1998-ലാണ് അക്രം ഇന്ത്യ വിട്ടതെന്നും അതിനു മുമ്പുവരെ അയാള്‍ക്കെതിരെ എന്തെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായുള്ള യാതൊരു പ്രതികൂല രേഖകളും ഇല്ലെന്നും പോലീസ് പറഞ്ഞു. സാജിദ് അക്രമും അയാളുടെ 24-കാരനായ മകന്‍ നവീദും ചേര്‍ന്നാണ് ജൂത ആഘോഷത്തിനു നേരെ വെടിയുതിര്‍ത്തത്. ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 42 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവസ്ഥലത്തുതന്നെ സാജിദ് അക്രം വെടിയേറ്റ് മരിച്ചിരുന്നു. മകന്‍ നവീദ് പരിക്കേറ്റ് ചികിത്സയിലാണ്. ആക്രമണത്തിന്റെ സ്വഭാവവും ലക്ഷ്യവും അനുസരിച്ച് ഇതൊരു ഭീകരാക്രമണമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎസ് പ്രത്യയശാസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് അക്രമികള്‍ പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
advertisement
27 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറി
ഹൈദരാബാദില്‍ നിന്നും ബി.കോം ബിരുദം പൂര്‍ത്തിയാക്കിയ അക്രം ഏകദേശം 27 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. 1998 നവംബറില്‍ ജോലി തേടിയാണ് അദ്ദേഹം ഓസ്‌ട്രേലിയയില്‍ എത്തിയത്. പിന്നീട് യൂറോപ്യന്‍ വംശജയായ വെനേര ഗ്രോസോയെ വിവാഹം കഴിച്ച് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കി.
ഇവര്‍ക്ക് ഒരു മകനും മകളുമാണുള്ളത്. മക്കള്‍ രണ്ട് പേരും ഓസ്‌ട്രേലിയയില്‍ ജനിച്ചുവളര്‍ന്ന ഓസ്‌ട്രേലിയന്‍ പൗരന്മാരാണ്. സാജിദ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശം വച്ചിരുന്നതായും പോലീസ് പറയുന്നു.
27 വർഷത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചത് ആറ് തവണ മാത്രം
ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയതിനുശേഷം കഴിഞ്ഞ 27 വര്‍ഷത്തിനുള്ളില്‍ ആറ് തവണ അക്രം ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഇക്കാലയളവില്‍ ഹൈദരാബാദിലുള്ള തന്റെ കുടുംബവുമായി അക്രം പരിമിതമായ ബന്ധം മാത്രമാണ് പുലര്‍ത്തിയിരുന്നത്.
കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ആറ് തവണയും അയാള്‍ ഇന്ത്യയിലെത്തിയത്. പ്രധാനമായും സ്വത്തുക്കളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടിയും പ്രായമായ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ വേണ്ടിയുമായിരുന്നു ഈ സന്ദര്‍ശനങ്ങള്‍. എന്നാല്‍ പിതാവിന്റെ മരണസമയത്ത് അദ്ദേഹം ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടില്ലെന്നാണ് ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം.
അദ്ദേഹത്തിന്റെ തീവ്ര ചിന്താഗതിയെ കുറിച്ചോ പ്രവര്‍ത്തനങ്ങളെ കുറിച്ചോ അദ്ദേഹത്തെ ഇതിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചോ കുടുംബാംഗങ്ങള്‍ക്ക് യാതൊരു അറിവുമില്ല. ഇത്തരം കാര്യങ്ങള്‍ക്ക് ഇന്ത്യയുമായോ പ്രാദേശിക സ്വാധീനവുമായോ യാതൊരു ബന്ധവുമില്ലെന്ന് തോന്നുന്നതായും തെലങ്കാന പോലീസ് വ്യക്തമാക്കി.
അന്വേഷണത്തില്‍ ആവശ്യമുള്ളപ്പോഴെല്ലാം കേന്ദ്ര ഏജന്‍സികളുമായും സഹപ്രവര്‍ത്തകരുമായും സഹകരിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും തെലങ്കാന പോലീസ് അറിയിച്ചിട്ടുണ്ട്. സ്ഥിരീകരിക്കാത്ത വസ്തുതകളല്ലാത്ത വിവരങ്ങളും ഊഹാപോഹങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോടും മാധ്യമങ്ങളോടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്രമണത്തെ ശക്തമായി അപലപിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അദ്ദേഹം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
"ജൂതന്മാരുടെ ഹനുക്ക ആഘോഷത്തിന്റെ ആദ്യ ദിവസം ആഘോഷിക്കാനെത്തിയ ആളുകളെ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ദുഃഖത്തിന്റെ ഈ നിമിഷത്തില്‍ ഓസ്‌ട്രേലിയയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ഇന്ത്യയ്ക്ക് ഭീകരതയോട് ഒരു വിട്ടുവീഴ്ചയുമില്ല. തീവ്രവാദത്തിന്റെ എല്ലാ രൂപങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരായ എല്ലാ പോരാട്ടങ്ങളെയും പിന്തുണയ്ക്കുന്നു", മോദി എക്‌സില്‍ കുറിച്ചു.
