ദീർഘകാലമായുള്ള തീർത്ഥാടകബന്ധംകൂടി കണക്കിലെടുത്താണ് ശബരിമലയെ അംഗീകൃത തീർത്ഥാടന കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയതെന്ന് ലങ്കന്‍ സർക്കാർ അറിയിച്ചു. 'ഏറെക്കാലമായി ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ പ്രശസ്തമായ ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ നിരവധി ശ്രീലങ്കൻ തീർത്ഥാടകര്‍ ദർശനം നടത്തുന്നു'-എന്ന് ലങ്കൻ സർക്കാർ വ്യക്തമാക്കുന്നു.
താത്കാലിക പന്തൽ
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മരക്കൂട്ടം മുതല്‍ ശരംകുത്തി നെക്ക് പോയിന്റ് വരെ താല്‍ക്കാലിക പന്തല്‍ നിര്‍മിക്കാന്‍ തീരുമാനമായി. ശരംകുത്തി ആല്‍മരം മുതല്‍ താഴോട്ട് നടപ്പന്തല്‍ യു ടേണ്‍ വരെയാണ് പന്തല്‍. രണ്ട് സ്ഥലത്തായി ഏകദേശം ഒന്നേകാല്‍ കിലോമീറ്ററായിരിക്കും നീളം. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡിന്റെ പന്തല്‍ നിര്‍മാണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ താല്‍ക്കാലിക പച്ച നിറത്തിലുള്ള വലയായിരുന്നു സ്ഥാപിച്ചിരുന്നത്.
advertisement
മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
എരുമേലി- മുക്കുഴി- പമ്പ പാതയിലെ ഉള്‍വനത്തിലെ വിരികളില്‍ ഫയര്‍ ഓഡിറ്റ് നടത്തി മാത്രം നിര്‍മാണ അനുമതി നല്‍കാനായി ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. വനപാതകളില്‍ വേസ്റ്റ് ബിന്‍ സ്ഥാപിക്കുന്നതാണ്. ളാഹ മുതല്‍ പമ്പ വരെ അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റുകയും ചെയ്യും. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് 104 ഓളം പന്നികളെ പിടികൂടി ഉള്‍വനത്തില്‍ വിട്ടിരുന്നു. ഇത്തവണയും അതിനായി പ്രത്യേക സംഘമുണ്ടാകും. 24 മണിക്കൂറും എലിഫന്റ് സ്‌ക്വാഡും പ്രവര്‍ത്തിക്കുന്നതാണ്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ത്ഥാടന പാതയില്‍ അടിയന്തിരഘട്ട വൈദ്യസഹായ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഹൃദ്രോഗ വിദഗ്ധരുടെയടക്കം സേവനം ഉണ്ടാകും.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് തുടങ്ങിയ ആശുപത്രികളില്‍ ആന്റി വെനമടക്കം ലഭ്യമാക്കും. മൈലപ്ര- മണ്ണാറക്കുളഞ്ഞി, മണ്ണാറുക്കുളഞ്ഞി- ചാലക്കയം- പമ്പ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഹമ്പുകള്‍, വളവുകള്‍ എന്നിവ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ അഞ്ച് ഭാഷകളിലായി സ്ഥാപിക്കും. നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ കിയോസ്‌കുകളില്‍ കുടിവെള്ളം ഉറപ്പാക്കുന്നതാണ്. പമ്പയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തത്സമയ ജലനിരപ്പ് കാണിക്കുന്ന ഇലക്ടോണിക് ഡിസ്പ്ലെ സ്ഥാപിക്കുന്നത് പരിഗണനയിലിരിക്കുകയാണ്.