അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നോക്കുമ്പോള്‍ ഇന്ത്യ എങ്ങനെ കാണപ്പെട്ടുവെന്നും, ബഹിരാകാശ പര്യവേഷണത്തിന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുമായി (ഐഎസ്ആര്‍ഒ) സഹകരിക്കാനുള്ള സാധ്യതയെ കുറിച്ചുമുള്ള ചോദ്യത്തിന്റെ മറുപടിയിലാണ് സുനിത അച്ഛന്റെ നാട് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
സുനിത വില്യംസിന്റെ അച്ഛന്‍ ദീപക് പാണ്ഡ്യ ഗുജറാത്ത് സ്വദേശിയാണ്. മെഡിസിൻ പരിശീലനത്തിനും ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുമായി 1958ലാണ് അദ്ദേഹം യുഎസ് നഗരമായ ക്ലീവ്‌ലാന്‍ഡിലെ ഓഹിയോയില്‍ എത്തുന്നത്. ദീപക് പാണ്ഡ്യയുടെയും ഉര്‍സുലിന്‍ ബോണി പാണ്ഡ്യയുടെയും മകളായി ഓഹിയോയിലാണ് സുനിതയുടെ ജനനം.
advertisement
''ഇന്ത്യ ശരിക്കും അത്ഭുതപ്പെടുത്തുന്നു. ഹിമാലയത്തിന് മുകളിലൂടെ സഞ്ചരിച്ചപ്പോഴെല്ലാം ബുച്ച് വിൽമോറിന് ഹിമാലയത്തിന്റെ അവിശ്വസനീയമായ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്,'' സുനിത പറഞ്ഞു.
ഹിമാലയം ഇന്ത്യയിലേക്ക് ഇറങ്ങുന്ന കാഴ്ച അതിമനോഹരമാണെന്നും സുനിത വിശദീകരിച്ചു. ഇന്ത്യയിലെ ഭൂപ്രകൃതിയുടെ സൗന്ദര്യത്തെ കുറിച്ചും സുനിത വില്യംസ് സംസാരിച്ചു. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഭൂപ്രദേശത്തിന്റെ നിറങ്ങള്‍ അത്ഭുതപ്പെടുത്തിയതായും ഗുജറാത്തിലെയും മുംബൈയിലെയും മത്സ്യബന്ധന ബോട്ടുകൾ വെളിച്ചം തെളിച്ച് വരവ് അറിയിക്കുന്ന കാഴ്ചയും അതിമനോഹരമായ കാഴ്ചയായിരുന്നുവെന്നും സുനിത പറഞ്ഞു. ഇന്ത്യയിലെ രാത്രിയിലെയും പകലിലെയും കാഴ്ചകളെ കുറിച്ചും സുനിത വിവരിച്ചു..
സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും ഒന്‍പത് മാസത്തോളമാണ് ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ചത്. തുടർന്ന് കോടീശ്വരൻ ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സ് ക്രൂ 9 മിഷനാണ് അവരെ തിരികെ എത്തിച്ചത്. ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ കാപ്‌സ്യൂളിൽ എട്ട് ദിവസത്തെ ദൗത്യത്തിനായാണ് അവര്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയത്. ഹീലിയം ചോര്‍ച്ചയെ തുടര്‍ന്ന് ഒന്‍പത് മാസം ബഹിരാകാശത്ത് കുടുങ്ങിപോകുകയായിരുന്നു. ഭൂമിയിലേക്ക് മടങ്ങിയെത്തിയ ശേഷം ഇതാദ്യമായാണ് ഇരുവരും ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കാണുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള വാണിജ്യ ബഹിരാകാശ ദൗത്യമായ ആക്‌സിം മിഷന്‍ 4-ല്‍ ഒരു ഇന്ത്യന്‍ പൗരന്‍ ഉള്‍പ്പെടുന്നത് ഗംഭീരമായിരിക്കുമെന്നും അവര്‍ അറിയിച്ചു. ഇന്ത്യക്കാരനായ ശുഭാന്‍ശു ശുക്ല ഉള്‍പ്പെട്ട ബഹിരാകാശ ദൗത്യമാണിത്. മുന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഓഫീസറായിരുന്ന രാകേഷ് ശര്‍മ്മയ്ക്കുശേഷം ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയാണ് ലഖ്‌നൗ സ്വദേശിയായ ശുക്ല.
അന്താരാഷ്ട്ര ബഹിരാകാശ നിലയം എത്ര മനോഹരമാണെന്ന് പറയാന്‍ കഴിയുന്ന ഇന്ത്യക്കാരുടെ സ്വന്തം ഹീറോ അവിടെ ഉണ്ടാകുമെന്നാണ് ശുഭാന്‍ശു ശുക്ലയെ കുറിച്ച് സുനിത വില്യംസ് പറഞ്ഞത്.
ഇന്ത്യയിലെ ജനങ്ങളുമായി തന്റെ അനുഭവങ്ങള്‍ പങ്കിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. ബഹിരാകാശത്ത് ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന മനോഹരമായ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും അതിന്റെ ഭാഗമാകാനും അവരെ സഹായിക്കാനും താൻ ആഗ്രഹിക്കുന്നുന്നതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലേക്ക് പോകുമ്പോള്‍ ക്രൂ അംഗങ്ങളെ കൂടി കൊണ്ടുപോകുമോയെന്ന് ബുച്ച് വില്‍മോര്‍ സുനിതയോട് ചോദിച്ചു. ചിരിച്ചുകൊണ്ട് 'തീര്‍ച്ചയായും കൊണ്ടുപോകും...' എന്നായിരുന്നു സുനിതയുടെ മറുപടി. ഇന്ത്യയിലെ എരിവുള്ള ഭക്ഷണം നൽകാമെന്നും സുനിത വില്‍മോറിനോട് പറഞ്ഞു.
ബഹിരാകാശനിലയത്തിൽ നിന്ന് ഇക്കഴിഞ്ഞ മാർച്ച് 18ന് തിരികെയെത്തിയ സുനിത വില്യംസിനെയും ക്രൂ അംഗങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തിരുന്നു. 'സ്വാഗതം ക്രൂ 9, ഭൂമി നിങ്ങളെ മിസ് ചെയ്തിരുന്നു,' എന്നാണ് മോദി എക്‌സില്‍ കുറിച്ചത്. അവരുടെ ആത്മധൈര്യവും ദൃഢനിശ്ചയവും ദശലക്ഷകണക്കിന് ആളുകള്‍ക്ക് പ്രചോദനമാണെന്നും മോദി പറഞ്ഞു. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ സ്‌പേസ്‌ക്രാഫ്റ്റിലായിരുന്നു മടക്കം.