TRENDING:

ഗാസ സമാധാന കരാര്‍; ഹമാസ് ബന്ദികളാക്കിയ ഏഴ് ഇസ്രായേലികളെ മോചിപ്പിച്ചു

Last Updated:

ഗാസയില്‍ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ പലരുടെയും വേദനാജനകമായ ഓര്‍മ്മപ്പെടുത്തലാണ് ഈ മോചനമെന്നും പത്രകുറിപ്പില്‍ ഫോറം വിശേഷിപ്പിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗാസ സമാധാന കരാറിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഹമാസ് ബന്ദികളാക്കിയ ഏഴ് ഇസ്രായേല്‍ പൗരന്മാരെ മോചിപ്പിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും ഹമാസും തമ്മില്‍ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ പ്രകാരം മോചിപ്പിച്ച ബന്ദികളെ ഗാസ റെഡ് ക്രോസിലേക്ക് മാറ്റിയതായാണ് വിവരം. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളുടെയും പലസ്തീന്‍ തടവുകാരുടെയും മോചനവും യുദ്ധബാധിതര്‍ക്ക് മാനുഷിക സഹായം എത്തിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ട്രംപ് മുന്നോട്ടുവച്ച സമാധാന കരാര്‍.
ഹമാസ് ബന്ദികളാക്കിയ ഏഴ് ഇസ്രായേല്‍ പൗരന്മാരെ മോചിപ്പിച്ചു
ഹമാസ് ബന്ദികളാക്കിയ ഏഴ് ഇസ്രായേല്‍ പൗരന്മാരെ മോചിപ്പിച്ചു
advertisement

കിബ്ബറ്റ്‌സില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഇരട്ട സഹോദരങ്ങൾ, ഒരു യുവ സൈനികന്‍, തന്റെ മകളെ ചേര്‍ത്തുപിടിച്ചുനില്‍ക്കുന്നതിനിടെ ഹമാസ് കടത്തികൊണ്ടുപോയ ഒരു പിതാവ് എന്നിവര്‍ മോചിപ്പിക്കപ്പെട്ട ബന്ദികളില്‍ ഉള്‍പ്പെട്ടതായാണ് വിവരം. ദി ഹോസ്‌റ്റേജസ് ആന്‍ഡ് മിസ്സിംഗ് ഫാമിലീസ് ഫോറം മോചിപ്പിക്കപ്പെട്ടവരുടെ പേരുകളും മറ്റ് വിവരങ്ങളും പത്രക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു.

ഗാസയില്‍ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ പലരുടെയും വേദനാജനകമായ ഓര്‍മ്മപ്പെടുത്തലാണ് ഈ മോചനമെന്നും പത്രകുറിപ്പില്‍ ഫോറം വിശേഷിപ്പിച്ചു. തങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അവസാനത്തെ ബന്ദിയേയും കണ്ടെത്തി ശരിയായ ശവസംസ്‌കാരത്തിനായി തിരികെ നല്‍കുന്നതുവരെ പോരാട്ടം അവസാനിക്കുന്നില്ലെന്നും ഫോറം പറഞ്ഞു. അപ്പോള്‍ മാത്രമേ ഇസ്രായേല്‍ ജനത മുഴുവനാവുകയുള്ളൂവെന്നും ഫോറം വ്യക്തമാക്കി.

advertisement

മോചിപ്പിക്കപ്പെട്ട ഏഴ് പേര്‍ ആരൊക്കെ ?

1. ഒമ്രി മിറാന്‍ (47)

കിബ്ബുറ്റ്‌സ് നഹല്‍ ഓസില്‍ നിന്നുള്ള ഷിയാറ്റ്സു തെറാപ്പിസ്റ്റും ലാന്‍ഡ്‌സ്‌കേപ്പറുമാണ് ഇദ്ദേഹം. വീട്ടിലെ മുറിയില്‍ നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. ഭാര്യ ലിഷോയും പെണ്‍മക്കളായ റോണിയും അല്‍മയും അടങ്ങുന്നതാണ് ഒമ്രിയുടെ കുടുംബം.

