്ട് പ്രോജക്ടിന് വേണ്ടി സുനക് തന്റെ ശമ്പളം സംഭാവന ചെയ്യുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തു.
ഇതിന് മുമ്പും ബ്രിട്ടനിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ ഫിനാന്‍സ് വകുപ്പില്‍ സേവനം ചെയ്തിട്ടുണ്ട്.