ഭാവിയില്‍ കഞ്ചാവ് ഒരു മയക്കുമരുന്നായി കണക്കാക്കുമെന്ന് ആരോഗ്യമന്ത്രി സോംസാക് തെപ്‌സുതിന്‍ ജൂണ്‍ 24ന് അറിയിച്ചു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ റോയല്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച കഴിഞ്ഞാല്‍ നിയമമാകും.
ഭരണസഖ്യത്തിലെ രാഷ്ട്രീയ അസ്ഥിരതയാണ് ഈ നയമാറ്റത്തിന് കാരണം. ഭരണസഖ്യത്തിലെ കക്ഷിയായിരുന്ന ഭുംജൈതായ് പാര്‍ട്ടി കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കംബോഡിയയുമായുള്ള അതിര്‍ത്തി തര്‍ക്കം പ്രധാനമന്ത്രി പെയ്‌ടോംഗ്ടാണ്‍ കൈകാര്യം ചെയ്ത രീതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച അവര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.
കഞ്ചാവ് വ്യവസായത്തില്‍ അനിശ്ചിതത്വം
advertisement
വിനോദത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നത് കുറ്റകൃത്യമല്ലാതാക്കി മാറ്റി മൂന്ന് വര്‍ഷത്തിന് ശേഷമാണ് പുതിയ മാറ്റം എന്നതാണ് ശ്രദ്ധേയം. 2022ല്‍ നിലവിൽ വന്ന നിയമത്തിൽ കഞ്ചാവ് ഉപയോഗത്തിന് നിയന്ത്രണ ചട്ടക്കൂട് ഒന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് രാജ്യത്തുടനീളം കഞ്ചാവുമായി ബന്ധപ്പെട്ട ബിസിനസുകള്‍ വളര്‍ന്നുവന്നു. പതിനായിരക്കണക്കിന് ഡിസ്പന്‍സറികളാണ് തുറന്നത്. രാജ്യത്തെ ടൂറിസം കേന്ദ്രങ്ങളായ ബാങ്കോക്ക്, പട്ടായ, ചിയാംഗ് മായ് തുടങ്ങിയ ഇടങ്ങളില്‍ വ്യവസായം തഴച്ചു വളർന്നു.
വിനോദ, മെഡിക്കല്‍ മേഖലകൾ ഉള്‍പ്പെടെയുള്ള കഞ്ചാവ് വ്യവസായത്തിന്റെ മൂല്യം 2025 ആകുമ്പോഴേക്കും 1.2 ബില്ല്യണ്‍ ഡോളറിലെത്തുമെന്ന് തായ്‌ലാന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് മുമ്പ് പറഞ്ഞിരുന്നു.
കഞ്ചാവ് ഉപയോഗത്തിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്താത്തത് ഗുരുതമായ സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്തവരെ ബാധിക്കുന്നതായും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ''മെഡിക്കല്‍ ഉപയോഗത്തിനായി മാത്രം കഞ്ചാവ് നിയന്ത്രിക്കുക എന്ന യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് നയം മാറ്റണം,'' സര്‍ക്കാര്‍ വക്താവായ ജിരായു ഹൗങ്‌സുബ് പ്രസ്താവനയില്‍ അറിയിച്ചു.
നയമാറ്റത്തിനെതിരേ കഞ്ചാവ് വ്യവസായികള്‍
നയത്തില്‍ പെട്ടെന്നുണ്ടായ മാറ്റത്തില്‍ കഞ്ചാവ് വ്യവസായത്തിലെ തൊഴിലാളികളും ബിസിനസ് ഉടമകളും ആശങ്ക പ്രകടിപ്പിച്ചു. ''ഇതാണ് എന്റെ പ്രധാന വരുമാന സ്രോതസ്സ്. പല വ്യവസായികളും ഈ മേഖലയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അതിനാല്‍ പെട്ടെന്നുള്ള നയമാറ്റത്തില്‍ അവര്‍ ഞെട്ടലലിലാണ്,'' ബാങ്കോക്കിലെ ഒരു കച്ചവടക്കാരന്‍ പറഞ്ഞതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
രാഷ്ട്രീയ ഇടപെടലുകള്‍ മൂലം വ്യവസായം സ്തംഭിച്ചിരിക്കുകയാണെന്ന് ദീര്‍ഘകാലമായി കഞ്ചാവിന് വേണ്ടി വാദിക്കുന്ന ചോക് വാന്‍ കിറ്റി ചോപാക പറഞ്ഞു. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ കഞ്ചാവ് വില്‍പ്പന കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.