അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന് വനിതാമാധ്യമ പ്രവർത്തകരെ ഒഴിവാക്കിയ നിലപാട് തിരുത്തി താലിബാൻ. വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയതിൽ നിരവധി കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. മുത്തഖി ഞായറാഴ്ച നടത്തുന്ന് വാർത്താ സമ്മേളനത്തിൽ വനിതാ മാധ്യമ പ്രവർത്തകരെയും ക്ഷണിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി വ്യാഴാഴ്ച ന്യൂഡൽഹിയിലെത്തിയ മുത്തഖി, തന്റെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയതിനെ തുടർന്ന് കടുത്ത വിമർശനമാണ് നേരിട്ടത്.ആമിർ ഖാൻ മുത്തഖി ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതിനെ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും ഇന്ത്യൻ വനിതാ പ്രസ് കോർപ്‌സും (ഐഡബ്ല്യുപിസി) വിമർശിച്ചു. വിവേചനപരവും ന്യായീകരിക്കാനാവാത്തതുമാണ് നടപടി എന്നായിരുന്നു വിമർശനം. ഇത്തരം ഒഴിവാക്കലുകൾ ആവർത്തിക്കാതിരിക്കാൻ അഫ്ഗാൻ എംബസിയിൽ ഈ വിഷയം ഉന്നയിക്കണമെന്ന് ഐഡബ്ല്യുപിസി ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
advertisement
എന്നാൽ വനിതാ മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയതിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യക്തമാക്കി.