പ്രൈമറി-സെക്കന്ററി തലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതുസംബന്ധിച്ച പരിശീലനം നല്‍കുകയെന്നും അതിനായി പാഠ്യപദ്ധതി അവലോകനം ചെയ്ത് വരികയാണെന്നും യുകെ വിദ്യാഭ്യാസ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്പ്‌സണ്‍ ദി ഡെയ്‌ലി ടെലിഗ്രാഫിനോട് വ്യക്തമാക്കി. കുട്ടികളില്‍ ശരിയും തെറ്റും വിവേചിച്ചറിയാനുള്ള കഴിവുകൾ വളര്‍ത്തി ഗൂഢാലോചന സിദ്ധാന്തങ്ങള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവ തിരിച്ചറിയാന്‍ അവരെ പ്രാപ്തമാക്കുകയാണ് പാഠ്യപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
'' ഓണ്‍ലൈനില്‍ അവര്‍ കാണുന്ന വിവരങ്ങളെ ശരിയും തെറ്റുകളും തിരിച്ചറിഞ്ഞ് വിലയിരുത്താനുള്ള അറിവും കഴിവും യുവാക്കള്‍ക്ക് നല്‍കുക എന്നത് പരമപ്രധാനമാണ്,'' ബ്രിജറ്റ് ഫിലിപ്പ്‌സണ്‍ പറഞ്ഞു.
advertisement
യുകെയില്‍ സമീപകാലത്ത് നടന്ന പ്രക്ഷോഭങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ സന്ദേശങ്ങളും കാരണമായി എന്ന് നാഷണല്‍ പോലീസ് ചീഫ് കൗണ്‍സിലിന്റെ ചീഫ് കോണ്‍സ്റ്റബിള്‍ ഗാവിന്‍ സ്റ്റീഫന്‍സ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പാഠ്യപദ്ധതി പരിഷ്‌കാരവുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയത്.
''ഓണ്‍ലൈനില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ക്കും വിദ്വേഷ പ്രചരണത്തിനും നാം എത്രത്തോളം ഇരയാകുന്നുവെന്നതിനെപ്പറ്റിയാണ് പ്രക്ഷോഭ സമയത്ത് ഞാന്‍ ആലോചിച്ചത്. ഓണ്‍ലൈനിലെ ഇത്തരം വിദ്വേഷപ്രചരണങ്ങളില്‍ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാമെന്നതിനെപ്പറ്റി മുമ്പ് നാം സംസാരിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങളും ചില പോസ്റ്റുകളും സമൂഹത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കുമെന്ന് ഈ ആഴ്ചയോടെ വ്യക്തമായിക്കഴിഞ്ഞു,'' അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈ 29നാണ് ഇംഗ്ലണ്ടിലെ സൗത്ത് പോര്‍ട്ടില്‍ നൃത്ത പരിപാടിയ്ക്കിടെ മൂന്ന് പെണ്‍കുട്ടികള്‍ കുത്തേറ്റ് മരിച്ചത്. അക്രമി പിടിയിലായെങ്കിലും അയാള്‍ കുടിയേറ്റക്കാരനും മുസ്ലീമുമാണെന്ന വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
തീവ്രവലതുപക്ഷമാണ് കലാപത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി കെയില്‍ സ്റ്റാര്‍മാര്‍ ആരോപിച്ചു. ഓണ്‍ലൈനില്‍ തെറ്റായ വാര്‍ത്തകളും വിദ്വേഷ പ്രചരണങ്ങളും ഷെയര്‍ ചെയ്തവര്‍ക്കെതിരെ കേസെടുക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.