ഈ വര്‍ഷം നടക്കുന്ന വിശ്വസുന്ദരി മത്സരത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് താന്‍ മത്സരിക്കുമെന്ന് അവകാശപ്പെട്ട് പ്രശസ്ത സൗദി മോഡലും ഇൻഫ്ളൂവൻസറുമായ റൂമി അല്‍ ഖഹ്താനി മാര്‍ച്ചില്‍ രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് റൂമി ഇക്കാര്യം തന്റെ ഫോളോവേഴ്‌സിനെ അറിയിച്ചത്. റിയാദില്‍ ജനിച്ച 27 വയസ്സുകാരിയായ ഇവര്‍ സൗദി പതാകയേന്തി നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് ഇക്കാര്യം അറിയിച്ചത്. ഈ വാര്‍ത്ത പുറത്തുവന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഖഹ്താനിയുടെ അവകാശവാദം വ്യാജമാണെന്ന് കാട്ടി മിസ് യൂണിവേഴ്‌സ് സംഘടനയും രംഗത്തെത്തിയിരുന്നു. ഖഹ്താനിയുടെ പ്രസ്താവന വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നായിരുന്നു സംഘടന അറിയിച്ചത്.
advertisement
Also read-മിസ് യൂണിവേഴ്‌സ് മത്സരത്തിലേക്ക് സൗദി അറേബ്യ ആദ്യമായി; റാംപിലെത്തുന്ന ആ സുന്ദരിയെ അറിയാമോ?
ഇത്തവണത്തെ വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ തീവ്ര യാഥാസ്ഥിതിക പ്രതിച്ഛായ മയപ്പെടുത്താനുള്ള സൗദിയുടെ ശ്രമത്തിന്റെ മറ്റൊരു ചുവടുവയ്പ്പായി അത് മാറും. വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകര്‍ഷിക്കാനുള്ള ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങളെന്ന് കരുതപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരായ സൗദി അറേബ്യ ഡ്രൈവിംഗ് നിരോധനത്തിന്റെയും പര്‍ദ്ദ ധരിക്കണമെന്നുമുള്ള കർശന വ്യവസ്ഥകളുടെയും പേരിൽ സ്ത്രീകളെ അടിച്ചമര്‍ത്തുന്നുവെന്ന പഴി കേട്ടിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ നിയന്ത്രണങ്ങള്‍ സൗദി മയപ്പെടുത്തിയിരുന്നു. എന്നാല്‍, 2022-ല്‍ നിലവില്‍ വന്ന വ്യക്തിഗത പദവി നിയമം വിവാഹം, വിവാഹമോചനം, കുട്ടികളെ വളര്‍ത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്ത്രീകളോട് വിവേചനം കാണിക്കുന്നതാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. വിവേചനത്തിനെതിരേ പ്രമുഖ ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ള സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളയുള്ള ആക്ടിവിസ്റ്റുകളെ പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
അതേസമയം, വിശ്വ സുന്ദരി മത്സരത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റിയാദിലെ വീട്ടില്‍വെച്ച് റൂമി ഖഹ്താനി വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. ''സൗദി അറേബ്യയെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ മിസ് യൂണിവേഴ്‌സ് സമിതി എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍ റമദാന്‍ മാസമായിരുന്നതിനാല്‍ എനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നില്ല,'' മാര്‍ച്ചിലെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായതിന് ശേഷം നല്‍കിയ ആദ്യ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. മത്സരത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും സന്തോഷകരമായി അത് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
മെക്‌സിക്കോയിലേക്ക് രാജ്യത്തെ പ്രതിനിധീകരിച്ച് ഒരാളെ തെരഞ്ഞെടുക്കുന്നതിന് മിസ് യൂണിവേഴ്‌സ് സൗദി അറേബ്യ മത്സരം നടത്തേണ്ടതുണ്ട്. ഇതിനായി ഒരു ദേശീയ ഡയറക്ടറെ നിയമിക്കേണ്ടതുണ്ടെന്ന് മരിയ ജോസ് ഉന്‍ഡ പറഞ്ഞു.
''ഖഹ്താനി തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനുണ്ടായ കാരണം ഞങ്ങള്‍ തള്ളിക്കളയുന്നു. എന്നാല്‍ മിസ് സൗദി അറേബ്യ മത്സരത്തില്‍ പങ്കെടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മറ്റെല്ലാ മത്സരാര്‍ത്ഥികളെയും പോലെ അതേ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അവരും കടന്നുപോകേണ്ടി വരും,'' അവര്‍ പറഞ്ഞു.
താന്‍ മുമ്പ് മിഡില്‍ ഈസ്റ്റിലെയും യൂറോപ്പിലെയും വിവിധ സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തില്‍ ഖഹ്താനി പറഞ്ഞു.