ഭാര്യയുടെയും മക്കളുടെയും മുന്നില്‍ നിന്നാണ് ഒമ്രിയെ ഹമാസ് കടത്തിക്കൊണ്ടുപോയത്. അന്ന് അദ്ദേഹത്തിന്റെ ഇളയ മകള്‍ അല്‍മയ്ക്ക് ആറ് മാസം മാത്രമാണ് പ്രായമുണ്ടായിരുന്നത്. ഒമ്രിയെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളിലൂടെ മാത്രമാണ് ആവള്‍ തന്റെ പിതാവിനെ അറിഞ്ഞത്. യാത്രകളിലും കായിക വിനോദത്തിലും അഭിനിവേശമുള്ള ഒമ്രി കിബ്ബറ്റ്‌സ് ടീമുകളില്‍ ബാസ്‌ക്കറ്റ് ബോളും ഫുട്‌ബോളും കളിച്ചിരുന്നു.

advertisement

2. 22-കാരനായ മാതന്‍ ആംഗ്രെസ്റ്റ് ആണ് മോചിപ്പിക്കപ്പെട്ട മറ്റൊരാള്‍ 

ഇയാള്‍ ഇസ്രായേലിലെ കിര്യത്ത് ബിയാലിക്കില്‍ നിന്നുള്ളതാണ്. ഐഡിഎഫ് സൈനികന്‍ ആണിദ്ദേഹം. യുദ്ധക്കളത്തില്‍ നഹല്‍ ഓസ് ഔട്ട്‌പോസ്റ്റിനെ പ്രതിരോധിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ തട്ടികൊണ്ടുപോയത്. മാതാപിതാക്കളായ ഹഗായിയും അനത്തും ആദി, ഒഫിര്‍, റോയ് എന്നീ മൂന്ന് സഹോദരങ്ങളും അടങ്ങുന്നതാണ് കുടുംബം.

ഇദ്ദേഹത്തിന്റെ സഹ സൈനികരായിട്ടുള്ള മൂന്ന് പേര്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മാതന്‍ ഹമാസിന്റെ കൂട്ട ആക്രമണത്തിന് ഇരയായതായും തടവില്‍ കഴിയുമ്പോള്‍ പീഡനവും പട്ടിണിയും അനുഭവിച്ചുവെന്നും ഫോറം പറയുന്നു. യുദ്ധ യൂണിറ്റില്‍ സേവനമനുഷ്ഠിക്കാന്‍ പ്രതിജ്ഞാബദ്ധനായ സൈനികനായിരുന്നു അദ്ദേഹമെന്ന് കുടുംബം പറയുന്നു. തന്റെ ബ്രിഗേഡ് കമാൻഡറിൽ നിന്ന് മെറിറ്റ് സർട്ടിഫിക്കറ്റും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഒരു മക്കാബി ഹൈഫ ആരാധകൻ കൂടിയാണ് അദ്ദേഹം.

advertisement

3. 28 വയസ്സുള്ള സിവ് ബെര്‍മന്‍ 

കിബ്ബുറ്റ്‌സ് കഫര്‍ അസയില്‍ നിന്നാണ് ഇദ്ദേഹം. സിന്‍കോപ്പയിലെ സൗണ്ട് ടെക്‌നീഷ്യനായിരുന്ന അദ്ദേഹത്തെ കഫര്‍ അസയില്‍ നിന്നാണ് തട്ടികൊണ്ടുപോയത്. മാതാപിതാക്കള്‍ താലിയയും ഡോറണും ഇരട്ട സഹോദരന്‍ ഗാലി, സഹോദരങ്ങളായ ലിറാന്‍, ഇഡാന്‍ എന്നിവരടങ്ങുന്നതാണ് കുടുംബം.

