ജൂണ്‍ മുതല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുകയാണ് സുനിതയും വില്‍മോറും. 2025 ഫെബ്രുവരിയോടെ ഇരുവരെയും തിരികെയെത്തിക്കാന്‍ സാധിക്കുമെന്ന് മുമ്പ് നാസ അറിയിച്ചിരുന്നു. എന്നാല്‍ സ്‌പേസ് എക്‌സിന്റെ ക്രൂ-10 ദൗത്യം വൈകുന്നതാണ് ഇവരുടെ മടങ്ങിവരവ് വീണ്ടും നീണ്ടുപോകാന്‍ കാരണം.
സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് വൈകുന്നത് എന്തുകൊണ്ട് ?
1. ബോയിംഗ് സ്റ്റാര്‍ലൈനര്‍ സുരക്ഷാപ്രശ്‌നം
ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങളാണ് ഇരുവരുടെയും ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീണ്ടുപോയതിന്റെ പ്രധാന കാരണം. എട്ട് ദിവസത്തെ ദൗത്യത്തിനായാണ് സുനിതയും വില്‍മോറും ബഹിരാകാശ നിലയത്തിലേക്ക് ബോയിംഗ് സ്റ്റാര്‍ലൈനറില്‍ പോയത്. എന്നാല്‍ സ്റ്റാര്‍ലൈനറിലെ പ്രശ്‌നങ്ങള്‍ കാരണം ഇരുവരെയും കൂട്ടാതെ പേടകം തിരികെ ഭൂമിയിലേക്ക് എത്തിക്കുകയായിരുന്നു.
advertisement
2. തിരിച്ചുവരവിനായുള്ള ബഹിരാകാശ ദൗത്യം
സുനിതയേയും വില്‍മോറിനേയും തിരികെയെത്തിക്കാന്‍ തയ്യാറെടുക്കുന്ന സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം 2025 മാര്‍ച്ചിന് ശേഷമാകും വിക്ഷേപിക്കുക. ദൗത്യത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ചശേഷമാണ് നാസ ഈ ഒരു തീരുമാനത്തിലെത്തിയത്. സുനിത ഉള്‍പ്പെടെയുള്ള ക്രൂ-9ന്റെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിന് പുറമെ സ്‌പേസ് എക്‌സ് ക്രൂ-10ന്റെ വരവും ഈ ദൗത്യത്തിലുള്‍പ്പെടുന്നു. ക്രൂ-10 എത്തിയതിന് ശേഷമായിരിക്കും ക്രൂ-9 ഭൂമിയിലേക്ക് തിരിച്ചെത്തുക.
3. ബഹിരാകാശനിലയ പ്രവര്‍ത്തനങ്ങള്‍
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ദീര്‍ഘകാലം താമസിക്കേണ്ടി വരുമ്പോഴുള്ള പ്രധാന വെല്ലുവിളി ശാസ്ത്രീയ ഗവേഷണത്തിന്റെയും ബഹിരാകാശ നടത്തത്തിന്റെയും ഏകോപനമാണ്. ബഹിരാകാശ നിലയത്തിലെ ഗവേഷണം തുടരുമെന്ന് നാസ ഉറപ്പുനല്‍കി. സുനിത ഉള്‍പ്പെടുന്ന ക്രൂ-9 നിര്‍ണായക പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലും വരാനിരിക്കുന്ന ബഹിരാകാശ നടത്തത്തിനായുള്ള തയ്യാറെടുപ്പിലുമാണെന്ന് നാസ അറിയിച്ചു. ഈ കാലതാമസം ബഹിരാകാശ നിലയത്തെക്കുറിച്ചുള്ള ഗവേഷണം തടസപ്പെടുത്തില്ലെന്നും നാസ വ്യക്തമാക്കി.
4. ബഹിരാകാശ യാത്രയുടെ ശാരീരിക-ആരോഗ്യ ഫലങ്ങള്‍
ബഹിരാകാശ നിലയത്തിലെ ദീര്‍ഘകാലത്തെ താമസം ബഹിരാകാശ യാത്രികര്‍ക്ക് ശാരീരിക വെല്ലുവിളികള്‍ സൃഷ്ടിക്കും. ബഹിരാകാശത്തിലെ ജീവിതം ഇവരുടെ അസ്ഥികളുടെ സാന്ദ്രത കുറയ്ക്കും. കൂടാതെ ഹൃദയം, കരള്‍ തുടങ്ങിയ അവയവങ്ങള്‍ക്കും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഭൂമിയിലെത്തി കൃത്യമായ പുനരധിവാസത്തിലൂടെ ഈ പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് ബഹിരാകാശ നിലയത്തില്‍ കഴിയുന്ന യാത്രികരുടെ ആരോഗ്യം കൃത്യമായി പരിശോധിക്കേണ്ടത് അനിവാര്യമാണ്.
5. ആരോഗ്യം സംബന്ധിച്ച ഊഹാപോഹങ്ങള്‍
ബഹിരാകാശ നിലയത്തില്‍ കഴിയുന്ന സുനിത വില്യംസിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പടര്‍ന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ തള്ളി നാസ രംഗത്തെത്തി. ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സുനിത തന്നെ പറഞ്ഞു. ആരോഗ്യം നിലനിര്‍ത്താന്‍ ബഹിരാകാശ നിലയത്തിലെ വെയ്റ്റ് ട്രെയിനിംഗ് ഉപകരണങ്ങള്‍ താന്‍ ഉപയോഗിച്ച് വരികയാണെന്ന് സുനിത വ്യക്തമാക്കി. കൂടാതെ ബഹിരാകാശ നിലയത്തില്‍ ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും നാസ വ്യക്തമാക്കി.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്ന ബഹിരാകാശ യാത്രികരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് നാസ പറഞ്ഞു.