നവംബർ 23 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ ഖാർകിവ്, ഡൊനെറ്റ്‌സ്‌ക് മേഖലകളിലെ നാല് സെറ്റിൽമെൻ്റുകൾ തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനിക സംരംഭങ്ങൾ, വൈദ്യുതി സൗകര്യങ്ങൾ, സൈനിക വ്യോമതാവളങ്ങൾ അതുപോലെ ഡ്രോൺ ഉൽപ്പാദനവും സംഭരണ സൈറ്റുകളും എന്നിവയുൾപ്പെടെ വിവിധ യുക്രൈനിയൻ സൈനിക ലക്ഷ്യങ്ങളിൽ 32 റൗണ്ട് ആക്രമണങ്ങൾ നടത്തിയതായും അറിയിച്ചു.
റഷ്യ നടത്തിയ രൂക്ഷമായ മിസൈൽ ആക്രമണങ്ങളിൽ രാജ്യത്തെ വൈദ്യുതി വിതരണം പ്രതിസന്ധിലായി. വൈദ്യുതി വിതരണം താറുമാറായതോടെ 10 ലക്ഷത്തിലേറെ ജനങ്ങൾ ഇരുട്ടിലായി. രാജ്യത്തെ ഊർജവിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ടും റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കി പറഞ്ഞു. എന്നാൽ മിസൈൽ ആക്രമണത്തെക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
advertisement
യുഎസ് നിർമ്മിത ആർമി ടാക്‌റ്റിക്കൽ മിസൈൽ സിസ്റ്റത്തിൽ നിന്നുള്ള 10 മിസൈലുകളും, വിവിധ തരത്തിലുള്ള 353 ശത്രു ഡ്രോണുകളും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി മന്ത്രാലയം അറിയിച്ചു. കൂടാതെ, വ്യാഴാഴ്‌ച രാത്രിക്കും വെള്ളിയാഴ്ച പുലർച്ചയ്ക്കുമിടയിൽ, ക്രിമിയയിലും കിഴക്കൻ റഷ്യയിലെ റോസ്തോവ്, ബ്രയാൻസ്ക്, ബെൽഗൊറോഡ്, വൊറോനെഷ് എന്നിവയുൾപ്പെടെ അതിർത്തി പ്രദേശങ്ങളിലും 47 ഉക്രേനിയൻ ഡ്രോണുകൾ അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
അതേസമയം, യുക്രൈനിയൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് വെള്ളിയാഴ്ച ഉച്ചവരെ 123 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആക്രമണങ്ങളിൽ കുറഖോവിൻ്റെ ദിശയിലാണ് ഏറ്റവും തീവ്രമായ പോരാട്ടം നടന്നതെന്നും വ്യക്തമാക്കി. തെക്കൻ റഷ്യയിലെ റോസ്തോവ് മേഖലയിലെ അറ്റ്‌ലസ് ഓയിൽ ഡിപ്പോയിൽ വെള്ളിയാഴ്ച പുലർച്ചെ തീപിടുത്തമുണ്ടായതായി യുക്രൈയ്ൻ അറിയിച്ചു.
യുക്രൈയ്ൻ റിപ്പോര്‍ട്ട് അനുസരിച്ച്, തീപിടിത്തമുണ്ടായ ഓയിൽ ഡിപ്പോ റഷ്യൻ സൈന്യത്തിന് പെട്രോളിയം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന പ്രധാന ഡിപ്പോകളിൽ ഒന്നാണ്. എന്തായാലും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണത്തോട് റഷ്യ പ്രതികരിച്ചിട്ടില്ല. ഇതിനിടെ അടുത്തയാഴ്ച ബ്രസൽസിൽ നടക്കുന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സഖ്യത്തിൽ ചേരാൻ യുക്രൈയ്നെ ക്ഷണിക്കാൻ യുക്രൈനിയൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ നാറ്റോ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥിരീകരണം ഇല്ലാത്ത റിപോർട്ടുകൾ.
ഭാവിയിലെ അംഗത്വത്തിലേക്കുള്ള യുക്രൈയ്‌നിൻ്റെ പാതക്ക് നാറ്റോ മുമ്പ് പിന്തുണ അറിയിച്ചിരുന്നുവെങ്കിലും ഔപചാരികമായ ക്ഷണമോ സമയക്രമമോ ഇതുവരെ സജ്ജീകരിച്ചിട്ടില്ല. സഖ്യത്തിൽ ചേരാൻ യുക്രൈനെ ക്ഷണിക്കുന്നതിൽ നിലവിൽ സമവായമില്ലെന്ന് നാറ്റോ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും പറയുന്നു. ഈ കലുഷിത അന്തരീക്ഷം നിലനിൽക്കെയാണ് കൈവിൻ്റെ അധികാരപരിധിയിലുള്ള പ്രദേശങ്ങൾ നാറ്റോയുടെ കീഴിൽ എടുക്കണമെന്ന് യുക്രൈനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി ആവശ്യം ഉന്നയിച്ചത്. നിർദേശം റഷ്യ-യുക്രൈയ്ൻ യുദ്ധം തടയാനാണ്. യുക്രൈയ്‌നിലെ ആളൊഴിഞ്ഞ പ്രദേശങ്ങൾ നാറ്റോയുടെ കീഴിലായിരിക്കണമെന്നാണ് നിർദ്ദേശിച്ചത്.
കൂടാതെ നാറ്റോ അംഗത്വത്തിന് പകരമായി അധിനവേശ പ്രദേശങ്ങളിലെ നിയന്ത്രണം റഷ്യയ്ക്ക് വിട്ടുനൽകാൻ തയ്യാറാണെന്ന സൂചനയും നിലവിലുണ്ട്. കീവിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നാറ്റോ സുരക്ഷ ഉറപ്പ് നൽകുകയാണെങ്കിൽ മാത്രമാണ് ഇങ്ങനെ ഒരു വിട്ടുവീഴ്ച എന്നും വ്യക്തമാക്കി. നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപിന്റെ കീഴിൽ പുതിയ യുഎസ് നയത്തിൽ മാറ്റമുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സെലൻസ്കിയുടെ പ്രതികരണം.