“1000 ത്തോളം പേരെ റണ്ടിസി ആശുപത്രിയിൽ ബന്ദികളാക്കി പാർപ്പിക്കുകയും, ജനങ്ങളെ രാജ്യത്തിന്റെ ദക്ഷിണ മേഖല വഴി ഒഴിപ്പിക്കുന്നതിനെ തടയുകയും ചെയ്ത ഹമാസിന്റെ കമാൻഡർ അഹമ്മദ് സിയാം ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന്റെ ( IDF ) വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഹമാസിന്റെ നസർ റഡ്വാൻ കമ്പനിയുടെ കമാൻഡർ ആയിരുന്നു സിയാം. ഗാസയിലെ ജനങ്ങളെ ഹമാസ്, യുദ്ധത്തിൽ മനുഷ്യ കവചങ്ങളായി ഉപയോഗിക്കുന്നു എന്നതിന് മറ്റൊരു ഉദാഹരണം കൂടി ” – ഐഡിഎഫ് എക്സ് അക്കൗണ്ടിൽ പറഞ്ഞു.
advertisement
ആരാണ് അഹമ്മദ് സിയാം?
1. ഹമാസിന്റെ നസർ റഡ്വാൻ കമ്പനിയുടെ കമാൻഡർ ആയിരുന്നു സിയാം എന്നാണ് ഐഡിഎഫ് നൽകുന്ന വിവരം.
2. ഗാസ സിറ്റിയിലെ അൽ – ബറാഖ് സ്കൂളിൽ ഒളിവിൽ കഴിയവെയാണ് തങ്ങളുടെ വ്യോമാക്രമണത്തിൽ സിയാം കൊല്ലപ്പെട്ടത് എന്നും ഐഡിഎഫ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
3. ഒളിത്താവളത്തെക്കുറിച്ച് ഷിൻ ബെറ്റിൽ നിന്നും മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിയാമിനെ വധിച്ചത്. ഗിവാട്ടി ബ്രിഗേഡ് സേനയാണ് ഹമാസ് തീവ്രവാദികൾ ഒളിഞ്ഞിരിക്കുന്ന പ്രദേശത്ത് വ്യോമാക്രമണം നടത്തിയത്.
4. ഗാസ സിറ്റിയിലെ റണ്ടിസി ആശുപത്രിയിൽ 1000 ഓളം ജനങ്ങളെ ബന്ദികളാക്കി വച്ചിരിക്കുന്നത് അഹമ്മദ് സിയാമാണ് എന്ന് ഐഡിഎഫ് ആരോപിച്ചതിനു പിന്നാലെയാണ് സിയാമിനെ വധിച്ചതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്ത് വരുന്നത്.
5. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള കവചമായി ഗാസയിലെ സാധാരണക്കാരെ ഹമാസ് ഉപയോഗിക്കുന്നുവെന്നും ആശുപത്രികളെ തീവ്രവാദ പ്രവർത്തനങ്ങൾക്കും യുദ്ധ ഉപകരണങ്ങൾ പൂഴ്ത്തി വയ്ക്കാനുള്ള താവളങ്ങളായും ഹമാസ് മാറ്റുന്നുവെന്നും ഇസ്രായേൽ ആരോപിച്ചു.
ഒക്ടോബർ 7 ന് ഇസ്രായേലിന് മേൽ ഹമാസ് നടത്തിയ ആദ്യ ആക്രമണവുമായി ബന്ധമുള്ള നിരവധി ഭീകരരെ ഇതിനോടകം തങ്ങൾ വധിച്ചതായി ഇസ്രായേൽ പറഞ്ഞു. അലി ഖാദി, സച്ചറിയ അബു മാമർ, ജോവാദ് അബു ഷ്മാലഹ്, ബെലൽ അൽ ക്വഡ്ര, മെരാദ് അബു മെരാദ് തുടങ്ങിയവരാണ് കൊല്ലപ്പെട്ട ഹമാസ് ഭീകരർ.
ഇസ്രായേൽ – ഹമാസ് യുദ്ധം ഏകദേശം 11,000 പലസ്തീൻകാരുടെ മരണത്തിനിടയാക്കി എന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്.