സിവിനെയും ഇരട്ട സഹോദരന്‍ ഗാലിയെയും ഹമാസ് ബന്ദികളാക്കി. ഒക്ടോബര്‍ ഏഴിന് നാല് ജീവനക്കാരെ നഷ്ടപ്പെട്ട സൗണ്ട് ആന്‍ഡ് ലൈറ്റിംഗ് കമ്പനിയായ സിന്‍കോപ്പയിലെ ജീവനക്കാരായിരുന്നു ഇവര്‍. ഇരുവരും കഫര്‍ അസ ഫുട്‌ബോള്‍  ടീമില്‍ കളിച്ചിട്ടുണ്ട്. മക്കാബി ടെല്‍ അവീവിന്റെയും ലിവര്‍പൂളിന്റെയും പിന്തുണക്കാരാണ്.

advertisement

4. ഗാലി ബെര്‍മന്‍ (28)

കിബ്ബ്റ്റുസ് കഫര്‍ അസയില്‍ നിന്നുള്ള ഗാലിയെ തന്റെ സഹോദരനൊപ്പമാണ് ഹമാസ് തട്ടികൊണ്ടുപോയത്. സഹോദരനെ ഗാലിയും പ്രാദേശിക ഫുട്‌ബോള്‍ ടീമില്‍ കളിച്ചു. ഏത് ആവശ്യത്തിനും ആദ്യം വിളിക്കാൻ കഴിയുന്ന സുഹൃത്താണ് ഗാലി എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു.

5. ഈറ്റന്‍ അവ്രഹാം മോര്‍ (25)

ജറുസലേമില്‍ നിന്നുള്ളയാളാണ് ഈറ്റന്‍. കഫേ ജീവനക്കാരനും ഇവന്റ് സെക്യൂരിറ്റി സ്റ്റാഫുമായിരുന്നു ഇദ്ദേഹം. നോവ സംഗീതോത്സവത്തിനിടെയാണ് ഈറ്റനെ ഹമാസ് തട്ടികൊണ്ടുപോയത്. മാതാപിതാക്കള്‍ സ്വികയും എഫ്രാത്തും ആറ് സഹോദരങ്ങളും ജീവിത പങ്കാളി ഒഡെലിയയും അടങ്ങുന്നതാണ് കുടുംബം.

സംഗീതോത്സവത്തില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നതിനിടെ പരിക്കേറ്റവരെ ഒഴിപ്പിക്കാന്‍ സഹായിക്കുമ്പോഴാണ് ഇദ്ദേഹത്തെ തട്ടികൊണ്ടുപോയത്. ജറുസലേമില്‍ നഹ്ലോവോട്ട് പ്രദേശത്താണ് ഇദ്ദേഹം തമാസിച്ചിരുന്നത്.

6. ഗൈ ഗില്‍ബോവ ദലാല്‍ എന്ന 24 വയസ്സുകാരനാണ് മോചിതനായ മറ്റൊരാള്‍

ആല്‍ഫി മെനാഷെയില്‍ നിന്നുള്ളയളാണ് ഗൈ. മുന്‍ എസ്എടിഐഎല്‍ യൂണിറ്റ് സൈനികനായിരുന്നു ഇദ്ദേഹം. മാതാപിതാക്കള്‍ ഇലാനും മെയ്‌റാവും രണ്ട് സഹോദരങ്ങളുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

ബാല്യകാല സുഹൃത്തായ എവ്യാറ്റര്‍ ഡേവിഡിനൊപ്പമാണ് ഗൈയെ തട്ടികൊണ്ടുപോയത്. ജപ്പാനിലെ ചെറി വസന്തം കാണാനുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. സംഗീത പ്രേമിയായ അദ്ദേഹം ഗിറ്റാറും ഡ്രമ്മും വായിക്കുമെന്ന് ഫോറം പറയുന്നു. കൂടാതെ ഫിറ്റ്‌നസിലും ഫുട്‌ബോളിലും ഇദ്ദേഹത്തിന് കമ്പമുണ്ട്. നോവ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഇദ്ദേഹത്തിന്റെ സഹോദരി ഗയയും സഹോദരന്‍ ഗാലും അദ്ദേഹത്തിന്റെ മോചനത്തിനായുള്ള പ്രചാരണങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.

