ANI റിപ്പോർട്ട് അനുസരിച്ച്, അഫ്ഗാൻ ജനതയ്ക്ക് മാനുഷിക സഹായമായി അമേരിക്ക നൽകിയ ഫണ്ട് ഉപയോഗിച്ചാണ് താലിബാൻ ചൈനയിൽനിന്ന് ഡ്രോണുകൾ വാങ്ങുന്നത്. വിദ്യാഭ്യാസത്തിന് സബ്‌സിഡി നൽകുന്നതിനോ അഫ്ഗാനിസ്ഥാന്റെ വികസനത്തിനോ പണം ഉപയോഗിക്കുന്നതിനോപകരം, താലിബാൻ ചൈനയിൽ നിന്ന് ബ്ലോഫിഷ് ഡ്രോണുകൾ വാങ്ങാനാണ് നീക്കം നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിനായാണ് ഡ്രോൺ വാങ്ങുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം.
19 ഫോർട്ടിഫൈവ് ചാനൽ റിപ്പോർട്ട് അനുസരിച്ച്, ചൈന താലിബാന് നൽകുന്ന ബ്ലോഫിഷ് ഡ്രോണുകൾ ഭീകരവാദപ്രവർത്തനത്തിന് ഉപയോഗിച്ചേക്കാമെന്ന് യുഎസ് പ്രതിരോധ വകുപ്പ് ഇതിനകം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അൽ ഖ്വയ്‌ദയുമായുള്ള താലിബാന്റെ ബന്ധമാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. ഐഎസിനെതിരെ ഉപയോഗിക്കാൻ വാങ്ങുന്ന ഡ്രോൺ അൽ-ഖ്വയ്ദയുടെ കൈവശമെത്തുമോയെന്നാണ് അമേരിക്ക സംശയം പ്രകടിപ്പിക്കുന്നത്.
advertisement
അടുത്തിടെ കാബൂളിലെ ചൈനീസ് പൗരന്മാർ താമസിച്ചിരുന്ന ഹോട്ടലിൽ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ (ISKP) നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽകൂടിയാണ് ചൈന താലിബാന് ആധുനിക ആയുധങ്ങൾ നൽകുന്നതെന്ന് ‘ദി ട്രബിൾഡ് ട്രയാംഗിൾ: യുഎസ്-പാകിസ്ഥാൻ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് സഫർ ഇഖ്ബാൽ യൂസഫ്‌സായി പറയുന്നു.
ഈ മാസം ആദ്യം, വടക്കൻ അഫ്ഗാനിസ്ഥാനിലെ അമു ദര്യ തടത്തിൽ എണ്ണ ഖനനം സാധ്യമാക്കാൻ ഒരു ചൈനീസ് കമ്പനിയുമായി താലിബാൻ കരാളിലെത്തിയതിനെ വിമർശിച്ച് പാശ്ചാത്യ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. 500 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെക്കുന്ന ചടങ്ങ് ജനുവരി 5 ന് അഫ്ഗാനിസ്ഥാനിലെ ചൈനീസ് പ്രതിനിധി വാങ് യുവിന്റെയും സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള ഉപപ്രധാനമന്ത്രി അബ്ദുൾ ഗനി ബരാദർ ഉൾപ്പെടെയുള്ള ഉയർന്ന താലിബാൻ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് നടന്നത്.
“2021-ൽ അഫ്ഗാനിസ്ഥാൻ ഭരണം ഏറ്റെടുത്തതിന് ശേഷമുള്ള താലിബാന്റെ ആദ്യത്തെ പ്രധാന ഊർജ്ജ നിക്ഷേപ കരാറാണിത്. ഇസ്ലാമിക് എമിറേറ്റിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന തന്ത്രപരമായ താൽപ്പര്യണ് ഇത് കാണിക്കുന്നതെന്ന് അമേരിക്കൻ നിരീക്ഷകർ പറയുന്നു.