അക്രമി വെടിയുതിര്‍ക്കുന്നതിനിടെ നിരായുധനായ ഒരാള്‍ തോക്കുധാരികളെ സധൈര്യം നേടിരുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വൈകാതെ ഇത് അഹമ്മദാണെന്ന് തിരിച്ചറിയുകയായിരുന്നു. അഹമ്മദ് തോക്കുധാരിയെ പിന്നില്‍ നിന്ന് നേരിടുന്നതും കൈയ്യില്‍ നിന്ന് തോക്ക് പിടിച്ചെടുക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. അക്രമിയുമായുള്ള ഏറ്റുമുട്ടലില്‍ പരിക്ക് പറ്റിയ അഹമ്മദ് ഇപ്പോള്‍ സിഡ്‌നിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
43-കാരനായ അഹമ്മദ് സിറിയന്‍ സ്വദേശിയാണ്. അക്രമികള്‍ ജനക്കൂട്ടത്തിനുനേരെ വെടിയുതിര്‍ക്കുന്നത് കണ്ട് അയാള്‍ അങ്ങോട്ടേക്ക് ഓടിയടുക്കുകയായിരുന്നു. യുദ്ധത്താല്‍ തകര്‍ന്ന സിറിയയില്‍ നിന്നുള്ള അഹമ്മദ് ഒരു പതിറ്റാണ്ടു മുമ്പാണ് ഓസ്‌ട്രേലിയയില്‍ സ്ഥിരതമാസമാക്കിയത്. സിഡ്‌നിയുടെ തെക്ക് ഭാഗത്തുള്ള സതര്‍ലന്‍ഡ് ഷൈറിലാണ് അഹമ്മദ് ഭാര്യയ്ക്കും രണ്ടു കുട്ടികള്‍ക്കുമൊപ്പം താമസിക്കുന്നത്. ചെറിയൊരു പഴക്കട നടത്തുകയാണ് അഹമ്മദ്.
advertisement
ആക്രമണ സമയത്തെ അഹമ്മദിന്റെ ഇടപെടല്‍ മറ്റുള്ളവരെ സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ സഹജവാസനയില്‍ നിന്ന് ഉണ്ടായതാണെന്ന് അദ്ദേഹത്തിന്റെ കുടുംബം സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡിനോട് പറഞ്ഞു. തോക്കുധാരികളായ അക്രമിയുമായുള്ള ഏറ്റുമുട്ടലില്‍ അഹമ്മദിന് കൈയില്‍ രണ്ട് തവണ വെടിയേറ്റതായി അദ്ദേഹത്തിന്റെ ബന്ധു മുസ്തഫ അറിയിച്ചു. പിന്നീട് അഹമ്മദിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായും അദ്ദേഹം അറിയിച്ചു. അഹമ്മദ് സുഖമായിരിക്കുന്നുവെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുസ്തഫ മാധ്യമങ്ങളോട് പറഞ്ഞു.
അഹമ്മദ് 100 ശതമാനവും ഒരു ഹീറോ ആണെന്നാണ് 7ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. അഹമ്മദിന്റെ കഥ വൈറലായതോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തി. "ഓസ്‌ട്രേലിയയില്‍ വളരെ ധീരനായ ഒരു വ്യക്തി അക്രമികളില്‍ നിന്ന് നിരവധി ജീവനുകള്‍ സംരക്ഷിച്ചു. ഗുരുതരമായി പരിക്കേറ്റ് അദ്ദേഹം ഇപ്പോള്‍ ആശുപത്രിയിലാണ്. അദ്ദേഹത്തോട് വലിയ എനിക്ക് വലിയ ബഹുമാനം തോന്നുന്നു", ട്രംപ് പറഞ്ഞു.
അഹമ്മദിന്റെ മറ്റൊരു ബന്ധു ജോസയ് അല്‍കഞ്ച് സംഭവം നടന്നപ്പോഴുള്ള ഭയാനകമായ നിമിഷങ്ങളെ കുറിച്ച് വിവരിച്ചു. ഞായറാഴ്ച ബോണ്ടിയില്‍ അല്‍കഞ്ചുമായി കാപ്പി കുടിച്ചിരിക്കുമ്പോഴാണ് സംഭവം നടന്നത്. താന്‍ മരിക്കാന്‍ പോകുകയാണെന്നും ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഇറങ്ങിയതാണെന്ന് തന്റെ കുടുംബത്തോട് പറയണമെന്നും അല്‍കഞ്ചിനോട് പറഞ്ഞാണ് അഹമ്മദ് അക്രമികളെ നേരിടാനായി ഇറങ്ങിയത്. അക്രമിയെ നേരിട്ട് അഹമ്മദ് അയാളില്‍ നിന്ന് തോക്ക് പിടിച്ചെടുത്തതായും അല്‍കഞ്ച് വിശദമാക്കി. സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് പിന്നില്‍ ഒളിച്ചാണ് അഹമ്മദ് അക്രമിയെ നേരിട്ടത്. തോക്ക് പിടിച്ചെടുത്ത ശേഷം അയാള്‍ക്ക് നേരെ തോക്ക് ചൂണ്ടി. എന്നാല്‍ സമീപത്ത് മറ്റൊരു അക്രമി ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം തോക്ക് താഴെവച്ച് താന്‍ അവര്‍ക്ക് ഒരു ഭീഷണിയല്ലെന്ന് സൂചിപ്പിക്കാന്‍ കൈകള്‍ മേലോട്ട് ഉയര്‍ത്തി.
അഹമ്മദിന്റെ പ്രവൃത്തിയെ ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സും പ്രശംസിച്ചു. അദ്ദേഹത്തിന്റെ ധീരതയുടെ ഫലമായി ഇന്ന് നിരവധിയാളുകള്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് മിന്‍സ് പറഞ്ഞു.
ബോണ്ടി ബീച്ചില്‍ യഹൂദരുടെ ആഘോഷത്തിനു നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ സ്വദേശിയായ അച്ഛനും മകനുമാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളിൽ ഒരാള്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. മറ്റൊരാൾ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളില്‍ ഒരാളെ കുറിച്ച് ആറ് വര്‍ഷം മുമ്പ് ഓസ്‌ട്രേലിയന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ക്ക് ഐഎസ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്.
16 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 42 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 1,000ത്തോളം പേര്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി ബോണ്ടി ബീച്ചിൽ എത്തിയിരുന്നു.
