എന്നാൽ നിയമലംഘകർക്കെതിരെ സ്വീകരിക്കുന്ന ശിക്ഷാ നടപടികളെക്കുറിച്ച് ഇതുവരെ പോലീസ് വ്യക്തമാക്കിയിട്ടില്ല. അൽ മജാസ് വാട്ടർഫ്രണ്ടിന് മുകളിൽ മിനിറ്റുകളോളം നീണ്ടുനിൽക്കുന്ന വെടിക്കെട്ടോടെയാണ് ഷാർജ സാധാരണയായി പുതുവർഷത്തെ വരവേൽക്കാറുള്ളത്. ഇത്തവണയും നിരവധി ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അതെല്ലാം നിലവിൽ മാറ്റിവെച്ചതായി പ്രഖ്യാപിച്ചു. ഷാർജയിലെ മ്ലീഹയിൽ നടത്താനിരുന്ന തൻവീർ സേക്രഡ് മ്യൂസിക് ഫെസ്റ്റിവലും അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.
കൂടാതെ പലസ്തീൻ എഴുത്തുകാരിയ്ക്ക് പ്രഖ്യാപിച്ച സാഹിത്യ പുരസ്കാരം റദ്ദാക്കിയതിന് പിന്നാലെ ഷാര്‍ജ ബുക് അതോറിറ്റിയും (എസ്.ബി.എ) എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷനും (ഇ.പി.എ) രാജ്യാന്തര തലത്തിലെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളില്‍ ഒന്നായി വിശേഷിപ്പിക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് ബുക് ഫെയറില്‍ നിന്ന് പിൻവാങ്ങുകയും ചെയ്തിരുന്നു.
advertisement
ഗാസയിലെ പലസ്തീൻ ജനതയെ സഹായിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.എ.ഇ തയ്യാറാക്കിയ പ്രമേയം അടുത്തിടെ ആണ് ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ അംഗീകരിച്ചത്. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഗാസയിൽ ഇതുവരെ 20,000ലേറെ ആളുകൾ കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. ഇതിൽ എഴുപത് ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഹമാസിനെ ഇല്ലാതാക്കുന്നത് വരെ സമാധാനം ഉണ്ടാകില്ല എന്നായിരുന്നു അടുത്തിടെ ഇസ്രായേലിന്റെ പ്രതികരണം. അതുകൊണ്ടുതന്നെ യുദ്ധത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.
ഗാസയിൽ ഉപരോധം ഏർപ്പെടുത്തിയതു മുതൽ ഇവിടെയുള്ള 2.4 ദശലക്ഷം ആളുകൾ വെള്ളം, ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയവയുടെ കടുത്ത ക്ഷാമം നേരിടുന്നതായും റിപ്പോർട്ട് ഉണ്ട്. യുദ്ധത്തെ തുടർന്ന് ഗാസയിലെ 1.9 ദശലക്ഷത്തോളം ജനങ്ങൾ പലായനം ചെയ്തതായാണ് യുഎൻ കണക്കുകൾ സൂചിപ്പിക്കുന്നത്.