7. അലോണ്‍ ഓഹല്‍ (24)

വളര്‍ന്നുവരുന്ന മ്യുസിഷനായ അലോണ്‍ ലാവോണില്‍ നിന്നുള്ളയാളാണ്. നോവ സംഗീതോത്സവത്തിനിടെയാണ് ഇദ്ദേഹത്തെ ഹമാസ് കടത്തികൊണ്ടുപോയത്. മാതാപിതാക്കള്‍ കോബിയും ഇഡിറ്റും സഹോദരങ്ങള്‍ റോണനും ഇന്‍ബറും അടങ്ങുന്നതാണ് കുടുംബം.

വെടിവെപ്പിനിടെ രക്ഷപ്പെട്ട് ഒരു ഷെൽട്ടറിലേക്ക് ഓടിക്കയറിയ അലോണും സുഹൃത്തുക്കളും പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ഹമാസിന് കീഴടങ്ങി. എലിയ കോഹന്‍, ഓര്‍ ലെവി, പരേതനായ ഹെര്‍ഷ് ഗോള്‍ഡ്‌ബെര്‍ഗ് പോളിന്‍ എന്നിവരെയും അലോണിനൊപ്പം ഹമാസ് ബന്ദികളാക്കിയിരുന്നു.

2023 ഒക്ടോബറില്‍ റിമോണ്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ പഠിക്കാന്‍ തുടങ്ങാനും ടെല്‍ അവീവിലെ സുഹൃത്തുക്കളോടൊപ്പം ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറാനും അലോണ്‍ പദ്ധതിയിട്ടിരുന്നു. ഒന്‍പതാം വയസ്സില്‍ അദ്ദേഹം പിയാനോ വായിക്കാന്‍ തുടങ്ങി. ബാസും വായിച്ചു. ക്ലാസിക്കല്‍, ജാസ് എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു വ്യക്തിഗത സംഗീത ശൈലി അദ്ദേഹം വികസിപ്പിച്ചെടുത്തു. എപ്പോഴും ഉന്മേഷവാനായി കാണുന്ന അലോൺ നല്ല ഭക്ഷണ പ്രിയനും സംഗീതത്തിൽ പുരോഗതിക്കായി ശ്രമിക്കുന്നയാളുമാണെന്ന് സുഹൃത്തുക്കൾ പറയുന്നു.

ഇനി അടുത്തതെന്ത് ?

ഇസ്രായേല്‍ സൈന്യത്തിന്റെ കണക്ക് പ്രകാരം ഏഴ് ബന്ദികള്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇവരെ ആദ്യം റീം ഫീല്‍ഡ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. അവിടെ അവര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചേരും. രണ്ട് വര്‍ഷത്തിനുശേഷം ആദ്യമായാണ് ബന്ദികള്‍ തങ്ങളുടെ ഉറ്റവരെ കാണുന്നത്. ഇതിനുശേഷം കൂടുതല്‍ സമഗ്രമായ വിലയിരുത്തലുകള്‍ക്കും പരിചരണത്തിനുമായി ഇവരെ ആശുപത്രികളിലേക്ക് മാറ്റും.

ഇന്ന് 20 ബന്ദികള്‍ തങ്ങളുടെ വീട്ടിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പകരമായി ഇസ്രായേലില്‍ ജയിലില്‍ കഴിയുന്ന 2,000 പാലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും.

യുഎസ് പ്രസിഡന്റ് ട്രംപ് നിലവില്‍ ഇസ്രായേലിലാണുള്ളത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അദ്ദേഹം കാണും. അദ്ദേഹം ഇസ്രായേല്‍ പാര്‍ലമെന്റിനെ (നെസെറ്റ്) അഭിസംബോധന ചെയ്യുകയും മോചിപ്പിക്കപ്പെട്ട ബന്ദികളുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇസ്രായേലില്‍ നിന്നും ട്രംപ് ഗാസയുടെ ഭാവിയെക്കുറിച്ചുള്ള ഉന്നതതല സമാധാന ഉച്ചകോടിക്കായി ഈജിപ്തിലേക്ക് പോകും. 20-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഷാം എല്‍ ഷെയ്ക് സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/World/
ഗാസ സമാധാന കരാര്‍; ഹമാസ് ബന്ദികളാക്കിയ ഏഴ് ഇസ്രായേലികളെ മോചിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories